മരട്: കുമ്പളം-അരൂര്‍ പാലം അടച്ചിട്ടതിനെതിരെ ലോക് അദാലത്തില്‍ ഹര്‍ജി. കുമ്പളം പാസഞ്ചേഴ്സ് അസോസിയേഷനാണ് മാസങ്ങളായി പാലങ്ങളിലൊന്ന് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താതെ ടോള്‍പിരിവ് തുടരുന്നതിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. 30ന് ദേശീയപാതാ അധികൃതര്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ സ്ഥിരം ലോക് അദാലത്ത് ചെയര്മാന് ഡി.പാപ്പച്ചന് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഉത്തരവിട്ടു.
ഏഴുമാസത്തിലധികമായി ബൈപ്പാസിലെ കുമ്പളം-അരൂര്‍ പാലം അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ടോള്‍പിരിവ് തുടരുമ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നീക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടില്ല. നാലുവരി ഗതാഗതമുള്ള ബൈപ്പാസില്‍ കുമ്പളം മുതല്‍ അരൂര്‍ വരെ ഒരു പാലത്തില്‍ക്കൂടി രണ്ടുവരി മാത്രമാണ് ഇപ്പോള്‍ വാഹനഗതാഗതം സാധ്യമാവുന്നത്. ഇത് അപകടങ്ങള്‍ക്കും മറ്റും കാരണമാവുന്നുണ്ട്.
പാലം അടച്ചിട്ടതിനെതിരെ ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ നടത്തിവരികയാണ്. കാലാവധി പൂര്‍ത്തിയായെങ്കിലും പുതിയ കരാറുകാര്‍ എത്താത്തതിനാല്‍ പഴയ കരാറുകാര്‍ തന്നെയാണ് മാസങ്ങളായി ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നത്. ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്. ടോള്‍ പിരിക്കുന്ന കരാറുകാര്‍തന്നെ റോഡിന്റേയും മറ്റും അറ്റകുറ്റപ്പണി നടത്തണമെന്നാണ് പുതിയ വ്യവസ്ഥ. ‘മെയിന്റനന്‍സ് ടോളിംഗ്’ എന്ന സംവിധാനം നടപ്പിലാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ടോള്‍പിരിവും അറ്റകുറ്റപ്പണിയും ഉള്‍പ്പെടുന്ന പുതിയ കരാര്‍ സംവിധാനം.
എന്നാല്‍ ടോള്‍ പിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പലതും ഉന്നതരുടെ ബിനാമിയാണെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ വ്യാജപേരുകളില്‍ രംഗത്തുവരുന്ന കമ്പനികള്‍ കരാര്‍ ഏറ്റെടുത്തശേഷം തന്ത്രപൂര്‍വ്വം വിട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: