ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ വനിതകള്‍ക്കും പറയാനുണ്ട് ചിലതൊക്കെ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ദല്‍ഹിയിലുണ്ടായ പീഡനത്തെക്കുറിച്ചും അതിനെത്തുടര്‍ന്നുണ്ടായ സ്ത്രീ സുരക്ഷയെക്കുറിച്ചുമൊക്കെയാണ് ഇവടുത്തെ വനിതകള്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ 11 മാസമായി സ്ത്രീ സുരക്ഷക്കുവേണ്ടിയാണ് ഇവിടുത്തെ വനിതകള്‍ മുറവിളികൂട്ടുന്നത്. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷയാണ് മുഖ്യവിഷയം.
വികസന വാഗ്ദാനങ്ങള്‍ കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയക്കാര്‍ സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കണമെന്നാണ് സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ഡയറക്ടര്‍ രജ്ഞനാ കുമാരി പറയുന്നത്. അതിനുവേണ്ടി ശരിയായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. ഡിസംബര്‍ 16 ലെ സംഭവത്തിനുശേഷം കേന്ദ്രസര്‍ക്കാരും ദല്‍ഹി സര്‍ക്കാരും സ്ത്രീസുരക്ഷുവേണ്ടി പദ്ധതികളുടെ നീണ്ട നിര തന്നെ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഇന്നേവരെ പ്രാവര്‍ത്തികമായിട്ടില്ല. സ്ത്രീ സുരക്ഷക്കുവേണ്ടി പൊതുജനങ്ങളുടെ ഇടയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. ഗുരുതരമായ ഈ പ്രശ്നത്തിനെതിരെ എല്ലാവരും പോരാടണമെന്നാണ് രജ്ഞന കുമാരി പറയുന്നത്.
ദല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷക്കായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ല. സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കായിരിക്കും ദല്‍ഹി ജനത വോട്ട് നല്‍കുക. എന്തായാലും ഒരു രാഷ്ട്രീയ മാറ്റത്തിന് ഇത്തവണ സാധ്യത ഉണ്ടെന്ന് അവര്‍ പറയുന്നു. ജനങ്ങളുടെ വോട്ട് ലഭിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ എല്ലാ വഴികളും തേടും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് അവരുടെ ഉത്തരവാദിത്തമായി കരുതണം. ഒന്നിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളുടെ പ്രശ്നത്തില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ഭരണവിഭാഗങ്ങള്ക്കുമേല് പൊതു സമൂഹം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ കുറയൂ. സ്ത്രീകളുടെ സുരക്ഷയാണ് ഏറ്റവും വലുതെന്ന് ജനപ്രതിനിധികളെ ധരിപ്പിക്കണം അതിനുവേണ്ടി സമൂഹം ഇറങ്ങിത്തിരിക്കണമെന്നും പ്രദേശവാസിയായ കല്‍പ്പന വിശ്വനാഥ് പറയുന്നു. 2012 ലെ തെരഞ്ഞെടുപ്പ് താരതമ്യം ചെയ്യുമ്പോള്‍ ദല്‍ഹിയിലെ വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ 7.44 ശമാനം വര്‍ധനവുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ പറയുന്നത്. അതായത് 54 ലക്ഷം വനിതാ വോട്ടര്‍മാര്‍ ഇവിടെയുണ്ട്. ജനപ്രതിനിധികള്‍ക്ക് തങ്ങളുടെ വോട്ട് നല്കുമ്പോള് സ്ത്രീ സുരക്ഷക്ക് അതിപ്രധാനമായ സ്ഥാനം നല്‍കണ്ടേത് അവരുടെ കടമയാണെന്ന് പ്രദേശവാസിയായ പാലക് ഭാട്ടിയയും പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കടുത്തെങ്കിലും ഇവര്‍ക്കും പറയാനുണ്ട് ഇങ്ങനെ ചിലതൊക്കെ. വികസന വാഗ്ദാനങ്ങളെക്കുറിച്ചല്ല, സ്ത്രീ സുരക്ഷയെക്കുറിച്ച് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: