നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്വാളിയോര്‍ കൊട്ടാരത്തില്‍നിന്നും ധോല്‍പൂര്‍ കൊട്ടാരത്തിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവന്ന രാജകുമാരിയായിരുന്നു വസുന്ധര രാജെ സിന്ധ്യ. ദാമ്പത്യം നീണ്ടുനിന്നില്ലെങ്കിലും വസുന്ധരയ്ക്കു രാജസ്ഥാനികളുടെ മനസ്സിലെന്നും അവരുടെ സ്വന്തം മരുമകളുടെ സ്ഥാനമായിരുന്നു പിന്നീട്. 1985 മുതല്‍ വസുന്ധരയെ രാജസ്ഥാന്കാര് കൃത്യമായി നിയമസഭയിലേക്കും ലോക്സഭയിലേക്കും പലവട്ടം ജയിപ്പിച്ചു സ്നേഹം പ്രകടിപ്പിച്ചു.
2003ല്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തോടെ 120 സീറ്റുകള്‍ നല്കി വസുന്ധരയെയും ബിജെപിയേയും രാജസ്ഥാന്കാര് ഭരണത്തിലേറ്റുകയും ചെയ്തു. വീണ്ടും ഈ ഗ്വാളിയോര്‍ റാണി തെരഞ്ഞെടുപ്പിനു വിജയത്തിനായി രംഗത്തിറങ്ങുമ്പോള്‍ സീറ്റുകളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവോടെ മുഖ്യമന്ത്രി പദത്തിലെത്തുമെന്നാണ് കരുതുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും സംസ്ഥാന ബിജെപി പ്രസിഡന്റുമായ വസുന്ധരയോടൊപ്പം ഒരു ദിവസം ജന്മഭൂമിയും സഞ്ചരിച്ചു.
രാജസ്ഥാന് രാഷ്ട്രീയത്തിലെ അതികായനായിരുന്ന ഭൈരോണ്‍സിങ് ഷെഖാവത്തിന്റെ വീടിനോട് ചേര്‍ന്നാണ് പ്രതിപക്ഷ നേതാവ് വസുന്ധര രാജെയുടേയും വസതി. രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനുള്ള തിരക്കിലാണ് വീട്ടിലെത്തുമ്പോള്‍ ബിജെപി നേതാവ്. ആദ്യ പ്രചാരണ സ്ഥലമായ കിഷന്ഗട്ടിലെ അരായ് ഗ്രാമത്തിലെ പൊതു പരിപാടി നടക്കുന്ന സ്ഥലത്തുവെച്ചു കാണാമെന്ന പ്രൈവറ്റ് സെക്രട്ടറിയുടെ ഉറപ്പില്‍ നേരെ അരായ് ഗ്രാമത്തിലേക്ക്.
130 കിലോമീറ്റര്‍ ദൂരമുണ്ട് ആദ്യ യോഗസ്ഥലത്തേക്ക്. എങ്കിലും പരിപാടി ആരംഭിക്കുംമുമ്പേ എത്തി. നൂറുകണക്കിനു ഗ്രാമീണര്‍ കാത്തിരിക്കുകയാണ് തങ്ങളുടെ പ്രീയപ്പെട്ട രാജ്ഞിയെ. എല്ലാവരുടേയും നോട്ടം ആകാശത്തേക്ക്. 11.10ഓടെ ദൂരെ ആകാശത്ത് വസുന്ധരെ രാജെസിന്ധ്യയുടെ ഹെലികോപ്റ്റര്‍ തെളിഞ്ഞതോടെ വലിയ മൈതാനും മുഴുവനും ആവേശക്കടല്‍. അഞ്ചുമിനിറ്റിനുള്ളില്‍ വേദിയിലേക്ക്. ഇതിനിടെ ഹെലിപാഡില്‍ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ രണ്ടു മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം. രാജസ്ഥാനിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം വാക്കുകളില്‍. അഞ്ചുവര്‍ഷത്തെ അശോക് ഗെലോട്ട് സര്‍ക്കാരിലെ മന്ത്രിമാരുടെ ലൈംഗികാപവാദവും സര്‍ക്കാരിന്റെ വീഴ്ചകളും ജനങ്ങള്‍ക്കറിയാമെന്നും ഇതു ബിജെപിയെവീണ്ടും അധികാരത്തിലെത്താന്‍ സഹായിക്കുമെന്നും പറഞ്ഞ് നേരേ വേദിയിലേക്ക്.
കാത്തുനിന്ന ഗ്രാമീണര്‍ എഴുനേറ്റുനിന്ന് അവരുടെ നേതാവിനെ സ്വീകരിക്കുന്നു. ”പ്രധാനമന്ത്രി ജൈസാ ഹോ നരേന്ദ്രമോദി വൈസാ ഹോ”….”മുഖ്യമന്ത്രി ജൈസീ ഹോ വസുന്ധരാജെ വൈസീ ഹോ” എന്നീ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന അന്തരീക്ഷത്തില്‍ കിഷന്‍ഗട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ ഭാഗീരഥ് ചൗധരിക്ക് ആശീര്‍വാദം നല്കി ഇരിപ്പിടത്തിലേക്ക്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ രാഷ്ടീയ പാര്‍ട്ടികളില്‍നിന്നും വന്നവര്‍ക്കും വിവിധ ജാതി സംഘടനകളുടെ നേതാക്കള്‍ക്കും പാര്‍ട്ടിയിലേക്ക് അംഗത്വം നല്കി സംസ്ഥാന പ്രസിഡന്റു കൂടിയായ വസുന്ധര രാജെയുടെ സ്വാഗതം. തുടര്‍ന്ന് അരമണിക്കൂര്‍ നീളുന്ന പ്രസംഗം. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെയും ആരോഗ്യരംഗത്തെ പ്രശ്നങ്ങളേയും വിമര്‍ശിച്ചു കൊണ്ട് തുടക്കം. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തലേദിവസം രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തിനെതിരെ നിശിത വിമര്‍ശനം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതികളേപ്പറ്റിയും ഗ്രാമീണരുടെ അടിസ്ഥാന ആവശ്യങ്ങളേപ്പറ്റിയും ഓര്‍മ്മപ്പെടുത്തലും വാഗ്ദാനവും. ഗെലോട്ട് മന്ത്രിസഭയിലെ അഞ്ചുമന്ത്രിമാര്‍ ലൈംഗികാപവാദത്തേ തുടര്‍ന്ന് രാജിവെച്ചതും മൂന്നുമന്ത്രിമാര്‍ ജയിലില്‍ കഴിയുന്നതും പരാമര്‍ശിക്കുന്നു. പിന്നെ ഗ്രാമീണരോട് ചിലചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ വാങ്ങിയും പ്രസംഗം മുന്നോട്ട്. ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി എത്തിക്കുമെന്ന ഉറപ്പു നല്കി പന്ത്രണ്ടു മണിയോടെ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ നിലയ്ക്കാത്ത കരഘോഷവുമായി ഗ്രാമീണരും പാര്‍ട്ടി പ്രവര്‍ത്തകരും എഴുന്നേറ്റു നിന്നു യാത്ര ചൊല്ലുന്നു.
അടുത്ത പരിപാടി നസിരാബാദ് ജില്ലയിലെ പിസന്ഗനില്. പിന്നെ പാലിയിലെ രാസില്‍. ഉച്ചയൂണിനു ശേഷം ജോധ്പൂര്‍ ജില്ലയില്‍ രണ്ടു പരിപാടികൂടിയുണ്ട്. രാത്രി ചുരു ജില്ലയിലെ ലഡ്നുവിലാണ് താമസമെന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിശാല്‍ റാണാവതിന്റെ അറിയിപ്പ്. ജില്ലാ ആസ്ഥാനത്തുനിന്നും നാല്‍പ്പതു കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മാധ്യമങ്ങളില്‍ നിന്നും അകന്നു വിശ്രമിക്കുന്നതിനായാണിതെന്നും വിശാലിന്റെ വിശദീകരണം. ദിവസവും പത്തോളം പൊതുപരിപാടികളിലാണ് വസുന്ധര പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായതിനാല്‍ സംഘടനാ തീരുമാനങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രാത്രി വൈകിയാണ്. അഞ്ചു വര്‍ഷം മുമ്പ് കൈവിട്ട ഭരണം തിരിച്ചു പിടിക്കുന്നതിനായി അതിശക്തമായ പ്രചാരണമാണ് വസുന്ധരെ രാജെയും സഹപ്രവര്‍ത്തകരും നടത്തുന്നതെന്ന് വ്യക്തം.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: