ന്യൂദല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് തടയാന്‍ അഭിപ്രായ സമന്വയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യത്തിന്മേല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ യോജിച്ച അഭിപ്രായം ഉണ്ടായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അഞ്ച് വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യം ചെയ്ത നേതാക്കള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് സുപ്രിം കോടതിയോട് തെരഞ്ഞെടുപ്പ് കമ്മിഷന് ആവശ്യപ്പെട്ടത്. പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പ് വരെ സമര്‍പ്പിക്കുന്ന കുറ്റപത്രം വിലക്കിന് അടിസ്ഥാനമാക്കാമെന്നും ജസ്റ്റിസ് ആര് എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചിനെ തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം വേണമെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: