കൊച്ചി: അലങ്കാര മത്സ്യകൃഷിയുടെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തി തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനുള്ള വിപുലമായ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍ നാഷണല്‍ അക്വാഷോ 2014 ജനുവരി 24 മുതല്‍ 28 വരെ തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തും. അക്വാഷോ 2014 ന്റെ ലോഗോ പ്രകാശനം ഇന്ന് (നവംബര്‍ 23) വൈകീട്ട് 3.15 ന് ഫിഷറീസ്മന്ത്രി കെ.ബാബു എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ്, പൊതുമരാമത്ത്മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരും എം.എല്‍.എ മാരും യോഗത്തില്‍ സംബന്ധിക്കും.
വിവിധതരം അലങ്കാരമത്സ്യങ്ങള്‍, അക്വേറിയങ്ങള്‍, മത്സ്യതീറ്റകള്‍, മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ ലോകനിലവാരത്തിലുളള പ്രദര്‍ശനമാണ് അക്വാഷോയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ അലങ്കാരമത്സ്യ ഉല്പാദന മേഖലയിലേര്പ്പെട്ടിരിക്കുന്നവരെ ലോക കമ്പോളവുമായി കൂട്ടിയോജിപ്പിക്കുകയും അതുവഴി ഈ മേഖലയുടെ സമഗ്രവികസനം സാധ്യമാക്കുകയാണ് അക്വാഷോയുടെ ലക്ഷ്യം.
മലേഷ്യ, സിംഗപ്പൂര്‍, അമേരിക്ക മാലിദ്വീപ്, ശ്രീലങ്ക, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുളള വര്‍ണമത്സ്യങ്ങളുടെ വിപുലമായ ശേഖരം അക്വാഷോയില്‍ ഉണ്ടാകും. കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ലക്ഷദ്വീപ്, കര്‍ണാടകം, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള അലങ്കാര മത്സ്യങ്ങളും, അക്വേറിയം ഉപകരണങ്ങളും ഉണ്ടാകും. സി.എം.എഫ്.ആര്.ഐ, കുസാറ്റ്, എന്‍.ബി.എഫ്.ജി.ആര്, സി.എം.എഫ്.ആര്.ഐ., സിഫ്റ്റ്, സിഫ്നെറ്റ്, നിഫാറ്റ്, എം.പി.ഇ.ഡി.എ തുടങ്ങിയ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങളും കാവില്‍, അഡാക്ക്, എഫ്.എഫ്.ഡി.എ, നിഫാം, സാഫ് തുടങ്ങിയ സംസ്ഥാന ഏജന്‍സികളും മത്സ്യഫെഡ് ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങളും ഉണ്ടാകും. കൂടാതെ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും അലങ്കാരമത്സ്യ അനുബന്ധ സാമഗ്രി ഉല്പാദക വിതരണക്കാരുടെ സ്റ്റാളുകളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: