ഒരു സ്കൂള്‍കായികമേളക്ക് കൂടി തിരശീല വീണു. ആതിഥേയരായ എറണാകുളം കിരീടം തിരിച്ചുപിടിക്കുന്നതിന് സാക്ഷ്യംവഹിച്ചുകൊണ്ടാണ് മേളക്ക് കൊടിയിറങ്ങിയത്. ഒന്‍പതാം തവണയാണ് എറണാകുളം ചാംപ്യന്മാരാകുന്നത്. നിലവില്‍ ചാംപ്യന്മാരായ പാലക്കാടാണ് രണ്ടാമത്. സ്കൂള്‍ തലത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ്് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. ഇത് ഏഴാം തവണയാണ് സെന്റ് ജോര്‍ജ് കിരീടം നേടുന്നത്.
കോതമംഗലത്തു നിന്നുള്ള മാര്‍ ബേസില്‍ സ്കൂള്‍ 80 പോയിന്റോടെ രണ്ടാം സ്ഥാനത്തുമെത്തി.ഭാവിവാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന കായിക കൗമാര മാമാങ്കമായ മേളയില്‍ ഇത്തവണ പ്രതീക്ഷ നല്കുന്ന പ്രതിഭകളുടെ മിന്നലാട്ടവും കണ്ടു. പി.യു ചിത്ര, ജിസ്ന മാത്യു, ബിബിന്‍ ജോര്‍ജ്, എ.ജി. രഖില്‍ എന്നിവര്‍ ട്രിപ്പിള്‍ സ്വര്‍ണ്ണവുമായി ട്രാക്ക് വാണു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിലെ കെ.എസ്. അനന്തു, ജൂനിയര്‍ പെണ്‍കുട്ടികളില്‍ റെക്കോര്‍ഡ് ഡബിള്‍ നേടിയ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ആതിര. കെ.ആര്, അഞ്ജലി വി.ഡി. തുടങ്ങിയവര്‍ ഈ മേളയുടെ മണിമുത്തുകളാണ്.
മികച്ചരീതിയില്‍ മേള സംഘടിപ്പിക്കാനായതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കം. കാര്യമായ കുറ്റങ്ങളോ കുറവുകളോ ഇല്ലാത്ത മേളയായിരുന്നു എറണാകുളത്തേത്. പ്രത്യേകിച്ച് സമയനിഷ്ഠയുടെ കാര്യത്തില്‍ മാതൃകയായിരുന്നു. കൃത്യസമയത്ത് ആരംഭിക്കാനും അവസാനിപ്പിക്കാനും കഴിഞ്ഞു. കേരളത്തിന് ദേശീയ തലത്തില്‍ കായികരംഗത്ത് വിലാസം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ സ്ക്കൂള് കായിക മേളക്ക് വലിയ പങ്കാണുള്ളത്. ദേശീയ സ്ക്കൂള് കായികമേളയില്‍ തുടര്‍ച്ചയായി പതിനഞ്ചാം തവണയും കിരീടം ചൂടിനില്‍ക്കുന്നത് കേരളമായതുമാത്രമല്ല കാരണം. പി ടി ഉഷ ഉള്‍പ്പെടെ രാജ്യത്തിനുവേണ്ടി ലോകവേദികളില്‍ കിരീടമണിഞ്ഞ കായിക പ്രതിഭകളെ കണ്ടെത്തിയത് സ്ക്കൂള് കായികമേളയായിരുന്നു എന്നതാണ് പ്രധാനം.
തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ കായികമേളയില്‍ അനാരോഗ്യകരമായ ചില പ്രവണതകള്‍ കടന്നുവന്നിരിക്കുന്നു. മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് അയോഗ്യത കല്പിക്കപ്പെട്ടിരുന്നു. പ്രായപരിധി സംബന്ധിച്ച പരാതികളെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനക്കൊടുവിലാണ്് അയോഗ്യത കല്‍പ്പിച്ചത്. ഇവിടെ അതൊന്നും ഉണ്ടായില്ല. പങ്കെടുത്തവര്‍ക്കെല്ലാം എറണാകുളം മേള നല്ലൊരു അനുഭവമായിരിക്കും. പരാതി നന്നേ കുറവായിരുന്നു. സംഘാടകമികവിലും മുന്നിട്ടുനിന്നു എന്നുതന്നെ പറയാം. അടുത്തമേള ഇതിലും മികച്ചതാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാം. വിവിധ ഇനങ്ങളില്‍ കടുത്ത മത്സരം കാഴ്ചവച്ച് അംഗീകാരം നേടിയവരും ആവേശം വിടാതെ മത്സരത്തില്‍ പങ്കെടുത്തവരും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അവര്‍ക്ക് ഒന്നുറപ്പിക്കാം. ഇത് അവസാനത്തെ ഊഴമല്ല. കൂടുതല്‍ ചിട്ടയോടെ മുന്നൊരുക്കത്തോടെ മനക്കരുത്തുമായി അടുത്ത മത്സരം നല്ലൊരു അവസരമാക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കാം.
കായിക മികവിന് നമ്മുടെ കൗമാരങ്ങള്‍ക്ക് പ്രേരണയും പ്രോത്സാഹനവും ലഭിക്കാത്ത കുറവേയുള്ളു. സാഹചര്യങ്ങളും സൗകര്യങ്ങളും ഒത്തുവന്നാല്‍ മറ്റ് ഏത് സംസ്ഥാനത്തെ ചെറുപ്പക്കാരെക്കാളും മികവ് പ്രകടിപ്പിക്കാന്‍ കഴിയുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനാകും. പൊതുവെ കായികപ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വിദ്യാഭ്യാസമേഖലയിലായാലും മറ്റ് ഭരണരംഗത്തായാലും ഒരു മെല്ലെപ്പോക്കുണ്ടെന്നു കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലെ കുരുന്നുകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രതീക്ഷ ഉളവാക്കുന്ന നേരിയ ശ്രമങ്ങളെങ്കിലും നടക്കുന്നത് അഭിമാനാര്‍ഹമാണ്. ഒളിംപിക്സില്‍ പി.ടി. ഉഷ നേടിയ മികവ് രാജ്യത്താകമാനം ഈ രംഗത്ത് ഉത്തേജനം പകര്‍ന്നിട്ടുണ്ട്. ഉഷതന്നെ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ ഉണര്‍ത്തുന്നവയാണ്. സ്ക്കൂള് കായികമേളയില്‍ ഒരുപാട് പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം കൂടുതല്‍ അംഗീകാരവും പ്രത്സാഹനവും വേണം. അതോടൊപ്പം കായികരംഗത്തെ അഭിരുചിയും ആത്മാര്‍ത്ഥതയും കണ്ടെത്തി അത്തരക്കാരെ വളര്‍ത്തിയെടുക്കാനുള്ള ശ്രദ്ധയും ശ്രമവും വേണം. അതുണ്ടായാല്‍ കേരളം ഇന്ത്യക്കാകെ മാതൃകയാകുന്ന അവസ്ഥ സൃഷ്ടിക്കാനാകുമെന്ന് നമുക്ക് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: