ശബരിമല: അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നിധാനത്ത് അഗ്നിശമനാ സേന സദാ ജാഗരൂകരായുണ്ട്. ശബരിമലയില്‍ എട്ടിടങ്ങളിലായി വിന്യസിച്ചിരിക്കുന്ന അഗ്നിശമന സേന ആധുനിക സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം, നടപ്പന്തല്‍, കെ.എസ്.ഇ.ബി., ശരംകുത്തി, മരക്കൂട്ടം തുടങ്ങിയ മേഖലകളിലാണ് സേനയുടെ വിവിധ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
അപകടങ്ങളെ പ്രതിരോധിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാനും പര്യാപ്തമായ ആധുനിക ഉപകരണങ്ങളും എല്ലാ പോയിന്റുകളിലും സജ്ജീകരിച്ചിട്ടുണ്ട്. അഗ്നിശമനസേന ഓഫീസര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍, ഒരു ലീഡിംഗ് ഫയര്മാന്, രണ്ട് ഫയര്മാന് ഡ്രൈവേഴ്സ് എന്നിവരുള്‍പ്പെടെ 50 ജീവനക്കാര്‍ നിലവില്‍ സന്നിധാനത്തും പരിസരത്തുമായുണ്ട്.
വിവിധ തരത്തിലുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, ഉയര്‍ന്ന ദൃശ്യപരിധിയുള്ള ടവര്ലൈറ്റുകള്, കമ്പികള്പോലുള്ള കാഠിന്യമുള്ള വസ്തുക്കള്‍ മുറിച്ചുമാറ്റുവാനായി ഹൈഡ്രോളിക് സ്പ്രെഡര്‍, തീപിടുത്തമുണ്ടായാല്‍ വെള്ളം സ്പ്രേ ചെയ്യാനായി വാട്ടര്‍ മിസ്റ്റ്, പുകയില്‍ നിന്നും വിഷവാതകത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തായി ബ്രീത്തിങ് അപ്പാരറ്റസ്, മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി ഉപയോഗിക്കുന്ന വിവിധതരത്തിലുള്ള ഇലക്ട്രിക് വാളുകള്‍, തീ അണക്കാനായി ഫയര്‍ എക്സ്റ്റിന്‍ഗുഷറുകള്‍, സ്ട്രക്ച്ചറുകള്‍, വെള്ളം പമ്പുചെയ്യാനായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത സീറോടോര്ക്ക് തുടങ്ങി അടിയന്തര സാഹചര്യത്തെ മറികടക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
തീയുടെ സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേകിച്ച് ഹോട്ടലുകള്‍, അരവണ നിര്‍മാണശാല എന്നിവിടങ്ങളിലെല്ലാം പ്രത്യേക ജാഗ്രതാ നിര്‍ദശം നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ബോധവത്ക്കരണങ്ങള്‍ നല്കി വരികയാണെന്നും അഗ്നിശമന സ്പെഷ്യല്‍ ഓഫീസര്‍ എ.ആര്. ആരുണ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: