ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്‍ അഭിമാന നേട്ടമായി പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ബാലി സമ്മേളനത്തില്‍ കടക വിരുദ്ധമായ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഒരുങ്ങുന്നു. അങ്ങനെ വന്നാല്‍ നാലുവര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ കാര്‍ഷിക സബ്സിഡികളും നിര്‍ത്തിവക്കേണ്ടിവരും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നാലുവര്‍ഷം മുമ്പത്തെ താങ്ങുവിലയും തറവിലയും സ്ഥിരം വിലയാക്കുകയും ചെയ്യേണ്ടിവരും. ഇതോടെ ഭക്ഷ്യ സുരക്ഷാ പദ്ധതി എന്നേക്കുമായി പൊളിയുകയും ചെയ്യും.
ഡബ്ല്യൂടിഒയുടെ ബാലി മീറ്റിംഗ് ഡിസംബര്‍ മൂന്നു മുതല്‍ ആറുവരെയാണ്. ഈ യോഗത്തില്‍ വ്യവസ്ഥകള്‍ സംബന്ധിച്ച അന്തിമ നിലപാടുകള്‍ അംഗീകരിപ്പിക്കാന്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. മന്മോഹന് സിംഗ് സര്‍ക്കാര്‍ വിവിധ കാരണങ്ങളാല്‍ ഈ സമ്മര്‍ദ്ദങ്ങള്‍ക്കു വശംവദരാകുകയാണ്. ബാലി യോഗത്തിനു മുന്നോടിയായി പൊതു ധാരണകള്‍ക്കായി ഇപ്പോള്‍ ജെയിനെവയില്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
ഈ വിഷയം വിവിധ കര്‍ഷക സംഘടനകളും എന്‍ജിഒകളും വിഷയമാക്കിയതോടെ സര്‍ക്കാര്‍ ചില വിശദീകരണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചില ഒളിച്ചുകളികളിലാണ് സര്‍ക്കാര്‍.
വാണിജ്യ വകുപ്പുമന്ത്രി ആനന്ദ് ശര്‍മ്മ എംപിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതു സംബന്ധിച്ച വിശദീകരണങ്ങളും സര്‍ക്കാരിന്റെ പരസ്യ പ്രസ്താവനകളും ഒരു വഴിക്കും സര്‍ക്കാര്‍ ഔദ്യോഗിക നിലപാടുകള്‍ വേറൊരു വഴിക്കുമാണ്.
ഡബ്ല്യൂടിഒയില്‍ വിവിധ രാജ്യങ്ങളും സംയുക്ത നിലപാടെന്ന നിലയില്‍ ഇന്ത്യ മുന്‍കൈ എടുത്തു തയ്യാറാക്കി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുണ്ട്. അതില്‍ കര്‍ഷകര്‍ക്ക് ഹാനികരമായ നിലപാടുകളെ എതിര്‍ക്കുകയും ബദല്‍ നിശ്ചയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം താല്കാലികമായ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുക എന്നതാണ്. ജെയിനെവയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും അതാണ്. ഇതിനെതിരേ കര്‍ഷക സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും എന്‍ജിഒകളും പ്രസ്താവനകളിറക്കിയിട്ടുണ്ട്. ഇന്നുചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.
അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദത്തില്‍ ഡബ്ല്യുടിഒ നിബന്ധനകള്‍ അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ അന്ത്യമായിരിക്കും അത്. താല്കാലിക പ്രശ്ന പരിഹാരമുണ്ടാക്കിയാല്‍ അതു കനത്ത രാഷ്ട്രീയ തിരിച്ചടിയാകും. കാന്‍ നൂറ്റാണ്ടിനു മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പുവെച്ച ഡബ്ല്യൂടിഒ കരാറിന്റെ കുരുക്കില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാവാത്ത കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായേക്കും ബാലി യോഗം എന്നാണു വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: