തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനും ഒഴിപ്പിക്കാനുമുള്ള റവന്യു വകുപ്പിന്റെ പ്രത്യേക സംഘത്തില്‍ മുസ്ലിം ഉദ്യോഗസ്ഥനെ നിയമിച്ചത് വിവാദമാകുന്നു. ക്ഷേത്ര കയ്യേറ്റം കണ്ടെത്താനുള്ള സ്പെഷ്യല്‍ തഹസീല്‍ദാരുടെ ഓഫീസിലാണ് ഷാന്‍. എ എന്നയാളെ നിയമിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിന്റെ ഒഴിവിലേക്കാണ് യുഡിസിയായ ഇദ്ദേഹത്തിന്റെ നിയമനം.
ക്ഷേത്രങ്ങളുടെ ഭൂമിയിലും സ്വത്തുക്കളിലും വ്യാപകമായി കയ്യേറ്റം നടക്കുന്നതുശ്രദ്ധയില് പെട്ടതിനാലാണ് സര്‍ക്കാര്‍ ഇതുകണ്ടെത്തുന്നതിനും തിരികെ പിടിക്കാന്‍ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഒരു സ്പെഷ്യല്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍, റവന്യു ഇന്‍സ്പെക്ടര്‍, യുഡിക്ലര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ്, ഹെഡ് സര്‍വ്വയര്‍ എന്നിവരാണ് സംഘത്തില്‍. സംഘം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. റവന്യു വകുപ്പിന് കീഴിലുള്ള സംവിധാനമാണിതെങ്കിലും ഈ സംഘത്തിന്റെ എല്ലാ ചെലവുകളും ദേവസ്വം ബോര്‍ഡ് നല്കുന്ന പണം കൊണ്ടാണ്.
വര്‍ഷം തോറും 30 ലക്ഷത്തോളം രൂപ ദേവസ്വം ബോര്‍ഡ് ഇതിനു ചെലവഴിക്കുന്നുണ്ട്.
ഈ സംഘത്തില്‍ അഹിന്ദുവായ ഉദ്യോഗസ്ഥന് ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. ക്ഷേത്രങ്ങളില്‍ കയറാനും പരിശോധനകള്‍ നടത്താനും ഇദ്ദേഹത്തിന് കഴിയില്ല. മുമ്പ് കാസര്‍കോട് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തെ തിരുവന്തപപുരത്ത് കളക്ട്രേറ്റില്‍ കൊണ്ടുവന്ന ശേഷമാണ് ഇപ്പോള്‍ സ്പെഷ്യല്‍ തഹസീല്‍ദാരുടെ വിംഗില്‍ ചേര്‍ത്ത് കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: