Categories: Kerala

പക്ഷി നിരീക്ഷണം സലീഷിനെയും അഞ്ജലിയെയും എത്തിച്ചത്‌ ജലമലിനീകരണത്തിന്റെ തോത്‌ കണ്ടെത്തുന്നതില്‍

Published by

കണ്ണൂര്‍: പക്ഷി നിരീക്ഷണം കൊയിലാണ്ടി ജിഎം എച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥികളായ കെ.സലീഷിനെയും എം.എം.അഞ്ജലിയെയും എത്തിച്ചത്‌ ജലമലിനീകരണത്തിന്റെ തോത്‌ കണ്ടെത്തുന്നതില്‍. ഇരുവരും ചേര്‍ന്ന്‌ കഴിഞ്ഞ 8 വര്‍ഷമായി നടത്തിവരുന്ന പഠനം അപ്പീലുമായി വന്ന്‌ കണ്ണൂരില്‍ നടന്ന ശാസ്ത്രമേളയില്‍ പ്രോജക്ടായി അവതരിപ്പിക്കുകയും എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. കോഴിക്കോട്‌ നിന്ന്‌ ഒന്നാം സ്ഥാനവുമായെത്തിയ പ്രോജക്ടിനെ ഗവേഷണാത്മക പ്രോജക്ട്‌ ഇനങ്ങളുടെ മത്സരത്തില്‍ 28-ാ‍ം സ്ഥാനത്തേക്ക്‌ തള്ളിക്കൊണ്ടാണ്‌ സലീഷ്‌-അഞ്ജലി കൂട്ടുകെട്ട്‌ അവതരിപ്പിച്ച പ്രോജക്ട്‌ മികച്ച സ്ഥാനം കണ്ടെത്തിയത്‌.

ദേശാടന പക്ഷികള്‍ എന്തുകൊണ്ട്‌ നമ്മുടെ നാട്ടിലെത്തി പെട്ടെന്ന്‌ മടങ്ങുന്നുവെന്നും ചില കാലങ്ങളില്‍ ഇത്തരം പക്ഷികള്‍ ഇങ്ങോട്ട്‌ വരാത്തതെന്ത്‌ തുടങ്ങിയ അന്വേഷണത്തിനോടുവിലാണ്‌ ദേശാടനപക്ഷികള്‍ മാത്രമല്ല ജലജന്യജീവികള്‍ എല്ലാം തന്നെ വെള്ളത്തിന്റെ മലിനീകരണം കാരണം ആവാസവ്യവസ്ഥയില്‍ നിന്ന്‌ അന്യം നില്‍ക്കാന്‍ കാരണമാകുന്നതായി കണ്ടെത്തിയത്‌. ഭക്ഷണത്തിനും പ്രത്യുല്‍പ്പാദനത്തിനും ശാന്തമായ കാലാവസ്ഥ തേടിയുമെത്തുന്ന ദേശാടനപക്ഷികള്‍ ഭക്ഷണത്തിലും ജലാംശത്തിലും ആവശ്യമായ ഓക്സിജനടക്കമുള്ള ഘടകങ്ങള്‍ മലിനീകരണത്തിന്റെ ഭാഗാമായി കുറഞ്ഞതിനാല്‍ ഇവ ഉപേക്ഷിക്കുകയും സ്വന്തം നാടുകളിലേക്ക്‌ തിരിച്ചുപോവുന്നതായും കണ്ടെത്തി. ഇത്തരം ദേശാടനപക്ഷികള്‍ എത്താറുള്ള സ്ഥലങ്ങളില്‍ ജലം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച്‌ മാനേജ്മെന്റ്‌ പരിശോധിച്ച റിപ്പോര്‍ട്ടില്‍ ജലം മലിനീകരണത്തിന്റെ ഭീകരതയടങ്ങിയ റിപ്പോര്‍ട്ടും പ്രോജക്ടിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്‌.

ഭൂമിയില്‍ ഒരു ജീവിയും ചെറുതല്ലെന്നും ജലജന്യജീവികളായ ചെറുമാക്രികള്‍, വെള്ളത്തിനടിയില്‍ പറ്റിക്കിടക്കുന്ന ചെറുമത്സ്യങ്ങള്‍, ആമകള്‍, സസ്യലതാദികള്‍ ഇവയെല്ലാം ഇന്നത്തെ അതേ രീതിയില്‍ മലിനീകരണവുമായി സമൂഹം മുന്നോട്ടുപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമുഖത്ത്‌ നിന്ന്‌ അപ്രത്യക്ഷമാവുമെന്നും ഇത്‌ ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്നും ഇതിനെല്ലാം ശാശ്വത പരിഹാരം തരിശുഭൂമികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഭൂമികളും കൃഷിയോഗ്യമാക്കുകയും കുമ്മായം പോലുള്ള വസ്തുക്കള്‍ മണ്ണിലും പാടത്തും വിതറി പിടിപ്പിച്ച്‌ മൂല്യം വര്‍ദ്ധിപ്പിച്ച്‌ ഭൂമിയെ മാലിന്യമുക്തമാക്കാമെന്നും പ്രോജക്ട്‌ വ്യക്തമാക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by