കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ധോണിപ്പട വിജയതീരമണിഞ്ഞു.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ വിജയം നുണഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് 48.5 ഓവറില്‍ 211 റണ്‍സിന് ഓള് ഔട്ടായി. 52 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 35.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ജോണ്‍സ് ചാള്‍സ് 42ഉം ലെന്റല്‍ സിമണ്‍സ് 29ഉം സാമുവല്‍സും ഡ്വെയ്ന്‍ ബ്രാവോയും 24 റണ്‍സ് വീതവും നേടി. മറ്റാരും തന്നെ വിന്‍ഡീസ് നിരയില്‍ മികച്ച പ്രകടനം നടത്തിയില്ല. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ വെടിക്കെട്ട് വീരന് ക്രിസ് ഗെയില്‍ പൂജ്യത്തിന് പുറത്തായതോടെ വെസ്റ്റിന്‍ഡീസ് ടീം പ്രതിരോധത്തിലായി. ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായ ഗെയിലിന് പരിക്കേല്‍ക്കുകയും ചെയ്തു. നാലാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിക്കപ്പെട്ട ഗെയിലിന് ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ല എന്നതും വെസ്റ്റിന്‍ഡീസിന് തിരിച്ചടിയാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ ശിഖര്‍ ധവാന്റെ (5) വിക്കറ്റ് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും (72) വിരാട് കോഹ്ലിയും (86) ചേര്‍ന്നുള്ള 133 റണ്‍സിന്റെ ര൹ാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇതിനിടെ വിരാട് കോഹ്ലി മറ്റൊരു നേട്ടവും കൈവരിച്ചു. 114 ഇന്നിംഗ്സില്‍ നിന്ന് ഏകദിനത്തില്‍ 5000 റണ്‍സ് തികച്ച് മുന്‍ വിന്‍ഡീസ് ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. പിന്നീട് യുവരാജ് സിംഗും ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും ചേര്‍ന്ന് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. ബ്രാവോ എറിഞ്ഞ 36-ാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്തി യുവരാജ് സിംഗാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്.
ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ ഓപ്പണര്‍ ക്രിസ് ഗെയിലിന് കഴിഞ്ഞില്ല. ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തില്‍ തന്നെ വെടിക്കെട്ട് ബാറ്റ്സ്മാനായ ക്രിസ് ഗെയില്‍ മടങ്ങി. ഇല്ലാത്ത റണ്ണിനോടിയ ഗെയിലിനെ ബൗളര്‍ ഭുവനേശ്വര്‍കുമാര്‍ തന്നെയാണ് റണ്ണൗട്ടിലൂടെ മടക്കിയത്. പിന്നീട് ചാള്‍സും സാമുവല്‍സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. നാലാം ഓവര്‍ എറിഞ്ഞ ജയദേവ് ഉനദ്കതിനെ രണ്ട് തവണ അതിര്‍ത്തിക്ക് മുകളിലൂടെ വിന്‍ഡീസ് താരങ്ങള്‍ പറത്തി. രണ്ടാം പന്തില്‍ സാമുവല്‍സും അവസാന പന്തില്‍ ചാള്‍സുമാണ് ഉനദ്കതിനെ ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയത്. സാമുവല്‍സിനെ സാക്ഷിയാക്കി ചാള്‍സാണ് മികച്ച സ്ട്രോക്ക് പ്ലേയിലൂടെ വിന്‍ഡീസ് സ്കോര്‍ ഉയര്‍ത്തിയത്. മത്സരം എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ വിന്‍ഡീസ് സ്കോര്‍ 47 റണ്‍സിലെത്തി. ഒമ്പതാം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഷാമിയെ ബൗണ്ടറി കടത്തി ചാള്‍സ് വിന്‍ഡീസ് സ്കോര്‍ 50-ലെത്തിച്ചു. പത്ത് ഓവറില്‍ വിന്‍ഡീസ് സ്കോര്‍ ഒരു വിക്കറ്റിന് 63 റണ്‍സിലെത്തി. തൊട്ടടുത്ത ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി സ്പിന്‍ ആക്രമണത്തിനായി രവീന്ദ്രജഡേജയെ നിയോഗിച്ചു. ഈ നീക്കം ഫലം കണ്ടു. ഉജ്ജ്വലമായ രീതിയില്‍ ബാറ്റ് ചെയ്തുവന്ന ചാള്‍സിനെ ജഡേജ മടക്കി. 34 പന്തുകളില്‍ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം 42 റണ്‍സെടുത്ത ചാള്‍സിനെ ജഡേജ സ്വന്തം ബൗളിംഗില്‍ ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്താക്കി. പിന്നീട് 13.2 ഓവറില്‍ സ്കോര്‍ 77 റണ്‍സിലെത്തിയപ്പോള്‍ വിന്‍ഡീസിന് മൂന്നാം വിക്കറ്റും നഷടമായി. 35 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 24 റണ്‍സെടുത്ത സാമുവല്‍സിനെ റെയ്ന ബൗള്‍ഡാക്കി. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിന്‍ഡീസ് മൂന്നിന് 81 എന്ന നിലയിലായിരുന്നു. 20-ാം ഓവറിലെ ര൹ാം പന്തില്‍ വീന്‍ഡിസ് സ്കോര്‍ ംൂന്നക്കം കടന്നു. സ്കോര്‍ 27.1 ഓവറില്‍ 142-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വിന്‍ഡീസിന് നഷ്ടപ്പെട്ടു. 40 പന്തില്‍ നിന്ന് ഒരു ഫോറും സിക്സറുമുള്‍പ്പെടെ 29 റണ്‍സെടുത്ത സിമ്മണ്‍സിനെ സുരേഷ് റെയ്ന വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് 31.2 ഓവറില്‍ സ്കോര്‍ 152-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. പതിനാല് പന്തുകള്‍ നേരിട്ട് നാല് റണ്‍സെടുത്ത നര്‍സിംഗ് ഡിയോനരേയ്നെ സുരേഷ് റെയ്ന ബൗള്‍ഡാക്കി. സ്കോര്‍ 156 റണ്‍സിലെത്തിയപ്പോള്‍ വിന്‍ഡീസിന്റെ ഡാരന്‍ ബ്രാവോ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 69 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് ഡാരന്‍ ബ്രാവോ അര്‍ദ്ധസെഞ്ച്വറിയിലെത്തിയത്.
പിന്നീട് 37.5 ഓവറില്‍ സ്കോര്‍ 183 റണ്‍സിലെത്തിയപ്പോള്‍ ആറാം വിക്കറ്റും വിന്‍ഡീസിന് നഷ്ടപ്പെട്ടു. 77 പന്തില്‍ നിന്ന് 59 റണ്‍സ് നേടി കുതിക്കുകയായിരുന്ന ഡാരന്‍ ബ്രാവോയെ മുഹമ്മദ് ഷാമി ക്ലീന്‍ ബൗള്‍ഡാക്കി. നാല് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഏഴാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 28 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത വിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയെ രവീന്ദ്ര ജഡേജയൂടെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്തു. തുടര്‍ന്ന് ഡാരന്‍ സമിയും ജാസണ്‍ ഹോള്‍ഡറും ചേര്‍ന്ന് വിന്‍ഡീസ് സ്കോര്‍ 200 കടത്തി. ഉനദ്കത് എറിഞ്ഞ 44-ാം ഓവറിലെ മൂന്നാം പന്ത് ഹോള്‍ഡര്‍ ബൗ൹റിയിലേക്ക് പായിച്ചാണ് സ്കോര്‍ 200 കടത്തിയത്. സ്കോര്‍ 204-ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിന്റെ എട്ടാം വിക്കറ്റും വീണു.
രവീന്ദ്ര ജഡേജ എറിഞ്ഞ 45-ാം ഓവറിലെ ആദ്യപന്ത് ലോംഗ്ഓണിലേക്ക് പറത്തിയ ഡാരന്‍ സമിയെ ബൗണ്ടറിലൈനിനരികില്‍ വെച്ച് ഭുവനേശ്വര്‍ കുമാര്‍ പിടികൂടി. സ്കോര്‍ 206-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ആറ് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന സുനില്‍ നരേയ്നെ അശ്വിന് സ്വന്തം പന്തില്‍ പിടികൂടി. സ്കോര്‍ 48.5 ഓവറില്‍ 211 റണ്‍സിലെത്തിയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സിന് തിരശ്ശീല വീണു. ഒരു റണ്‍സെടുത്ത രവി രാംപോളിനെ അശ്വിന്റെ പന്തില്‍ ഡീപ് ലെഗ് സൈഡില്‍ ശിഖര്‍ ധവാന് പിടികൂടി. 16 റണ്‍സോടെ ഹോള്‍ഡര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജയും റെയ്നയും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. ആറ് പന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത ശിഖര്‍ ധവാനെ ഹോള്‍ഡര്‍ ചാള്‍സിന്റെ കൈകളിലെത്തിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ടെസ്റ്റ് പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസ് രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഹോള്‍ഡറെ ബൗണ്ടറികടത്തിയാണ് വിരാട് കോഹ്ലി തുടങ്ങിയത്. 8.1 ഓവറില്‍ 50 റണ്‍സ് പിന്നിട്ട ഇന്ത്യയെ 15.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സും കടത്തിവിട്ടു. മികച്ച സ്ട്രോക്ക്പ്ലേയിലൂടെ വിരാട് കോഹ്ലിയാണ് രോഹിത്തിനേക്കാള്‍ മികച്ചുനിന്നതെങ്കിലും ആദ്യം അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത് രോഹിതായിരുന്നു. 53 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് രോഹിത് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടത്. അധികം വൈകാതെ വിരാട് കോഹ്ലിയും അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. ആറ് ബൗണ്ടറികളോടെ 58 പന്തില്‍ നിന്നാണ് കോഹ്ലി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 25 ഓവറില്‍ 150 റണ്‍സിലെത്തിയപ്പോഴാണ് 133 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 81 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 72 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ രാംപോളിന്റെ പന്തില്‍ ഡീപ് മിഡ്വിക്കറ്റില് സിമ്മണ്‍സ് അനായാസം പിടികൂടി. പിന്നീട് ഇന്ത്യന്‍ സ്കോര്‍ 31.2 ഒാവറില്‍ 192 റണ്‍സിലെത്തിയപ്പോള്‍ ഇന്ത്യയുടെ മൂന്നാം വിക്കറ്റ് വീണു. 84 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളും രണ്ട് കൂറ്റന്‍ സിക്സറുമടക്കം 86 റണ്‍സെടുത്ത വിരാട് കോഹ്ലിയെ ഹോള്‍ഡറുടെ പന്തില്‍ നരേയ്ന് പിടികൂടി. തുടര്‍ന്നെത്തിയ റെയ്നക്ക് ബൗളിംഗിലെ പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. അഞ്ച് പന്തുകള്‍ നേരിട്ട റെയ്ന റണ്ണൊന്നുമെടുക്കാതെ നരേയ്ന്റെ പന്തില്‍ ഹോള്‍ഡര്‍ക്ക് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ നാലിന് 194. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണി നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറിയിലേക്ക് പായിച്ചു. പിന്നീട് യുവിയും ധോണിയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. യുവരാജ് പുറത്താകാതെ 16 റണ്‍സും ധോണി പുറത്താകാതെ 13 റണ്‍സും നേടി.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: