കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് 2003ല്‍ ബിജെപി മധ്യപ്രദേശില്‍ ചരിത്രവിജയം കുറിച്ചപ്പോള്‍ തിരശ്ശീലക്ക് പുറകില്‍ പ്രവര്‍ത്തിച്ച ഒരാളുണ്ടായിരുന്നു. അനില്‍ മാധവ് ദേവ്. ഉമാഭാരതി പ്രചാരണരംഗത്ത് കൊടുംകാറ്റായി മാറിയ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങളെല്ലാം ഈ ആര്‍എസ്എസ് പ്രചാരകന്റെതായിരുന്നു. നാലില്‍ മൂന്ന് ഭൂരിപക്ഷത്തിന് ബിജെപി അധികാരം പിടിച്ചപ്പോള്‍ അനില്‍ ദേവിന്റെ സംഘടനാ ചാതുര്യത്തിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടു. ഹാട്രിക് വിജയ ലക്ഷ്യവുമായി പോരിനിറങ്ങിയിരിക്കുന്ന ബിജെപി ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആശ്രയിച്ചിരിക്കുന്നത് ഈ ഉജ്ജയനിക്കാരനെയാണ്. അനില്‍ ദേവ് മെനയുന്ന തന്ത്രം പാര്‍ട്ടി നടപ്പാക്കുന്നു.
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ആര്‍എസ്എസ് പ്രചാരകനായ അനില്‍ ദേവ് ഭോപ്പാല്‍ വിഭാഗ് പ്രചാരക് ആയിരിക്കുമ്പോഴാണ് ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ടത്. നര്‍മ്മദ നദി സംരക്ഷണത്തിനായി രൂപീകരിച്ച സന്നദ്ധസംഘടനയുടെ ജീവനാഡിയായ അനില്‍ ദേവ് 2009 മുതല്‍ രാജ്യസഭാംഗവുമാണ്.
മുന്‍കൂര്‍ അനുമതി തേടാതെയാണ് കാണാന്‍ പോയത്. നദീസംരക്ഷണ സമിതിയുടെ ഓഫീസില്‍ രാത്രി എട്ടുമണിയോടെ ചെന്നപ്പോള്‍ ബിജെപി ആഫീസിലേക്ക് പോയതായി അറിഞ്ഞു. അടച്ചിട്ടമുറിയില്‍ ചര്‍ച്ചയിലാണ്. സംസാരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഏതായാലും വിസിറ്റിംഗ് കാര്‍ഡ് കൊടുക്കാം. ആഫീസ് ജീവനക്കാരന് പറഞ്ഞു. കാര്‍ഡ് ലഭിച്ചയുടന്‍ അകത്തേക്ക് വിളിപ്പിച്ചു.
കയറിചെന്നപ്പോള്‍ മുറിയില്‍ മറ്റൊരാള്കൂടിമാത്രം. മുന്‍കേന്ദ്രമന്ത്രി അനന്തകുമാര്‍, മധ്യപ്രദേശിന്റെ ചാര്‍ജ്ജുള്ള പാര്‍ട്ടി ദേശീയ ജനറല്‍സെക്രട്ടറി. ഇരുവരും ചേര്‍ന്ന് അവസാനഘട്ട പ്രചരണത്തിനുള്ള തന്ത്രങ്ങള്‍ രൂപികരിക്കുകയാണ്.
കേരളത്തില്‍നിന്നുള്ള “ജന്മഭൂമി” എന്നു പറഞ്ഞപ്പോഴേ നമ്മുടെ പത്രമാണെന്നു പറഞ്ഞ് അനന്തകുമാര്‍ പരിചയപ്പെടുത്തി.
ഏതൊക്കെ മണ്ഡലങ്ങളില്‍ പോയി എന്നും പോതുവെ അഭിപ്രായമെന്തെന്നും ഒക്കെ ചോദിച്ച അനന്തകുമാര്‍, ഭൂരിപക്ഷം കൂട്ടി ബിജെപി ഹാട്രിക് ജയം നേടുമെന്ന് തറപ്പിച്ചു പറയുകയും ചെയ്തു.
ഇന്നത്തെ ചര്‍ച്ച മതിയാക്കാം, നിങ്ങളുടെ അഭിമുഖം നടക്കട്ടെ. എനിക്കാണേല്‍ നല്ല ക്ഷീണവുമുണ്ട്, എന്നു പറഞ്ഞ് അനന്തകുമാര്‍ എണീറ്റു.
ബിജെപിയുടെ ജയമെങ്ങനെ എന്നതുതന്നെയായിരുന്നു ആദ്യചോദ്യം. “ഭരണത്തിലെത്തുമെന്നത് തീര്‍ച്ചയാണ്. നിലവിലുള്ള സീറ്റ് കുറയാന്‍ സാധ്യതയൊട്ടുമില്ല” അനില്‍ ദേവ് പറഞ്ഞു.
“റോഡ്, വൈദ്യുതി, വെള്ളം , വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം മികവു കൊണ്ടുവരാന്‍ സര്‍ക്കാരിനായി. അത് വോട്ടില്‍ പ്രതിഫലിക്കും. പക്ഷേ മികച്ച ഭരണം എന്നതുകൊണ്ട് മാത്രം കാര്യമില്ല. മികച്ച ഭരണം തെരഞ്ഞെടുപ്പ് വിജയത്തെ സഹായിച്ചേക്കാം. പക്ഷേ മികച്ചരീതിയില്‍ 10 വര്‍ഷം ഭരിച്ചാലും രണ്ടാഴ്ചത്തെ തെരഞ്ഞെടുപ്പ് തന്ത്രം പാളിയാല്‍ തോല്‍ക്കാം. വാജ്പേയി സര്‍ക്കാര്‍ തന്നെ ഉദാഹരണം, ഭരണപരാജയമായിരുന്നില്ലല്ലോ ബിജെപി തോല്‍വിക്ക് കാരണം” അനില്‍ ദേവ് പറഞ്ഞു.
ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉയര്ന്നതിനെകുറിച്ച് ചോദിച്ചപ്പോഴും പാര്‍ട്ടിയുടെ താത്വികാചാര്യന്‍ വ്യക്തമായ മറുപടിയുണ്ടായിരുന്നു. “അഴിമതി സാധാരണവും നിസാരവുമായകാര്യമെന്ന നിലയിലെത്തിയിരിക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ അഴിമതി ചെയ്തതല്ല. പാര്‍ട്ടി അതിനോട് എങ്ങിനെ പ്രതികരിച്ചു എന്നതാണ് പ്രധാനം. സമുദ്രത്തില്‍ നല്ലതും മോശവുമായ നദികള്‍ വന്നു പതിക്കും. അഴുക്കിനെയെല്ലാം നശിപ്പിച്ച് നദി മുന്നോട്ടൊഴുകും. നേതാക്കള്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ അവരെ രക്ഷിക്കാന്‍ ബിജെപി ശ്രമിച്ചില്ല”.
വിജയം ഉറപ്പാണെങ്കില്‍ മുഖ്യമന്ത്രി എന്തിനു രണ്ട് സീറ്റില്‍ മത്സരിക്കണം എന്ന ചോദ്യത്തിനും വളച്ചുകെട്ടോ ഒഴിഞ്ഞുമാറലോ ഇല്ലാതെ വ്യക്തമായ ഉത്തരമുണ്ടായിരുന്നു. “ബുധ്നിയിലും വിദിശയിലുമാണ് ചൗഹാന് മത്സരിക്കുന്നത്. ബുധ്നി അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റാണ്. ജന്മസ്ഥലവും. അതുമാറിയാല്‍ തെറ്റായ സന്ദേശമാകും. സിറ്റിംഗ് എംഎല്‍എയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ പശ്ചാത്തലത്തില്‍ വിദിശയില്‍ പുതിയൊരാളെ പരീക്ഷിക്കുന്നത് അപകടമാണ്. പാര്‍ട്ടിക്കുള്ളിലെ താല്‍ക്കാലിക പ്രശ്നത്തിന്റെ പേരില്‍ പരമ്പരാഗത സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. വിദിശയില്‍നിന്ന് 5 തവണ ലോകസഭയിലേക്ക് ജയിച്ചിട്ടുള്ള ചൗഹാന് നിന്നാല്‍ വിജയം ഉറപ്പാണ്. അതിനാല്‍ നിര്‍ത്തി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രം തന്നെയായിരുന്നു തീരുമാനം”.
2003ലേയും 2013ലേയും തെരഞ്ഞെടുപ്പുകളേയും അദ്ദേഹം വിലയിരുത്തി. “കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ അതിശക്തമായ ജനവികാരമായിരുന്നു 2003 ല്‍. സന്യാസിനി, പ്രഭാഷക എന്നീ നിലകളിലെല്ലാം മികവു പുലര്‍ത്തുന്ന ഉമാഭാരതി. അതൊക്കെ ബിജെപിയുടെ വന്‍വിജയത്തിന് വഴിവെച്ചു. ഇപ്പോള്‍ 10 വര്‍ഷം ഭരണത്തിലിരുന്നശേഷം തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതിന്റെ പ്രശ്നങ്ങല്‍ ഉണ്ടാകും”.
കേരളത്തിലെ നിളയുടെ അവസ്ഥയെക്കുറിച്ചും ആറന്മുളയിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലും നടക്കുന്ന സമരങ്ങളെക്കുറിച്ചുമുള്ള ആശങ്കയും അനില്‍ മാധവ് ദേവ് പങ്കുവെച്ചു. “നിളയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തിയിരുന്നു. കേരളത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക ജീവിതവുമായി നിള എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. പ്രകൃതി സംരക്ഷണം എന്നത് ഭാരതസംസ്ക്കാരത്തിന്റെ ഭാഗമാണ്. ഐക്യരാഷ്ട്രസഭ ഇപ്പോള്‍ പറയുന്നകാര്യം ഭാരതം നൂറ്റാണ്ടുകള്‍ മുന്‍പ് നടപ്പാക്കിയതാണ”.
പരമേശ്വര്‍ജിയേയും രാജഗോപാല്ജിയേയും അന്വേഷണം അറിയിക്കാന്‍ പറഞ്ഞാണ് അനില്‍മാധവ് ദേവ് അഭിമുഖം അവസാനിപ്പിച്ചത്.
മധ്യപ്രദേശില്‍ നിന്നും പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: