കണ്ണൂര്‍: ജനകീയ മേളകളെന്നാണ് സര്‍ക്കാര്‍ മേളകളെ വിശേഷിപ്പിക്കാറ്. ശാസ്ത്ര-കായിക-കലാ മേളകള്‍ പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ ഉത്സവമായാണ് കൊണ്ടാടാറുള്ളതും. ശാസ്ത്രം ജനങ്ങളിലേക്കെത്തിക്കുന്ന അവസരമാണ് ശാസ്ത്രമേളകളും. എന്നാല്‍ മേളയുടെ ജനകീയത ചോദ്യം ചെയ്യപ്പെടുന്ന സംഭവവികാസങ്ങളും ഇത്തവണ അരങ്ങേറി.
നാല് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയില്‍ ജനപ്രതിനിധികളെ കണ്ടത് ഉദ്ഘാടന പരിപാടിക്ക് മാത്രം. മേള നടക്കുന്ന വേദികളിലൊന്നും മന്ത്രിയോ എംഎല്‍എമാരോ മറ്റ് ജനപ്രതിനിധികളോ സന്ദര്‍ശനം നടത്തിയില്ല. ഒരു വാര്‍ഡ് മെമ്പര്‍ പോലും കുട്ടികളുടെ കഴിവുകള്‍ നേരിട്ട് കാണാന്‍ എത്തിയില്ലെന്നാണ് സംഘാടകസമിതിയിലെ ഒരംഗം രോഷത്തോടെ പ്രതികരിച്ചത്.
സമകാലിന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമായാണ് മത്സരാര്‍ത്ഥികള്‍ മേളയ്ക്കെത്തിയത്. കണ്ടുപിടുത്തങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നതും. ഇത് പ്രായോഗിക തലത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യവുമാണ്. എന്നാല്‍ ശാസ്ത്രോത്സവത്തിന്റെ ചരിത്രത്തിലിന്നുവരെ മന്ത്രിമാര്‍ വേദികളിലെത്താറില്ല. ഉദ്ഘാടനത്തിനും സമാപനത്തിനുമാണ് ജനപ്രതിനിധികള്‍ എത്തുന്നത്.
എല്ലാ വര്‍ഷവും വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ളവരെ മേള സന്ദര്‍ശിക്കാന്‍ ക്ഷണിക്കാറുണ്ടെന്ന് അധ്യാപക സംഘടനാ നേതാക്കള്‍ പറഞ്ഞു. മന്ത്രിമാരും എംഎല്‍എമാരും എത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകരും. എന്നാല്‍ ജനപ്രതിനിധികള്‍ക്ക് ആ ആവേശമില്ല. പ്രോത്സാഹനവുമായി മത്സരവേദികളില്‍ നേരിട്ടെത്താന്‍ അവര്‍ ശ്രമിക്കാറുമില്ല. ജനകീയമേളയെന്ന വിശേഷണത്തിന് അപവാദമാവുകയാണ് ഇവരുടെ മനോഭാവം.
ജനപ്രതിനിധികള്‍ക്ക് പുറമേ വകുപ്പ് തലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇത്തരം മേളകള്‍ അലര്‍ജിയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉദ്ഘാടന ചടങ്ങില്‍ പോലും പങ്കെടുത്തിട്ടില്ല. കയ്യടികള്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനവും വാഗ്ദാനങ്ങളുമല്ലാതെ ആത്മാര്‍ത്ഥമായ പരിശ്രമമില്ലെന്നാണ് ആക്ഷേപമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: