കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറിസ്റ്റിലായ രാജ്യസഭാംഗം കുനാല്‍ ഘോഷിന്റെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തി. നോര്‍ത്ത് കൊല്‍ക്കത്തയിലെ വീട്ടില്‍ ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഒരുമണിക്കൂറിലേറെ നീണ്ടു. റെയ്ഡ് സമയത്ത് കുനാലിനെയും പോലീസ് കൊണ്ടുവന്നിരുന്നു.
പരിശോധനകള്‍ക്കിടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു. ശാരദാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ തലവനായിരുന്ന ഘോഷിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിശ്വാസ വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും എതിരായ വകുപ്പുകളാണ് ഘോഷിനുമേല് ചുമത്തിയിട്ടുള്ളത്.
അതേസമയം, പോലീസ് കസ്റ്റഡിയിലിരിക്കെ കുനാല്‍ ഘോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതെങ്ങനെയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഘോഷ് പുതുതായി തുടങ്ങാനിരിക്കുന്ന ചാനലിലെ എഡിറ്ററേയും സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്തു. ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നും അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് തെളിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേയും, മമതാ ബാനര്‍ജിയുടേയും സഹായം വേണമെന്നും കുനാല്‍ ഘോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: