ന്യൂദല്‍ഹി: തെഹല്‍ക്ക മാഗസിനില്‍ നിന്നും ജീവനക്കാരുടെ രാജി തുടരുന്നു. ലൈംഗിക വിവാദത്തിലകപ്പെട്ടതോടെയാണ് ഇത്തരമൊരു കൂട്ടരാജിലി. ലിറ്റററി എഡിറ്റര്‍ ഷോഗത്ത് ദാസ് ഗുപ്ത ഉള്‍പ്പെടെ നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ജെ മസൂംദാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ രേവതി ലോല് എന്നിവരാണ് രാജിവെച്ച മറ്റ് രണ്ട്പേര്. ഓണ്‍ലൈന്‍ എഡിറ്റര്‍ കുണാല്‍ മജുംദാറും നേരത്തെ സ്ഥാപനം വിട്ടിരുന്നു.
അതേസമയം ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപന് തരുണ്‍ തേജ്പാലിനെ ഇന്ന് ചോദ്യം ചെയ്തേക്കും. പരാതിക്കാരിയായ പത്രപ്രവര്‍ത്തകയില്‍ നിന്നും പോലീസ് മൊഴിയെടുക്കും.
ദല്‍ഹിയിലെത്തിയ ഗോവന്‍ പോലീസാണ് ഇവരില്‍ നിന്നും മൊഴിയെടുക്കുക. തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയെ പോലീസ് ചോദ്യം ചെയ്തു. ഒമ്പത് മണിക്കൂറോളമാണ് പത്രാധിപരുടെ ചുമതല വഹിക്കുന്ന ഷോമയെ പോലീസ് ചോദ്യം ചെയ്തത്. ഷോമ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വരുംദിവസങ്ങളില്‍ സ്ഥാപനത്തില്‍ നിന്നും കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: