പ്രത്യയശാസ്ത്രപ്രശ്നങ്ങളൊന്നും പാലക്കാട് പ്ലീനത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം നേരത്തെ വന്നുകഴിഞ്ഞു. പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ ചരിത്രപരമാണെന്നും കേവലം സംഘടനാപരമായി പരിഹരിക്കാന്‍ കഴിയുന്നതല്ല അതെന്നും വ്യക്തമാണ്. പ്രത്യയശാസ്ത്രത്തെ പടിക്കുപുറത്തുനിര്‍ത്തി സംഘടനാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് വെറുമൊരു അനുഷ്ഠാനമായി മാറും. എന്നിട്ടും പ്രത്യയശാസ്ത്ര പ്രശ്നങ്ങളുടെ ചര്‍ച്ചക്കില്ലെന്ന നിലപാട് ഒരുതരം ശാഠ്യമാണ്. ഇത്തരമൊരു അവസ്ഥയില്‍ ഇടതുപാര്‍ട്ടികളെ പൊതുവെയും സിപിഎമ്മിനെ പ്രത്യേകിച്ചും എത്തിച്ചതിന് കൃത്യമായി ചില കാരണങ്ങള്‍ കണ്ടത്താന്‍ കഴിയും.
സോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലേയും സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയോടെ ഒരു പ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് അസ്തമിച്ചു പോയ മാര്‍ക്സിസത്തിന് ഈ തകര്‍ച്ചയ്ക്ക് ശേഷമുള്ള രണ്ടരപ്പതിറ്റാണ്ടിനിടെ സാര്‍വദേശീയമായി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായിട്ടില്ല. ഇനിയത് ഉണ്ടാകുമെന്ന് ഗൗരവമായി ചിന്തിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ കരുതുന്നുമില്ല. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ലേബലൊട്ടിച്ച ചില പാര്‍ട്ടികള്‍ പണ്ടത്തെ സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിന്റെയും ഭാഗമായിരുന്ന നാടുകളില്‍ നിലവിലുണ്ടെങ്കിലും ഇവയൊന്നും ജനങ്ങളെ പ്രതിനിധീകരിക്കുന്നതോ അവരുടെ പ്രതീക്ഷകളെ ചുവപ്പണിയിക്കുന്നതോ അല്ല.
ബോറിസ് യെല്സിന്റെ കാലം വരെയുള്ള സോവിയറ്റ് യൂണിയന്റെ സ്ഥാനത്ത് ഇപ്പോള്‍ ചൈനയിലെ ശക്തമായ ഭരണകൂടത്തെയാണ് സിപിഎം പ്രതിഷ്ഠിക്കുന്നത്. എന്നാല്‍ മാര്‍ക്സിസം-ലെനിനിസത്തിന്റെയോ മാവോസേതുങ് ചിന്തയുടെയോ അടിസ്ഥാനത്തിലല്ല ഇന്നത്തെ ചൈനീസ് ഭരണകൂടം നിലനില്‍ക്കുന്നത്. നേരെമറിച്ച് ഇതിനൊക്കെ കടകവിരുദ്ധമായ വിപണി സമ്പദ്വ്യവസ്ഥയെ ആശ്രയിച്ചാണ്.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ കോടീശ്വരന്മാര് പെരുകുന്നതും ഇവര്‍ ചെയ്തുകൂട്ടുന്നതായി പുറത്തുവരുന്ന സഹസ്രകോടികളുടെ അഴിമതികളും സാമ്രാജ്യത്വ മൂലധനം ഭക്ഷിച്ചു ജീവിക്കുന്ന മറ്റൊരു മുതലാളിത്ത രാജ്യം തന്നെയാണ് ചൈനയെന്ന സത്യത്തിന് അടിവരയിടുന്നു.
സോവിയറ്റ് യൂണിയന്റെ അഭാവത്തില്‍ ആദര്‍ശ ഭരണവ്യവസ്ഥയായി അണികള്‍ക്കു മുന്നില്‍ സിപിഎം അവതരിപ്പിക്കുന്നത് ചൈനയെയാണ്. എന്നാല്‍ അധികാരാര്‍ത്തി, അഴിമതി, ധൂര്‍ത്ത്, സദാചാര ഭ്രംശം തുടങ്ങിയവയൊക്കെയാണ് ഇന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും മുഖമുദ്ര. മാവോസേതൂങ്ങിന്റെ നാട്ടിലെ പാര്‍ട്ടിയെ ഗ്രസിച്ചിട്ടുള്ള ഈ തിന്മകള് സിപിഎമ്മിലും ആഴത്തില്‍ വേരോടിയിട്ടുണ്ട്. അഴിമതികളിലും സദാചാര വിരുദ്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന പാര്‍ട്ടി നേതാക്കളെ ന്യായീകരിക്കാനും പാര്‍ട്ടി പദവികളില്‍ നിലനിര്‍ത്തി സംരക്ഷിക്കാനും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേതൃത്വം നല്കുന്ന സിപിഎം കാണിക്കുന്ന വീറും വാശിയും ഒന്നും വേറെ തന്നെയാണ്. സാര്‍വദേശീയവും ദേശീയവുമായ ഈ പശ്ചാത്തലത്തിലാണ് പ്രത്യയശാസ്ത്ര ഭാരമൊന്നുമില്ലാത്ത പാര്‍ട്ടി പ്ലീനം പാലക്കാട്ട് നടക്കുന്നത്.
പിണറായി വിജയന് സെക്രട്ടറിസ്ഥാനത്ത് തുടര്‍ന്ന പത്തുവര്‍ഷക്കാലത്തെ സിപിഎമ്മിന്റെ ചരിത്രമെടുത്താല്‍ പ്രത്യയശാസ്ത്ര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനോ വിലയിരുത്തുന്നതിനോ പരിഹരിക്കുന്നതിനോ പാര്‍ട്ടിക്കായിട്ടില്ലെന്ന് സംശയരഹിതമായി പറയാനാവും. പത്ത് വര്‍ഷംകൊണ്ട് പൂര്‍ണമായും വലതുപക്ഷവത്കരണത്തിന് വിധേയമായ ഒരു പാര്‍ട്ടിയായി പിണറായിയുടെ സിപിഎം മാറിയിരിക്കുന്നു. പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോട് ഒരുതരം അലര്‍ജി തന്നെയാണ് പാര്‍ട്ടിക്കുള്ളത്. കേരളം നേരിടുന്ന, സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ജനപക്ഷത്ത് നില്ക്കാന് പാര്‍ട്ടി തയ്യാറല്ല. മൂലധ ശക്തികള്‍ക്ക് കീഴടങ്ങുന്ന നിലപാടുകളാണ് ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും സിപിഎം സ്വീകരിക്കുന്നത്.
ദേശീയ പാതാ വികസനത്തിലെ ബിഒടി രീതി, ടോള്‍ വിരുദ്ധ സമരങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവയിലൊക്കെ സിപിഎം ജനവിരുദ്ധ പക്ഷത്താണ് നിലയുറപ്പിക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമായിവരികയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ശക്തവും ഫലപ്രദവുമായ ശുപാര്‍ശകള്‍ അടങ്ങുന്ന മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന് സിപിഎം എതിരാണ്. ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകളില്‍ വളരെയധികം വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെയും സിപിഎം എതിര്‍ക്കുകയാണ്. എന്നുമാത്രമല്ല, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് ക്രൈസ്തവ സഭകള്‍ നടത്തുന്ന സമരത്തോടാണ് സിപിഎം കൈകോര്‍ക്കുന്നത്. പാലിയേക്കരയിലെ ടോള്‍വിരുദ്ധ സമരം പോലുള്ള ജനകീയ സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് തികച്ചും സങ്കുചിതമായ മതതാല്‍പ്പര്യം സംരക്ഷിക്കാനുള്ള അക്രമാസക്ത സമരങ്ങള്‍ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. പാര്‍ട്ടി പ്ലീനത്തില്‍ ഇതൊന്നും ചര്‍ച്ച ചെയ്യാനാവില്ലല്ലോ.
വിഭാഗീയത അടക്കമുള്ള സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പാര്‍ട്ടി പ്ലീനം നടക്കുമ്പോള്‍ മുറിച്ചുകടക്കാനാവാത്ത പ്രത്യയശാസ്ത്ര പ്രതിസന്ധിയെയാണ് സിപിഎം നേരിടുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡോ.എം.പി. പരമേശ്വരനും മറ്റും ഉയര്‍ത്തിക്കൊണ്ടുവന്ന ‘നാലാം ലോക’ത്തില്‍നിന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്. ‘നാലാം ലോകവാദ’ത്തിലെ വര്ഗസഹകരണത്തിന്റെയും പങ്കാളിത്ത ജനാധിപത്യത്തിന്റെയും പാതയോട് അന്ന് സിപിഎം ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് അതിനെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു. ഇതിനെതിരെ വര്ഗബഹുജനസംഘടനകളിലൊന്നായ പുരോഗമന കലാസാഹിത്യ സംഘം പ്രൊഫ. എം.എന്‍. വിജയന്റെ നേതൃത്വത്തില്‍ രംഗത്തുവരികയുണ്ടായി. എന്നാലിപ്പോള്‍ സൈലന്റ്വാലി പ്രശ്നത്തിലേതുപോലെ സിപിഎമ്മിന് വിരുദ്ധമായ ഒരു നിലപാട് പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ പരിഷത്ത് സ്വീകരിക്കുകയാണ്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെപ്പോലും സിപിഎം എതിര്‍ക്കുമ്പോള്‍ ആ റിപ്പോര്‍ട്ടിനെക്കാള്‍ കര്‍ക്കശമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് പരിഷത്ത് നിലപാട് എടുക്കുന്നത്. സൈലന്റ്വാലി പ്രശ്നത്തില്‍ അന്തരിച്ച പി. ഗോവിന്ദപ്പിള്ള പാര്‍ട്ടി ലൈന്‍ നിരാകരിച്ച്പരിഷത്തിനെ പിന്തുണച്ചിരുന്നു. ഗാഡ്ഗില്‍ പ്രശ്നത്തില്‍ ഇതുപോലെ സിപിഎമ്മില്‍നിന്ന് പരിഷത്തിന് പിന്തുണ ലഭിക്കുമോ എന്ന് കണ്ടറിയണം. എന്നിരുന്നാലും ഇപ്പോഴത്തെ നിലപാടില്‍ പരിഷത്തിന്റെ നേതൃത്വം ഉറച്ചുനില്‍ക്കുന്ന പക്ഷം അത് സിപിഎമ്മിനെ വെട്ടിലാക്കും.
പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ക്കൊക്കെ അവധി കൊടുത്ത പാലക്കാട് പ്ലീനത്തിന്റെ ലക്ഷ്യം സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കലാണെന്ന് പറയുമ്പോഴും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമാണ് സിപിഎമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍നിന്നും കേരളത്തില്‍നിന്നും ലഭിക്കുന്ന സീറ്റുകള്‍ വച്ചുകൊണ്ട് കോണ്‍ഗ്രസുമായി കൂടുതല്‍ വിലപേശല്‍ നടത്തി കേന്ദ്രത്തില്‍ അധികാര പങ്കാളിത്തം നേടാമെന്നാണ് കാരാട്ടിന്റെ നേതൃത്വം കണക്കുകൂട്ടിയത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയാണ് ബംഗാളില്‍നിന്ന് സിപിഎമ്മിന് ലഭിച്ചത്. ആകെയുള്ള 42 സീറ്റില്‍ വെറും ഒമ്പത്സീറ്റുകൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു. 2004 ലെ തെരഞ്ഞെടുപ്പില്‍ 43 സീറ്റുണ്ടായിരുന്ന സിപിഎം 2009 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലോക്സഭയിലെ കക്ഷിനിലയില്‍ എട്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. പ്രാദേശിക പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ഐക്യജനതാദള്‍ എന്നിവയെക്കാള്‍ പിന്നിലായിപ്പോയി സിപിഎം. തൃണമൂലിനെക്കാള്‍ മൂന്ന് സീറ്റ് കുറഞ്ഞ് പതിനാറ് സീറ്റ് മാത്രമാണ് ഇപ്പോള്‍ സിപിഎമ്മിന് ലോക്സഭയിലുള്ളത്. കേരളത്തില്‍നിന്ന് സിപിഎമ്മിന് ലഭിച്ച നാല് സീറ്റുകൂടി ഇല്ലായിരുന്നുവെങ്കില്‍ ലോക്സഭാ കക്ഷിനില ദയനീയമാകുമായിരുന്നു. നാല് വര്‍ഷത്തിനുശേഷം മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ പശ്ചിമബംഗാളിലെ പാര്‍ട്ടിയുടെ നില 2009 നെ അപേക്ഷിച്ച് ഒന്നുകൂടി പരുങ്ങലിലാണ്. കേരളമാണ് ആകെയുള്ള പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളുള്ള കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് പിടിക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്നമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞുപോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി ആവര്‍ത്തിക്കും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്നും പാര്‍ട്ടി നേതൃത്വം ഒറ്റക്കെട്ടാണെന്നും വരുത്തിത്തീര്‍ക്കേണ്ടതുണ്ട്. ഇതിനുള്ള വേദിയാണ് പാലക്കാട് പ്ലീനം.
പാലക്കാട് നടക്കുന്ന പാര്‍ട്ടി പ്ലീനം പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഒരു മധുരപ്രതികാരത്തിനുള്ളത് കൂടിയാണ്. പാലക്കാട് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പ്രതിയോഗികളെ ഒന്നടങ്കം വെട്ടിനിരത്തി വി.എസ്. അച്യുതാനന്ദന് സിപിഎമ്മില്‍ ആധിപത്യം പിടിച്ചത്. അന്ന് വിഎസിനൊപ്പം നിന്ന പിണറായി പിന്നീട് വിഎസിന്റെ വര്‍ഗശത്രുവായി മാറി എന്നത് ചരിത്രം. വിഎസ് പക്ഷത്തെ വെട്ടിനിരത്തി സര്‍വശക്തനായി മാറിയിരിക്കുന്ന പിണറായി എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസില്‍ പ്രതിയല്ലാതായതോടെ വീണ്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള തിടുക്കത്തിലാണ്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ഇനി ഒരുവട്ടം കൂടി പിണറായിക്ക് സെക്രട്ടറിസ്ഥാനത്ത് തുടരാനാവില്ല. മുഖ്യമന്ത്രിപദവിയാണ് പിണറായി ലക്ഷ്യമിടുന്നത്. ഇതിനായി ഇപ്പോഴേ പാര്‍ട്ടിയെ പരുവപ്പെടുത്തിയെടുക്കുകയെന്നതാണ് പ്രത്യയശാസ്ത്രങ്ങളൊന്നും ചര്‍ച്ചചെയ്യാത്ത പാലക്കാട് പ്ലീനത്തിന്റെ രഹസ്യ അജണ്ട. പ്ലീനം കഴിഞ്ഞ് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ പിണറായിയെന്ന ‘സ്റ്റീം റോളര്‍’ പാര്‍ട്ടിയില്‍ ഉരുണ്ടുതുടങ്ങുമ്പോള്‍ വിഎസ് എന്തുചെയ്യും എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
മുരളി പാപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: