ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രസീതില്ലാതെ സംഭാവനകള്‍ വാങ്ങിയ സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം ആരംഭിച്ചു. പാര്‍ട്ടി നേതാക്കള്‍ രസീതില്ലാതെ പലരില്‍ നിന്നും പണം സ്വീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
വെബ് പോര്‍ട്ടലായ മീഡിയാ സര്‍ക്കാരാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെയാണ് അന്വേഷണം നടത്താന്‍ കമ്മീഷന് തയ്യാറായത്. ആം ആദ്മിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
അതിനിടെ പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാളും, യോഗേന്ദ്ര യാദവും ഇലക്ഷന് കമ്മീഷണര്‍ വി.എസ്.സമ്പത്തിനെ സന്ദര്‍ശിച്ചു. ഒളിക്യാമറാ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി ഫണ്ടിലേക്ക് അനധികൃതമായി പണം സ്വരുക്കൂട്ടി എന്ന് ആരോപണവിധേയയായ ഷാസിയ ഇല്‍മി സമര്‍പ്പിച്ച രാജി ആംആദ്മി പാര്‍ട്ടി തള്ളി.
മീഡിയ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ സമര്‍പ്പിച്ച ശേഷം കമ്മീഷന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മാത്രമെ ഷാസിയയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് നീക്കുകയുള്ളെന്നും പാര്‍ട്ടി വ്യക്തമാക്കി. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മീഡിയ സര്‍ക്കാര്‍ വിമുഖത കാട്ടുന്നതില്‍ ദുരൂഹതയുണ്ടെന്നും പാര്‍ട്ടി ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു ആംആദ്മി പാര്‍ട്ടി നേതാവായ ഷാസിയ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ മീഡിയ സര്‍ക്കാര്‍ പുറത്ത് വിട്ടത്. ഇതേ തുടര്‍ന്ന് ഷാസിയ തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: