വീണ്ടും ആ പഴയ ഭൂതം ഇന്ത്യന്‍ ജനാധിപത്യത്തെ വേട്ടയാടുകയാണോ. ജാതി രാഷ്ട്രീയം രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പുരോഗതിക്ക് എല്ലാക്കാലവും തടസ്സമായിരുന്നു. ആധുനിക ഇന്ത്യയില്‍ പോലും രാഷ്ട്രീയത്തെയും തെരഞ്ഞടുപ്പുകളെയും അത് ദോഷകരമായി സ്വാധീനിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തുടങ്ങി സര്‍ക്കാരുകളുടെ പദ്ധതി നിര്‍വ്വഹണത്തില്‍ വരെ നീളുന്ന അതി ദീര്‍ഘമായ ജനാധിപത്യ ഭരണ പ്രക്രിയയില്‍ ജാതി ഒരു നിര്‍ണ്ണായക സ്വാധീനമായി തുടരുകയാണ്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ വികസനവും അഴിമതിയുമൊക്കെ ആയിരുന്നു ചര്ച്ചാവിഷയങ്ങളെങ്കിലും തെരഞ്ഞടുപ്പിന്റെ അന്തിമ നിമിഷങ്ങളില്‍ പതിവുപോലെ ഇക്കുറിയും അത് ജാതിരാഷ്ട്രീയത്തിന്റെ വിലകുറഞ്ഞ വര്‍ത്തമാനങ്ങള്‍ കൊണ്ട് മലീമസമായി. ജനങ്ങളെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയമായ അജണ്ടകള്‍ ഇല്ലാതെ വരുമ്പോഴാണ് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതിരാഷ്ട്രീയം പോലുള്ള അജണ്ടകള്‍ എടുത്തു പ്രയോഗിക്കുന്നത്.
ജാതി എല്ലാക്കാലത്തും സംഘടിത വോട്ടുബാങ്കുകള്‍ ഉറപ്പാക്കാനാകുന്ന സമവാക്യമാകുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കോണ്‍ഗ്രസാണ്. വോട്ടര്‍മാരുടെ മുന്നില്‍ വെക്കാന്‍ കാര്യമായ വികസന അജണ്ടകള്‍ ഇല്ലാതെ വരുമ്പോള്‍, അഴിമതിയുടെ വലിയ കഥകള്‍ പുറത്തു വരുമ്പോള്‍, ജാതി പുതിയ ആയുധമായി എല്ലാക്കാലത്തും ആ പാര്‍ട്ടി ഉപയോഗിക്കാറുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൗഹാനെതിരെയാണ് ഇക്കുറി കോണ്‍ഗ്രസ് ജാതി ഭൂതത്തെ ആദ്യമായി ഉപയോഗിച്ചത്. മധ്യപ്രദേശിലെ മധ്യ-ഉപരിവര്‍ഗ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ആയിരുന്നു ഈ പ്രചാരണം. ചൗഹാന് പിന്നോക്ക സമുദായത്തില്പ്പെട്ടയാളായതുകൊണ്ട് അദ്ദേഹത്തിന്റെ ഭരണത്തില്‍ മധ്യപ്രദേശിലെ ബ്രാഹ്മണ- ഉപരി വര്‍ഗങ്ങള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു എന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണത്തിന്റെ കാതല്‍. രാജ കുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് നടത്തിയ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ കാതല്‍ ഈ ആരോപണമായിരുന്നു. ബ്രാഹ്മണ-മുസ്ലിം-ആദിവാസി വിഭാഗങ്ങളെ ചൗഹാനെതിരെ തിരിക്കാന്‍ ഇതുവഴി കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ് യാദവിന്റെ ഒബിസി രാഷ്ട്രീയത്തിന് എതിരായി മായാവതി പ്രയോഗിച്ചു വിജയിച്ച തന്ത്രമാണ് ഇത്. ചൗഹാനെ ഒബിസി വിഭാഗങ്ങളുടെ മാത്രം നേതാവായി അവതരിപ്പിക്കാനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. ആസൂത്രിതമായി കോണ്‍ഗ്രസ് ഈ പ്രചാരണം കെട്ടഴിച്ചു വിടുകയും ചെയ്തു. പക്ഷേ ഈ തന്ത്രം മായാവതിയെ തുണച്ചതുപോലെ (അതും ഒരിക്കല്‍ മാത്രം) മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ തുണയ്ക്കാനിടയില്ല. മുലായം സിംഗ് യാദവിനെതിരെ മായാവതി ഉന്നയിച്ച ആരോപണങ്ങള്‍ ഏറെക്കുറെ ശരിയായിരുന്നു. യാദവ രാഷ്ട്രീയമായിരുന്നു യുപിയില്‍ മുലായത്തിന്റെ തുരുപ്പ് ചീട്ട്. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന് മുലായം സിംഗിനെപ്പോലെ ജാതി സമവാക്യങ്ങള്‍ കൊണ്ട് നേതാവായ ആളല്ല.
വികസനത്തിന്റെ രാഷ്ട്രീയമാണ് ശിവരാജ് സിംഗ് ചൗഹാന്റെത്. യഥാര്‍ത്ഥത്തില്‍ വികസനത്തിന്റെ രാഷ്ട്രീയവും ജാതിരാഷ്ട്രീയവും രണ്ടു ധ്രുവങ്ങളില്‍ നില്ക്കുന്ന കാര്യങ്ങളാണ്. കൊളോണിയല്‍ ഭരണത്തിന്റെ കാലഘട്ടത്തിലും പിന്നീട് കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ വാഴ്ചയുടെ കാലത്തും ഉള്ളതില്‍ നിന്ന് വിഭിന്നമായി വ്യത്യസ്ത ജാതി വിഭാഗങ്ങള്‍ പ്രത്യേകിച്ചും പിന്നോക്ക വിഭാഗങ്ങള്‍ ഇപ്പോള്‍ ഏറെ പുരോഗമിച്ചിരിക്കുന്നു. വികസനം, അതായത് ആധുനിക വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളുടെ പുരോഗതിയും ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചിരിക്കുന്നു. അതുകൊണ്ടാകണം ഇപ്പോള്‍ മുന്നോക്ക വിഭാഗങ്ങളെയും ന്യൂനപക്ഷ മത വിഭാഗങ്ങളെയും കേന്ദ്രീകരിച്ച് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ജനകീയ അജണ്ടകള്‍ക്ക് ബദലായി ജാതി- സ്വത്വ വാദങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പ്രചാരണങ്ങള്‍ വാസ്തവത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് എല്ലാക്കാലത്തും ശ്രമം നടത്തുന്നത് സമൂഹത്തില്‍ ഈ ഭിന്നത നിലനിര്‍ത്താനാണ്. ഇത്തരം ശ്രമങ്ങളാകട്ടെ വികസനത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വിരുദ്ധവുമാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: