തിരുവനന്തപുരം: ഓപ്പണ്‍ സ്കൂളില്‍ നിയമാനുസൃതം നിയമിച്ച 65 ജീവനക്കാരെയും കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുന്നില്ല. രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പ്ലസ്ടു പഠനം വഴിമുട്ടിയിട്ടും പ്രശ്നം പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കൂട്ടാക്കുന്നില്ലെന്ന് ആരോപണം. പിരിച്ചുവിട്ട ജീവനക്കാര്‍ എസ്സിഇആര്ടി ഓഫീസിന് മുമ്പില്‍ സത്യാഗ്രഹം നടത്തുമ്പോള്‍ പിന്‍വാതില്‍ നിയമനം നടത്താനാണ് എസ്സിഇആര്ടി ഡയറക്ടറും ഓപ്പണ്‍ സ്കൂള്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററും കരുക്കള്‍ നീക്കുന്നത്. ഇതിന് പിന്നില്‍ വന്‍കോഴ ഇടപാടും വിലപേശലുമാണ് അണിയറിയില്‍ നടക്കുന്നത്. 65 ജീവനക്കാരുടെ ജീവിതവും രണ്ട് ലക്ഷത്തോളം ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയും പെരുവഴിയിലായിട്ടും വിദ്യാഭ്യാസ മന്ത്രി പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
വിവിധ ജില്ലകളില്‍ നിന്നും പഠനാവശ്യങ്ങള്‍ക്കും മറ്റുമായി എത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വ്യാഴാഴ്ചയും നിരാശരായി മടങ്ങി. ഡപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആറ് പേര് മാത്രമാണ് ഇവിടെയുള്ളത്. ഇവരില്‍ ചിലര്‍ക്ക് എസ്എസ്എല്‍സി യോഗ്യത മാത്രമാണുള്ളത്. എസ്എസ്എല്‍സിക്കാരെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ ചുമതലപ്പെടുത്തിയതിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമാണ്. ജീവനക്കാര്‍ സമരത്തിലാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. കൂട്ട പിരിച്ചുവിടലിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം ചെയ്യുന്നതെന്ന വിവരം അധികൃതര്‍ മറച്ചുവയ്ക്കുന്നു.
ഒന്നും രണ്ടും വര്‍ഷ പരീക്ഷയുടെ വിജ്ഞാപനവും ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഓപ്പണ്‍ സ്കൂള്‍ മുഖേന പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് രജിസ്ട്രേഷനും നിര്‍ത്തി. ജിവനക്കാരുടെ സമരം ഒത്തുതീര്‍ക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും നിര്‍ദേശം ലഭിച്ചില്ലെന്നാണ് എസ്സിഇആര്ടി ഡയറക്ടര്‍ ഡോ കെ.എ ഹാഷീം പറയുന്നത്. കഴിഞ്ഞ ദിവസം മന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് തീരുമാനിക്കുമെന്നാണ് ഡയറക്ടറുടെ നിലപാട്. പിരിച്ചുവിട്ട ജീവനക്കാരെ മുഴുവന്‍ തിരിച്ചെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ പിന്‍വാതില്‍ നിയമനം നടത്തുന്നതിന് പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ചില ഉദ്യോഗാര്‍ത്ഥികള്‍ ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസ് വെള്ളിയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: