ഹൈദരാബാദ്്: ജഗന് മോഹന്‍ റെഡ്ഡി സംഘടിപ്പിക്കുന്ന സമൈക്യ ശംഖാരവം ഈ മാസം 28ന് ആരംഭിക്കും. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാനാ സംസ്ഥാന രൂപീകരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ ജനങ്ങളുടെ അഭിപ്രായം ആരായുകയാണ് പരിപാടിയുടെ ലക്ഷ്യം. കുപ്പം ജില്ലയില്‍ നിന്നാണ് പരിപാടി ആരംഭിക്കുക.
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന തെലങ്കാന ബില്ലിനെ എതിര്‍ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ജഗന് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ആന്ധ്രാപ്രദേശിനെ വിഭജിക്കുവാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും ജഗന് മമതയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തെലങ്കാന വിഷയം ചര്‍ച്ചക്ക് കൊണ്ടുവരണമെന്നും ജഗന് ആവശ്യപ്പെട്ടു. തെലങ്കാന വിഷയത്തില്‍ എല്ലാവിധ പിന്തുണയും മമത സര്‍ക്കാര്‍ ജഗന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തെലങ്കാന വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി ആരോപിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ എതിര്പ്പുകള്ക്കുശേഷമാണ് കഴിഞ്ഞ ജൂലൈ 31ന് തെലങ്കാന പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്. സംസ്ഥാന രൂപീകരണത്തെ ബിജെപി പിന്തുണച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ തെറ്റായ സമീപനമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജോഷി ചോദിച്ചു. തെലങ്കാനക്ക് തങ്ങള്‍ അനുകൂലമാണ്. പക്ഷെ ആന്ധ്രയിലെ ജനങ്ങളോട് രണ്ട് രീതിയിലുള്ള സമീപനമാണ് കോണ്‍ഗ്രസിന്. തെലങ്കാനയിലേയും ആന്ധ്രയിലേയും ജനങ്ങള്‍ക്കിടയില്‍ ആശയപരമായ പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവെക്കുമെന്നും ജോഷി ജബല്പൂരില് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: