തലശ്ശേരി: ഭാരതം കാലങ്ങളായി പിന്തുടര്ന്നു വന്നത് വിശാലമായ സത്യാന്വേഷണ സംവിധാനമാണെന്നും ഇത്രയും മഹത്തായ ഒരു സംവിധാനം മറ്റൊരിടത്തും കാണാനാകില്ലെന്നും ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി പറഞ്ഞു. തലശ്ശേരിയില്‍ തപസ്യ സഞ്ജയന് സ്മാര പുരസ്കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാര്‍ഗ്ഗമാണ് കാലങ്ങളായി തപസ്യയും പിന്തുടര്ന്ന് വരുന്നത്.
ഭാരത സംസ്കാരത്തിന്റെ മഹത്വം സ്വീകാര്യതയാണ്. നമുക്ക് ഇഷ്ടപ്പെടാത്തതും യോജിക്കാത്തതുമായ ചിന്തകളെപ്പോലും സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേത്. അഭിപ്രായ വ്യത്യാസം ഉണ്ടായാലും ഇല്ലെങ്കിലും സത്യസന്ധമായ വ്യക്തിചിന്തകളെ ഉള്‍ക്കൊണ്ട പാരമ്പര്യമാണ് നമ്മുടേത്. ഭാരതീയ സംസ്കാരം വെച്ചു പുലര്‍ത്തുന്ന ചിന്താ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ്. നല്ല ചിന്തകളും നല്ല വിചാരങ്ങളും ഏതു ഭാഗത്തു നിന്നും ഉണ്ടായാലും അവയെല്ലാം സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഇത് പുതിയതല്ല, വേദകാലം തൊട്ടേ ഉള്ളതാണ്. ബുദ്ധിയുടെ ഔദാര്യമല്ല, സത്യത്തിന്റെ ആത്മീയമായ പോക്കായിരുന്നു അത്. നല്ല ജീവിതം എങ്ങനെ, നല്ല ഭരണം എങ്ങനെ നടത്തണമെന്ന് ഭാരതീയ സാംസ്കാരിക ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ആകാശത്തില്‍ അനവധി പക്ഷികള്‍ പറന്നുകൊണ്ടേയിരിക്കും. അറിവുള്ളവരുടെ മാര്‍ഗ്ഗങ്ങള്‍ ഇതുപോലെയാണ്. അനന്തമായ കടലില്‍ പല മത്സ്യങ്ങള്‍ പല വഴിയേ സഞ്ചരിക്കുന്നു. സ്വച്ഛന്ദം സഞ്ചരിക്കാനുള്ള അവകാശം, നിര്‍ഭയവും നിശബ്ദവുമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: