ചൊമാരി വീണ്ടും ഭൂതകാലത്തിന്റെ നിഴലുകളിലേയ്ക്ക് മടങ്ങി. സൗരാഷ്ട്രത്തില് നിന്നു വന്നവരില്‍ ചൂരക്കോട്ടെ ദ്വിവേദിയുടെ കുടുംബം ഒഴികെ എല്ലാവരും തിരിച്ചുപോയി. അതിന് മൂലകാരണമായി പറയാവുന്നത് താന്നിയിലെ യാഗാലോചനയാണ്. ആ യാഗാലോചന വെല്ലുവിളികള്‍ക്കും കുടിലരാജനീതിയുടെ വിജൃംഭണങ്ങള്ക്കും കാരണമായിത്തീര്‍ന്നു. താന്നിയിലെ കൃഷ്ണന് കൗഷീതകനും യജ്ഞപുരം ഗ്രാമക്കാരനും ആണ്. ഊരിലെ ഉഗ്രപ്രതാപിയായ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ മരുമകനായ കൃഷ്ണന് അമ്മാമന്റെ ഉഗ്രശാസനകളെ മറികടക്കാനുള്ള ഉറപ്പില്ല. ഓത്തുചൊല്ലിതാമസിച്ചത് അമ്മാന്റെ അടുത്തുതന്നെ. വിവാഹം കഴിച്ചത്വേങ്ങക്കര അഗ്നിദത്ത്ന് നമ്പൂതിരിയുടെ സന്തതസഹചാരിയായ കാലടിയുടെ മകളെ. ഈ സാഹചര്യങ്ങള്‍ കാരണം യജ്ഞപുരം ഗ്രാമക്കാരനാണെങ്കിലും അതിലധികം ഊരുഗ്രാമക്കാരനാണ് താന്നിയിലെ കൃഷ്ണന്.
വേളികഴിഞ്ഞ് ഇല്ലത്തെ ചുമതലകളുമായി ഇണങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു അയാളുടെ അച്ഛന് മരിച്ചത്. പ്രതാപിയായ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ നിയന്ത്രണത്തിലാണ് പിന്നീട് ഇല്ലത്തെ കാര്യങ്ങള്‍ നടന്നത്. താഴെയുള്ള സഹോദരിമാരുടെ വിവാഹമെല്ലാം യാതൊരുവിധകുറവും വരാതെ നടത്തിക്കൊടുത്തതും അഗ്നിദത്തന്‍ നമ്പൂതിരി തന്നെ. ഭാരങ്ങളെല്ലാം ഒന്നൊടുങ്ങിയപ്പോള്‍ കൃഷ്ണന് അഗ്ന്യാധാനം നടത്തണം എന്നു തീരുമാനിച്ചു. താന്നിയിലെ ഒരാള്‍ അഗ്ന്യാധാനത്തിന് ശ്രമിയ്ക്കുമ്പോള്‍ കുലഗുരുസ്ഥാനമുള്ള ഓതിയ്ക്കനായ തനിയ്ക്ക് അതു നടത്തിക്കൊടുക്കേണ്ട ചുമതലയുണ്ട്. അഗ്ന്യാധാനം നടത്തിക്കൊടുക്കണം എന്നപേക്ഷിയ്ക്കാന്‍ കൃഷ്ണന് വരുമ്പോള്‍ വേഷത്തിലും ഭാവത്തിലും ആഢ്യത്വം കുറയ്ക്കാതെ അഗ്നിദത്തന്‍ നമ്പൂതിരിയും വന്നിരുന്നു. നമ്പൂതിരിയുടെ ആദ്യവസാനത്തില്‍ ഊരുഗ്രാമക്കാരുടെ സാന്നിദ്ധ്യത്തില്‍ അഗ്ന്യാധാനം നടന്നാല്‍ അത് ഗ്രാമങ്ങള്‍ തമ്മിലുള്ള മത്സരം കുറയുന്നതിന് ഉപകാരപ്പെടും എന്ന് തോന്നി. ആ സന്തോഷം മറച്ചുവെയ്ക്കാതെ അപ്പോള്‍ അവസാനവാക്കു പറയേണ്ട വൈദികന്റെ ഇല്ലത്തേയ്ക്ക് എല്ലാവരും കൂടി തിരിയ്ക്കുകയും ചെയ്തു.
അവിടെ അഗ്ന്യാധാനത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മേലേടത്തെ അതിരാത്രത്തിന്റെ പ്രസ്താവനയുണ്ടായത്. അഗ്ന്യാധാനം കുറച്ചാളുകളുടെ ശ്രമങ്കൊണ്ട് രണ്ടുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന താരതമ്മ്യേന ചെറിയ സംരംഭമാണ്. എന്നാല്‍ അതിരാത്രം പന്ത്രണ്ടുദിവസം നീണ്ടുനില്ക്കുന്നതും നിവധിയാളുകളുടെ സഹായം വേണ്ടതും സാമ്പത്തികച്ചിലവുള്ളതും വേടുകളിറങ്ങി പടര്‍ന്നു നില്ക്കുന്ന വടവൃക്ഷം പോലെ വളരെ ബൃഹത്താണ്. അതുകൊണ്ട് അതിരാത്രത്തിനാണ് പ്രാധാന്യം. വസന്തഋതുവില്‍ വരുന്ന രണ്ടു വെളുത്ത പക്ഷങ്ങളിലും ആധാനമോ അതിരാത്രമോ ചെയ്യാമെന്നുള്ളപ്പോള് അധികം ഗൗരവമുള്ളതുകൊണ്ട് അതിരാത്രം ആദ്യത്തെ വെളുത്ത പക്ഷത്തിലാണ് തീരുമാനിയ്ക്കാമെന്ന് വൈദികന് അഭിപ്രായപ്പെട്ടു. അതിനാല്‍ രണ്ടാമത്തെ വെളുത്തപക്ഷത്തില്‍ തിരക്കെല്ലാം ഒഴിഞ്ഞ് സമാധാനമായി ആധാനം നടത്താം എന്നു വൈദികന് പറഞ്ഞു. അഭിപ്രായം ചോദിച്ചപ്പോള്‍ ?ചൊമാരി തീരുമാനിയ്ക്കുന്നപോലെ ആകാം.? എന്ന് കൃഷ്ണന് വ്യക്തമായി പറയുകയും ചെയ്തു.
അത്രത്തോളം ആയപ്പോള്‍ വൈദികന് സ്വതസ്സിദ്ധമായ ചിരിയും ഗൗരവവും കലര്ന്നഭാവത്തില് ചോദിച്ചു. ?ചൊമാരീ! ചൊമാരിയുടെ മകന് കുഞ്ചു അതിരാത്രത്തിന് അധ്വര്യു ആകണം എന്നാണ് ഇവിടെ തീരുമാനിച്ചത്. അതിന് വിരോധം ഒന്നും ഇല്ല്യലോ?? ?കുഞ്ചൂനോട് ഒന്നു ചോദിച്ച് തീരുമാനം പറയാം. സാധാരണനിലയ്ക്ക് വിരോധം ഉണ്ടാവാന്‍ വഴീല്യ.? എന്നു മറുപടി പറയുകയും ചെയ്തു. അതിരാത്രത്തിന്റെ അധ്വര്യു ആകുക എന്നു പറഞ്ഞാല്‍ അത്ര ചില്ലറയൊന്നുമല്ല. മാസങ്ങളോളം അഭ്യസിയ്ക്കുകയും പന്ത്രണ്ടു ദിവസം രാപ്പകലില്ലാതെ ചുറുചുറുക്കോടെ ക്രിയകള്‍ ചെയ്യുകയും വേണം. അതിന് ഉള്ള കഴിവുണ്ട് എന്നു തോന്നിയതിനാലാകുമല്ലോ കുഞ്ചു അധ്വര്യുവാകണം എന്ന് വൈദികന് പറഞ്ഞിട്ടുണ്ടാകുക. അതൊരു തട്ടിക്കളയാന്‍ പാടില്ലാത്ത അംഗീകാരം തന്നെയാണ്. ഏതായാലും ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വൈദികന് ഒന്നുകൂടി ഉറപ്പിച്ചു. ?അപ്പോള്‍ താന്നി കൃഷ്ണന്റെ അഗ്ന്യാധാനം വസന്തത്തില്‍ രണ്ടാമത്തെ വെളുത്തപക്ഷത്തിനാകാം എന്നും, ചൊമാരിയുടെ മകന് മേലേടത്തെ അതിരാത്രത്തിന് അധ്വര്യു ആകാം എന്നും ഉറപ്പിയ്ക്കാലോ അല്ലേ?? ?ആവാം? എന്ന് മറുപടികൊടുക്കുമ്പോള്‍ കൃഷ്ണനും അഗ്നിദത്തന്‍ നമ്പൂതിരിയും കേട്ടു നിന്നിരുന്നു. മറിച്ചൊരഭിപ്രായം ഉണ്ട് എന്ന് പ്രകടിപ്പിയ്ക്കുകകൂടി ചെയ്തില്ല. ഇല്ലത്ത് തിരിച്ചെത്തി പിറ്റത്തെ ദ്വിതീയയ്ക്ക് മകന് കുഞ്ചുവിനെ ആധ്വരത്തിന്റെ മന്ത്രങ്ങള്‍ ചൊല്ലിയ്ക്കാനും തുടങ്ങി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ താന്നി കൃഷ്ണന് ?അഗ്ന്യാധാനം മാത്രമല്ല സോമയാഗവും കൂടി നടത്തണം എന്നുണ്ട്? എന്നു വന്നു പറഞ്ഞു. ?രണ്ടാമത്തെ വെളുത്ത പക്ഷത്തില്‍ അഗ്ന്യാധാനവും സോമയാഗവും കൂടിനടത്താന്‍ വലിയ പ്രയാസമുണ്ടാകില്ല. സോമയാഗത്തിന് ആറുദിവസം അധികം വേണം എന്ന് മാത്രമല്ലേ ഉള്ളൂ?? എന്ന് മറുപടി കൊടുക്കുകയും ചെയ്തു. ?അടുത്ത വസന്തത്തില്‍ താന്നിയിലെ സോമയാഗം നടത്തിക്കൊടുക്കാം എന്ന് ചൊമാരി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്? എന്ന് അഗ്നിദത്തന്‍ നമ്പൂതിരി പലയിടത്തും വെച്ച് ഘോഷിച്ചു പറഞ്ഞൂ എന്നു കേട്ടുതുടങ്ങി. പിന്നീടാണ് അറിഞ്ഞത് രണ്ടാമത്തെ പക്ഷത്തിന് പാകത്തിന് കൃഷ്ണന് പെറ്റപുല വരുവാനുണ്ട് എന്നത്. അത് കേട്ടപ്പോള്‍ തന്നെ ഒരു ഭാവിയില്‍ അസ്വസ്ഥതയ്ക്കുള്ള സാദ്ധ്യത തോന്നിത്തുടങ്ങി.
വൈദികനെ പോയിക്കണ്ട് സമാധാനത്തിന് ചുളിവുകള്‍ വീഴാവുന്ന സാഹചര്യങ്ങള്‍ വിശദീകരിച്ചു. അഗ്നിദത്തന്‍ നമ്പൂതിരി മുന്നിട്ടു നില്ക്കുന്ന സോമയാഗം നടത്തിക്കൊടുത്തില്ലെങ്കില്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിയ്ക്കും എന്നു സൂചിപ്പിച്ചു.. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ?താന്നിയിലെ ഓതിയ്ക്കന്‍ ചൊമാരിയാണല്ലോ? അതോണ്ട് സോമയാഗം നടത്തിക്കൊടുക്കേണ്ട ചുമതല ചൊമാരിയ്ക്കുണ്ട് എന്നുള്ളത് ശര്യന്നെ ആണ്. പക്ഷേ ചൊമാരിയെ ഒരു കെണിയില്‍ പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം എന്നതുകൊണ്ട് രണ്ടാമത്തെ പക്ഷത്തിലാണെങ്കില്‍ അഗ്ന്യാധാനവും സോമയാഗവും നടത്തിത്തരാം എന്ന് തീര്‍ത്തു പറഞ്ഞു കൊള്ളൂ ആദ്യത്തെ പക്ഷത്തില്‍ അതിരാത്രം ഉണ്ടാകകൊണ്ട് സോമയാഗം നടത്താന്‍ പറ്റില്ല. ഗ്രാമത്തില്‍ ഒരു അതിരാത്രം വേണമെന്നു വന്നാല്‍ നിശ്ചയിച്ച സോമയാഗം തന്നെ മാറ്റിവെയ്ക്കുകയാണല്ലോ കീഴ്വഴക്കം. അത് മാറ്റേണ്ട. ചൊമാരിയില്യാതെ അതിരാത്രം ഭംഗ്യാവും എന്ന് എനിയ്ക്ക് തോന്ന്ണ്ല്യ. കുഞ്ചുവിനും ചൊമാരില്യാ എന്നു വെച്ചാല്‍ പരിഭ്രമം ഉണ്ടാവും. മേലേടത്തിന് ഒട്ടും സുഖാവൂം ണ്ടാവില്യ. അതോണ്ട് അതിരാത്രത്തിനുതന്നെ ആണ് പ്രാധാന്യം കൊടുക്കേണ്ടത്. അഗ്ന്യാധാനോം സോമയാഗോം അടുത്തകൊല്ലം നടത്തീ ന്ന് വെച്ചിട്ട് വല്യേ ദോഷൊന്നും വരില്യലോ?
കുന്നം ഓതിയ്ക്കന്‍, കുഞ്ചു, അന്യേന് തുടങ്ങി ഗ്രാമത്തിലെ ഒരുവിധം ആളുകളെല്ലാം അതിരാത്രത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന അഭിപ്രായം പ്രകടിപ്പിച്ചു. അവസാനം താന്നി കൃഷ്ണനെ വിളിച്ച് ആദ്യത്തെ പക്ഷത്തില്‍ അതിരാത്രവും രണ്ടാമത്തെ പക്ഷത്തില്‍ പെറ്റപുലയും വരാനുള്ളതുകൊണ്ട് അഗ്ന്യാധാനവും സോമയാഗവും അടുത്ത കൊല്ലം നടത്താം എന്നു പറയേണ്ടിവന്നു. എന്നാല്‍ കൃഷ്ണന് കേട്ടുനിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അപ്പോള്‍ തന്നെ നീരസത്തിന്റെ കലിപ്പ് കൃഷ്ണന്റെ മുഖത്ത് നിഴലിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: