ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും സൃഷ്ടിച്ച ഒരു കള്ളക്കേസ് കൂടി പൊളിയുന്നു. ഗുജറാത്ത് സ്വദേശിനിയായ യുവതിയെ നിയമവിരുദ്ധമായി നിരീക്ഷിക്കാന്‍ നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് മോദി പോലീസിനു നിര്‍ദ്ദേശം നല്‍കിയെന്ന വ്യാജപ്രചാരണമാണ് യുവതിയുടെ പിതാവിന്റെ വെളിപ്പെടുത്തലോടെ ഇല്ലാതായിരിക്കുന്നത്.
തങ്ങളുടെ കുടുംബം നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് തന്റെ മകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിരുന്നതെന്നും പോലീസ് സംരക്ഷണവും നിരീക്ഷണവും ഏര്‍പ്പെടുത്തിയെന്ന കാര്യം മകള്‍ക്ക് അറിയാമായിരുന്നെന്നും യുവതിയുടെ പിതാവ് പ്രാണ്‍ലാല്‍ സോണി പറഞ്ഞു. മാധ്യമങ്ങളും മോദിവിരുദ്ധ രാഷ്ട്രീയ കൂട്ടായ്മയും കഴിഞ്ഞ ഒരാഴ്ചയായി ആഘോഷിച്ച വിവാദത്തിനെതിരെ അതിശക്തമായ ഭാഷയിലാണ് യുവതിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്. പ്രശ്നത്തില്‍ ഇടപെടാനുള്ള ദേശീയ വനിതാ കമ്മീഷന്റെ ശ്രമത്തിനെതിരെ തുറന്ന കത്തെഴുതി പ്രാണ്‍ലാല്‍ സോണി പ്രതിഷേധിക്കുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ പാര്‍ട്ടികളോ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കമ്മീഷനെ സമീപിക്കുകയാണെങ്കില്‍ അതനുവദിക്കരുതെന്നും അദ്ദേഹം കമ്മീഷനോട് ആവശ്യപ്പെട്ടു.
നിലവില്‍ കുടുംബ ജീവിതം നയിക്കുന്ന മകളെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. ചില പ്രത്യേക സാഹചര്യത്തില്‍ മകള്‍ക്കു സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് നരേന്ദ്ര മോദിയുടെ സുഹൃത്ത് കൂടിയായ പ്രാണ്‍ലാല്‍ സോണി പറയുന്നു. പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയ കാര്യത്തില്‍ മകള്‍ക്ക് പൂര്‍ണ്ണ അറിവുണ്ടായിരുന്നു. മകളുടെ സ്വകാര്യതയിലേക്ക് സര്‍ക്കാര്‍ യാതൊരു കടന്നുകയറ്റവും നടത്തിയിട്ടില്ല. മകള്‍ക്ക് വേണ്ട സുരക്ഷയും സംരക്ഷണവും നല്‍കുകയായിരുന്നു പോലീസ്. തന്റെ മകളുടെ സ്വകാര്യമായ പ്രശ്നത്തെ പൊതുസമൂഹത്തിനു മുന്നിലേക്ക് വലിച്ചിയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദേശീയ വനിതാ കമ്മീഷനും ഗുജറാത്ത് വനിതാ കമ്മീഷനും ഇതു മനസ്സിലാക്കി ഇത്തരം കേന്ദ്രങ്ങള്‍ നല്കുന്ന പരാതികള്‍ സ്വീകരിക്കരുതെന്നും തന്നെയും തന്റെ കുടുംബത്തേയും വെറുതെ വിടണമെന്നും പ്രാണ്‍ലാല്‍ സോണി ആവശ്യപ്പെട്ടു.
തന്റെ മകളെ സംരക്ഷിക്കണമെന്ന് നരേന്ദ്രമോദിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു വിവാദമാക്കിയതോടെ മകളുടെ സ്വകാര്യതയാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും തകര്‍ത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവമാണിത്. മകള്‍ വിവാഹിതയായി സുഖമായി ജീവിക്കുന്നതിനിടെ പഴയ സംഭവങ്ങള്‍ കുത്തിപ്പൊക്കുന്നത് മകളുടെ കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ട്. മകളുടെ പേരു പുറത്തുവരാത്ത രീതിയില്‍ പ്രശ്നത്തില്‍ ഇടപെടല്‍ നടത്തണമെന്നും പ്രാണ്‍ലാല്‍ വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു.
മുന്‍ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ ഐപിഎസ് ഉദ്യോഗസ്ഥനായ ജി.എല്‍. സിംഹലിനോട് യുവതിയെ നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശം നല്കുന്ന ശബ്ദരേഖ 15ന് രണ്ടു വെബ്പോര്ട്ടലുകള് പുറത്തുവിട്ടിരുന്നു. ഇതു മോദിയുടെ നിര്‍ദ്ദേശ പ്രകാരം മോദിക്ക് പ്രത്യേക താല്‍പ്പര്യമുള്ള യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ അയച്ചെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്നു. അതിനിടെ യുവതിയുടെ പിതാവുതന്നെ രംഗത്തെത്തിയിട്ടും സംഭവത്തേപ്പറ്റി കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷിക്കുകയാണെന്ന നിലപാടുമായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ രംഗത്തെത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: