മട്ടാഞ്ചേരി: ഗോഹത്യയ്ക്കായി ക്ഷേത്രാങ്കണത്തില്‍നിന്ന് പശുവിനെ കൊണ്ടുപോകാനുള്ള ശ്രമത്തിന് പ്രായശ്ചിത്തമായി അറവുകാരനും കൂട്ടാളികളും ഭഗവതിക്ക് മുന്നില്‍ പശുകിടാവിനെ നടയിരുത്തി. അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്ര നടയിലാണ് വ്യാഴാഴ്ച ത്രിസന്ധ്യ നേരത്ത് പ്രായശ്ചിത്ത നടയിരുത്തല്‍ ചടങ്ങ് നടന്നത്. ഇറച്ചി വില്പനക്കാരനായ ഫോര്‍ട്ടുകൊച്ചി സ്വദേശി മനാഫ് മുഹമ്മദ്, സഹായി ജസ്ബീര്‍ യാഹിയ ഡ്രൈവര്‍ പള്ളുരുത്തി സ്വദേശി നജീബ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പശുവിനെ ദേവിക്കായി സമര്‍പ്പിച്ചത്.
രണ്ട് വര്‍ഷം മുമ്പ് ഫോര്‍ട്ടുകൊച്ചി അമരാവതി ഭഗവതി ക്ഷേത്രവളപ്പില്‍നിന്ന് പശുവിനെ അറവുശാലയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. രാത്രി വൈകി എത്തിയ മനാഫിന്റെയും കൂട്ടരുടേയും ശ്രമം ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരും ഭക്തജനങ്ങളും പരിസരവാസികളും ചേര്‍ന്ന് തടയുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി മനാഫും സംഘവും പിന്മാറുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് മാനസിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടതോടെയാണ് മനാഫും കൂട്ടരും ദേവീ നടയില്‍ പശുകിടാവിനെ സമര്‍പ്പിക്കാന്‍ തയ്യാറായത്. ഭക്തജനസംഘടനാ ക്ഷേത്രം സേവാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച പശുവുമായി മനാഫും സംഘവും ക്ഷേത്രത്തിലെത്തുകയും ക്ഷേത്രത്തിലേക്ക് പശുവിനെ നല്‍കുകയും ചെയ്തു.
ആര്‍എസ്എസ് നഗര്‍കാര്യവാഹ് രഘു റാം പശുവിനെ ഏറ്റുവാങ്ങി ക്ഷേത്ര നടയിലെത്തിച്ചു. തുടര്‍ന്ന് ക്ഷേത്രപൂജാരി ഗോപാല കൃഷ്ണ ഭട്ട് ഗോപൂജ നടത്തി. പശുവിനെ ദേവിക്ക് സമര്‍പ്പിക്കുകയും ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിക്കുകയും ചെയ്തു. ചടങ്ങുകള്‍ക്ക് എസ്.ആര്.സുമത്ത് ബാബു, വി.നാരായണ റാവു, ഭരത് കുമാര്‍, രാകേഷ് തമ്പാന്, എസ്.വിജയകുമാര്‍, രഞ്ജിത് കുമാര്‍, എസ്.ആര്.ബിജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: