കോഴിക്കോട്: നാടക കലാകാരിയും ചലച്ചിത്ര നടിയുമായിരുന്ന കോഴിക്കോട് തിരുത്തിയാട് വിലാസിനി അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്കാരം തിരുത്തിയാട് ശ്മശാനത്തില്‍ നടന്നു.
കെ ടി മുഹമ്മദിന്റെ കളിത്തോക്ക് എന്ന നാടകത്തിലൂടെ നാടക ലോകത്തേക്കും അഭിനയത്തിലേക്കും രംഗ പ്രവേശം. പിന്നീടങ്ങോട്ട് അറുപതിലധികം നാടകങ്ങളിലൂടെ കോഴിക്കോട്ടെ നാടക വേദികളിലെ നിറ സാന്നിധ്യം. മലബാര്‍ തിയറ്റേഴ്സിന്റെ തറവാട്ടച്ഛന്‍ എന്ന നാടകത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്ത നടിക്കുള്ള സംസ്ഥാന പുരസ്കാരവും വിലാസിനിയെ തേടിയെത്തി.
പതിറ്റാണ്ടുകള്‍ നീളുന്ന കാലം നാടകത്തിനൊപ്പം തന്നെ സഞ്ചരിച്ച വിലാസിനിയുടെ ജീവിതം അവസാന നാളുകളില്‍ ദുരിത പൂര്‍ണ്ണമായിരുന്നു. നാടക സംഘങ്ങളുടെ പ്രതാപം മങ്ങിയതോടെ ജീവിതം മുന്നോട്ടുപോകാനായി ഹോട്ടലുകളിലും മറ്റും തൊഴിലെടുക്കേണ്ടിയും വന്നു. പലേരി മാണിക്യം, ഇന്ത്യന്‍ റുപ്പീ, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
ബാവൂട്ടിയുടെ നാമത്തില്‍ ആയിരുന്നു അവസാന ചിത്രം. മകന് നാടു വിട്ടതിനെത്തുടര്‍ന്ന് മകള്‍ വിജയശ്രീക്കൊപ്പം പുതിയറയിലെ വീട്ടിലായിരുന്നു താമസം. രണ്ടു വര്‍ഷമായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ചികിത്സയിലായിരുന്നു. പഴയകാല നാടക കലാകാരന്മാര് അടക്കമുള്ളവര്‍ വിലാസിനിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: