കൊച്ചി: സംസ്ഥാനത്ത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ നിരവധി. തിരിച്ചറിയാനാകാതെ പോലീസും നാട്ടുകാരും. വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ബംഗ്ലാദേശുകാര്‍ നിരവധിപേര്‍ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ജോലിചെയ്യുന്നുണ്ട്. പശ്ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേനയാണ് ഇവര്‍ കേരളത്തില്‍ എത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ചില അരിമില്ലുകള്‍, കരിലങ്കല് ക്വാറികള്‍, വന്‍കിട വിനീര്‍ കമ്പനി, ഹാര്‍ബര്‍ എന്നിവിടങ്ങളിലാണ് ഇക്കൂട്ടര്‍ കൂടുതലായി ജോലിചെയ്യുന്നത്. ഇവരെ ബംഗാളികളില്‍നിന്നും വേറിട്ടറിയാന്‍ വിഷമമാണ്.
എന്നാല്‍ ഇവര്‍ക്ക് ‘ബംഗ്ലാ’ ഒഴികെ മറ്റൊരു ഭാഷയും വശമില്ല. പശ്ചിമബംഗാളിനോട് ചേര്‍ന്നുള്ള ബംഗ്ലാദേശിന്റെ അതിര്‍ത്തി ജില്ലകളില്‍നിന്നുള്ളവരാണ് ഇവരില്‍ അധികവും. ആദ്യം ബംഗാളിലേക്ക് നുഴഞ്ഞുകയറിയശേഷം അവിടെനിന്നുമാണ് ഇവര്‍ കേരളത്തില്‍ എത്തുന്നത്. കേരളത്തിലേക്ക് ഇവരെ ജോലിക്ക് കൊണ്ടുവരുന്നതിന് ചിലര്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് മാസത്തില്‍ ഒരിക്കല്‍ ഇവര്‍ സ്വദേശത്ത് പോയി മടങ്ങിവരുന്നുണ്ട്. ഇവരില്‍ ചിലര്‍ മയക്കുമരുന്ന് ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനലുകളും തീവ്രവാദ സംഘടനയില്‍പ്പെട്ടവരും ഇക്കൂട്ടത്തില്‍പ്പെടും.
എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ ഇവരെ തിരിച്ചറിയുക പ്രയാസമാണ്. എറണാകുളം ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരെ തിരിച്ചറിയാനാകാതെ പോലീസും നാട്ടുകാരും ഇരുട്ടില്‍ തപ്പുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കണമെന്ന് നേരത്തെ പോലീസ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സ്ഥാപന ഉടമകള്‍ തയ്യാറായില്ല. അതിന് അവര്‍ പറഞ്ഞ ന്യായം ഇവരാരും സ്ഥിരമായി ഒരു സ്ഥാപനത്തില്‍ നില്ക്കുകയില്ലെന്നാണ്. സ്ഥാപന ഉടമകളുടെ നിസ്സഹകരണംമൂലം തിരിച്ചറിയല്‍ രേഖ തയ്യാറാക്കുന്ന നടപടി പോലീസ് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പ് ആലുവയില്‍നിന്നും ബംഗ്ലാദേശുകാരെ പോലീസ് പിടികൂടിയിട്ടുണ്ട്. പിന്നീട് പോലീസിന്റെ ഭാഗത്തുനിന്നും തുടര്‍നടപടികള്‍ ഉണ്ടാകാറില്ല. സ്ഥാപന ഉടമകളുടെ സ്വാധീനവും ഇതിന് കാരണമായിട്ടുണ്ട്.
പാന്‍മസാലയുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് വ്യാപകമായി പാന്‍മസാല വില്ക്കപ്പെടുന്നുണ്ട്. ഇത് അധികവും ഉപയോഗിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളും ബംഗ്ലാദേശുകാരുമാണ്. ബംഗ്ലാദേശുകാര്‍ക്ക് കൂലിക്ക് ഒപ്പം പാന്മസാലയും സ്ഥാപന ഉടമകള്‍ വാങ്ങി നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലുവ മാര്‍ക്കറ്റിലെ ഒരു പലചരക്ക് കടയില്‍നിന്നും അരലക്ഷം രൂപയുടെ പാന്‍മസാല പോലീസ് പിടിച്ചെടുത്തിരുന്നു.ഇയാളെ ചോദ്യംചെയ്തതിനെത്തുടര്‍ന്ന് പാന്‍മസാല മൊത്തമായി വൈപ്പിനിലെ മുരുക്കംപാടത്തേക്കാണ് പോകുന്നതെന്നാണ് മനസിലായത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മത്സ്യക്കയറ്റുമതി കമ്പനികളില്‍നിന്നും ബംഗ്ലാദേശുകാരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. പിടിയിലായ ബംഗ്ലാദേശികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: