ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരായ ബാഴ്സലോണക്കും ചെല്‍സിക്കും ഇരുട്ടടി. എഫ്സി ബാസല്‍ 1-0ന് ചെല്‍സിയെ അട്ടിമറിച്ചപ്പോള്‍ ഗ്രൂപ്പ് എച്ചില് അയാക്സാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറിച്ചിട്ടത്. മറ്റ് മത്സരങ്ങളില്‍ ആഴ്സണലും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും എസി മിലാനും മികച്ച വിജയം കരസ്ഥമാക്കി. അത്ലറ്റികോ മാഡ്രിഡും എഫ്സി പോര്‍ട്ടോയും സമനിലയില്‍ കുടുങ്ങി.
ഗ്രൂപ്പ് എച്ചില് ചാമ്പ്യന്‍സ് ലീഗിന്റെ ഏറ്റവും വമ്പന്‍ അട്ടിമറികളിലൊന്നാണ് നടന്നത്. കരുത്തരായ ബാഴ്സലോണയെ അയാക്സ് സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. മത്സരത്തിന്റെ പകുതി സമയത്തോളം 10 പേരുമായി കൡക്കേണ്ടിവന്നിട്ടും അയാക്സിനെ കീഴടക്കാന്‍ നെയ്മറും ഫാബ്രഗസും ഇനിയേസ്റ്റയും സാവിയും ഉള്‍പ്പെട്ട സൂപ്പര്‍താരനിരയ്ക്ക് കഴിഞ്ഞില്ല. 48-ാം മിനിറ്റില്‍ നെയ്മറെ അയാക്സിന്റെ ജോയല്‍ വെല്ട്ടര്മാര് ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ഇതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സാവിയാണ് ബാഴ്സയുടെ ആശ്വാസ ഗോള്‍ നേടിയത്. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ അഭാവം നികത്താന്‍ ബാഴ്സ താരങ്ങള്‍ക്ക് കഴിയാതിരുന്നതാണ് തിരിച്ചടിയായത്. 19-ാം മിനിറ്റില്‍ ടുലാനി സെറോറോയും 41-ാം മിനിറ്റില്‍ ഡാനി ഹോയ്സനുമാണ് അയാക്സിന്റെ ഗോളുകള്‍നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സീരി എ ടീം എസി മിലാന് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെല്‍റ്റികിനെ തകര്‍ത്തു. 12-ാം മിനിറ്റില്‍ കാക, 49-ാം മിനിറ്റില്‍ സപാട്ട, 59-ാം മിനിറ്റില്‍ മരിയോ ബലോട്ടെല്ലി എന്നിവരാണ് മിലാന്റെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഡിസംബര്‍ 11ന് ബാഴ്സലോണ സ്വന്തം തട്ടകത്തില്‍ സെല്റ്റിക്കുമായും മിലാന് അയാക്സുമായും ഏറ്റുമുട്ടും. 5 കളികളില്‍ നിന്ന് 10 പോയിന്റുള്ള ബാഴ്സ ഒന്നാം സ്ഥാനത്തും 8 പോയിന്റുള്ള മിലാന് രണ്ടാമതും 7 പോയിന്റുമായി അയാക്സ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ബാസലിനോട് അപ്രതീക്ഷിത തോല്‍വി നേരിട്ടെങ്കിലും ചെല്‍സിയുടെ നോക്കൗട്ട് റൗണ്ട് പ്രവേശനം ഉറപ്പായി. ഇന്നലത്തെ മത്സരത്തില്‍ 87-ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് നേടിയ ഏകഗോളിനാണ് ബാസല്‍ ചെല്‍സിയെ അട്ടിമറിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്റ്റീവ ബുക്കാറസ്റ്റും എഫ്സി ഷാല്‍ക്കേയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 9 പോയിന്റുമായി ചെല്‍സിയാണ് ഒന്നാമത്. എട്ട് പോയിന്റുള്ള ബാസലും 7 പോയിന്റുള്ള ഷാല്‍ക്കെയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു. ഇതോടെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ അവസാന മത്സരം ഈ മൂന്നുടീമുകള്‍ക്കും നിര്‍ണായകമായി. ഡിസംബര്‍ 11ന് നടക്കുന്ന അവസാന മത്സരത്തില്‍ ചെല്‍സി സ്റ്റീവ ബുക്കാറസ്റ്റിനോടും ബാസല്‍ ഷാല്ക്കേയോടും ഏറ്റുമുട്ടും.
ഗ്രൂപ്പ് എഫില്‍ തകര്‍പ്പന്‍ വിജയവുമായി ആഴ്സണല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെമ്പട മാഴ്സെലെയെ കീഴടക്കി. വില്‍ഷയറിന്റെ ഗോളുകളാണ് ആഴ്സണലിനെ നോക്കൗട്ട് യോഗ്യതയുടെ അടുത്തെത്തിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നപ്പോളിയുമായി വന്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ മാത്രം മതി ആഴ്സണലിന് അവസാന 16-ല്‍ ഇടംപിടിക്കാന്‍. മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് നപ്പോളിയെ കീഴടക്കി നോക്കൗട്ട് സാധ്യത വര്‍ദ്ധിപ്പിച്ചു. അവസാന മത്സരത്തില്‍ മാഴ്സെലെയാണ് ബൊറൂസിയയുടെ എതിരാളി.ഗ്രൂപ്പ് ജിയില്‍ നേരത്തെതന്നെ അവസാന 16-ല്‍ ഇടംപിടിച്ച അത്ലറ്റികോ മാഡ്രിഡ് ഇന്നലെ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗുമായി ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ എഫ്സി പോര്‍ട്ടോയും ആസ്ട്രിയ വിയന്നയും തമ്മിലുള്ള പോരാട്ടവും 1-1ന് തുല്യത പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: