പെരുമ്പാവൂര്‍: ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്ലാസ്റ്റിക് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ വന്‍ പ്രതിഷേധം. വെങ്ങോല പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ഏകദിന ഉപവാസത്തില്‍ സ്ത്രീകളടക്കം നിരവധി നാട്ടുകാര്‍ പങ്കെടുത്തു. മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തണ്ടേക്കാട് ജമാ അത് സ്കൂള്‍ പരിസരത്താണ് പ്ലാസ്റ്റിക് കമ്പനി പ്രവര്‍ത്തിക്കുന്നത്.
അമ്പതോളം കുടുംബങ്ങളാണ് ഈ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. പാര്‍പ്പിട മേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അനുമതി നല്‍കിയത് ഉടമകളില്‍നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിനോട് ചേര്‍ന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇത് മലിനീകരണം വഴി മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് ഇടവരുത്തുമെന്നും ജനങ്ങള്‍ പറയുന്നു.
എന്നാല്‍ കമ്പനിയുടെ 2 മീറ്റര്‍ അകലത്തില്‍ വീട് ഉണ്ടെന്നും കൂടാതെ പരിസരവാദികളായ ആളുകള്‍ക്ക് കമ്പനിയിലെ മാലിന്യങ്ങള്‍ കാരണം ദുര്‍ഗന്ധം ശ്വസിക്കേണ്ട അവസ്ഥയാണെന്നും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കമ്പനിയില്‍ പരിശോധന നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഇവയെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് പഞ്ചായത്ത് അധികൃതര്‍ കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് നാട്ടുകാരുടെ വിശദീകരണം.
ഇത്തരം അനധികൃത അനുമതികള്‍ റദ്ദാക്കണമെന്നും കമ്പനിയുടെ പ്രവര്‍ത്തനം തടയണമെന്നുമാണ് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. വെങ്ങോല പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ഉപവാസം പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി ചെയര്മാന് വര്‍ഗ്ഗീസ് പുല്ലുവഴി ഉദ്ഘാടനംചെയ്തു. കര്‍മ്മസമിതി പ്രസിഡന്റ് മുഹമ്മദാലി ഷിഹാബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.കെ. ശശിധരന്‍പിള്ള, ടി.എ. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: