അഞ്ചര വര്‍ഷക്കാലത്തെ വിവാദങ്ങള്‍ക്കും സംഘര്ഷങ്ങള്ക്കുമൊടുവില് ആരുഷി-ഹേംരാജ് വധക്കേസിന് വിരാമമായി. 2008 മെയ് 16നാണ് ഡോക്ടര്‍മാരായ രാജേഷ്- നൂപുര്‍ തല്‍വാര്‍ ദമ്പതികളുടെ ഏകമകള്‍ ആരുഷിയെ നോയിഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരനായ ഹേംരാജിലേക്കാണ് ആദ്യം അന്വേഷണം പോയത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഹേംരാജിനെ വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ അന്വേഷണം മാതാപിതാക്കളായ രജേഷ്- നൂപുര്‍ തല്വാറിലേക്ക് മാറി. 14 കാരി ആരുഷിയുടെയും ഹേംരാജിന്റെയും ഇരട്ടക്കൊലപാതകം സംബന്ധിച്ച വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമായി.
ആരുഷി കൊല്ലപ്പെടുന്നതിന്റെ തലേദിവസം വൈകിട്ട് 7.30ന് വീട്ടില്‍ മടങ്ങിയെത്തിയ രാജേഷും നൂപുര്‍ തല്‍വാറും ആരുഷിക്ക് പിറന്നാള്‍ സമ്മാനം നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ വീട്ടുജോലിക്കെത്തുന്ന ഭാരതി എന്ന സ്ത്രീയാണ് ആരുഷി കൊല്ലപ്പെട്ട വിവരം പുറംലോകത്തെ അറിയിക്കുന്നത്.
ഉത്തര്‍പ്രദേശ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ പുറത്തു നിന്നുളള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു നിഗമനം.
എന്നാല്‍ സിബിഐ കേസ് ഏറ്റെടുത്തതോടെ അന്വേഷണത്തിന്റെ ഗതി തന്നെ മാറി. മാതാപിതാക്കള്‍ തന്നെയാണ് ആരുഷിയെ കൊലപ്പെടുത്തിയതെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. 2009ല്‍ സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. പുറത്തു നിന്നുള്ള ആരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ആരുഷിയേയും ഹേംരാജിനേയും ഒരേ ആയുധം കൊണ്ടാണ് കൊലചെയ്തിരിക്കുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. സമാന രീതിയില്‍ തന്നെയാണ് ഇരുവരും കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ ആരുഷിയും ഹേംരാജും പ്രതിരോധിച്ചിരുന്നില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: