പെരുമ്പാവൂര്‍: ദേശീയ അധ്യാപക പുരസ്ക്കാര ജേതാവും പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകനുമായ ഡോ. വി.സനല്‍ കുമാറിന്റെ ദേശീയോദ്ഗ്രഥന സാംസ്ക്കാരിക പൈതൃക ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ജയകേരളം സ്കൂളിലാണ് പ്രദര്‍ശനത്തിന്റെ തുടക്കം നടന്നത്. പാലക്കാട് ജില്ലയില്‍ അദ്ദേഹം നടത്തിയ പ്രാചീന ചരിത്രാന്വേഷണ ഗവേഷണാര്‍ത്ഥം കണ്ടെത്തിയ പൈതൃക കണ്ടെത്തലുകളാണ് ചിത്രപ്രദര്ശനത്തിലൊരുക്കിയത്.
പാലിയോലിത്തിക്, മെസോലിത്തിക്, നിയോലിത്തിക്, മെഗാലിതിക്, പ്രാചീന ചരിത്ര കാലഘട്ടങ്ങളിലെ പുരാവസ്തു പൈതൃക കണ്ടെത്തലുകള്‍ തുടങ്ങിയവയാണ് ചിത്രപ്രദര്ശനത്തിലൊരിക്കിയത്. അദ്ദേഹം കണ്ടറിഞ്ഞ ഗുഹാ സങ്കേതങ്ങള്‍, പ്രകൃതിദത്ത അഭയകേന്ദ്രങ്ങള്‍, ശിലാ ലിഖിതങ്ങള്‍, ദ്രാവിഡ ആരാധനാലയങ്ങള്‍, പൈതൃക ക്ഷേത്ര അവശിഷ്ടങ്ങള്‍, സ്മാരകങ്ങള്‍, ടെറാക്കോട്ട ശില്പ്പങ്ങള്, നാണയങ്ങള്‍ തുടങ്ങി 500ല്‍പ്പരം ചിത്രങ്ങളാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്.
പി.ജി.അനുസ്മരണ സമ്മേളനത്തിനായെത്തിയ കേന്ദ്ര സഹമന്ത്രി ശശി തരൂരും ഈ അപൂര്‍വ്വ ചിത്രപ്രദര്‍ശനം കാണാനെത്തിയവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ വിവിധ സാംസ്ക്കാരിക അവബോധം വിദ്യാര്‍ത്ഥികളിലും യുവ തലമുറയിലും ഉണര്‍ത്തുന്നതിലൂടെ സാംസ്ക്കാരിക പൈതൃക വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും ഡോ. സനല്‍ കുമാര്‍ പറഞ്ഞു. ഭൂമി ശാസ്ത്രത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള സനല്‍കുമാര്‍ ദേശീയ അന്തര്‍ദേശീയ സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കാശ്മീരും അരുണാചല്‍പ്രദേശും ഒഴിവാക്കി വിദേശ രാജ്യങ്ങള്‍ പുറത്തിറക്കിയ ഭാരതത്തിന്റെ ഭൂപടങ്ങള്ക്കെതിരെ ദേശസ്നേഹിയായ ഈ അധ്യാപകന് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. പാലക്കാട് പെരുവെമ്പ് സിഎ ഹൈസ്കൂളിലെ മുന്‍ അധ്യാപകന് വേലായുധന് മാസ്റ്ററുടെയും വേലമ്മയുടെയും മകനാണ് വി.സനല്‍ കുമാര്‍. ജന്മനാടിനും പുല്ലുവഴിക്കും ഒരുപോലെ ദേശീയ അംഗീകാരം നേടിക്കൊടുത്ത ഈ അധ്യാപകന് ശിഷ്യഗണങ്ങളുടെ പ്രിയങ്കരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: