കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 11 കിലോ സ്വര്‍ണമാണ് ഇന്നലെ പിടികൂടിയത്. ഇന്നലെ രാവിലെ 9.50 ന് കൊളംബോയില്‍നിന്നും എത്തിയ ശ്രീലങ്കന്‍ എയര്‍വേയ്സിലെ 42 അംഗ ശ്രീലങ്കന്‍ സ്വദേശികളില്‍നിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടിയോളം വിലവരുന്ന സ്വര്‍ണം പിടികൂടിയത്. ഇവരില്‍ 28 സ്ത്രീകളും 14 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച തിരിച്ചുപോകുന്ന തരത്തിലുള്ള സന്ദര്‍ശക വിസയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇതില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സംഘത്തിലെ ഒരു പുരുഷനില്‍നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം പിടികൂടിയത്. സംഘത്തിന്റെ പാസ്പോര്‍ട്ട് പരിശോധിച്ചതില്‍നിന്നും ഇവരില്‍ പലരും പലപ്രാവശ്യം കൊളംബോയില്‍നിന്നും ദക്ഷിണേന്ത്യയിലെ പല വിമാനത്താവളങ്ങളിലും എത്തിയെന്നും അന്നും തൊട്ടടുത്ത ദിവസങ്ങളിലും കൊളംബോയിലേക്ക് മടങ്ങിയതായും മനസിലായി. കൊളംബോയും ചെന്നൈയും കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തിന് നിരവധി പേരെ റിക്രൂട്ട് ചെയ്തിട്ടുള്ളതായി ഇവരെ ചോദ്യംചെയ്തതില്‍ തെളിഞ്ഞിട്ടുണ്ട്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസ്, ജി. അജിത്കൃഷ്ണന്‍, കെ.എസ്. ബിജുമോന്, ഇ.പി. ശിവരാമന്, കെ.എക്സ്. ലാന്ഫി ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: