ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതികള്‍ക്ക് പാക്കിസ്ഥാന് പരമാവധി ശിക്ഷ കൊടുക്കാതെ ഇന്ത്യക്ക് തൃപ്തി വരില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. അതേ സമയം, ഇന്ത്യ തെളിവെന്ന നിലയില്‍ നല്‍കിയിരിക്കുന്നത് വെറും വിവരങ്ങളാണെന്ന് കേസില്‍ പ്രതികളായ ലഷ്കര്‍ ഇ തൊയ്ബയുടെ വക്കീല്‍ റാജാ റിസ്വാന് അബ്ബാസി ഇസ്ലാമാബാദില് പ്രതികരിച്ചു. ഇതു പാക്കിസ്ഥാന് നിലപാടായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗികമായി പാക് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഇന്ന് മുംബൈയിലെ ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷികമാണ്.
2008 നവംബര്‍ 26-നു നടന്ന ആക്രമണത്തില്‍ 166 പേരാണു കൊല്ലപ്പെട്ടത്. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ് ഹോട്ടല്‍, ഛബാദ് ഹൗസ്, ലിയോപോള്‍ഡ് കേഫ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലാണ് അന്ന് പാക്കിസ്ഥാന് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ലഷ്കര്‍ ഇ തൊയ്ബ ആക്രമണം നടത്തിയത്. അക്രമികളില്‍ ഒമ്പതുപേരെ ഇന്ത്യന്‍ സൈനികര്‍ കൊലപ്പെടുത്തിയിരുന്നു. രാജ്യ ദ്രോഹികളെ നേരിട്ട സംഭവത്തില്‍ ഇന്ത്യന്‍ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ബലിദാനികളായിരുന്നു. പിടികൂടിയ കസബിനെ തൂക്കിലേറ്റുകയും ചെയ്തു. ഭീകരാക്രമണത്തിലെ പാക്കിസ്ഥാന് പങ്കു വ്യക്തമായ സാഹചര്യത്തില്‍ അവിടെ കഴിയുന്ന ഗൂഢാലോചനയില്‍ പങ്കെടുത്ത ഏഴ് ലഷ്കര്‍ ഭീകരന്മാരെ ശിക്ഷിക്കണമെന്നാണ് ഇന്ത്യന്‍ ആവശ്യം.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഇന്ന് രാജ്യം ആദരാഞ്ജലി അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: