കൊച്ചി: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുന്‍തൂക്കം ഇന്ത്യക്ക്. ബൗളിംഗിനെ അപേക്ഷിച്ച് കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഇന്ത്യക്ക് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ രണ്ട് സെഞ്ച്വറികളോടെ മാന്‍ ഓഫ് ദി സീരീസ് ബഹുമതി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ഏകദിന പരമ്പരക്കിറങ്ങുന്നത്. കഴിഞ്ഞചാമ്പ്യന്സ്ട്രോഫി ക്രിക്കറ്റ് മുതല്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം അലങ്കരിക്കുന്ന രോഹിത് ശര്‍മ്മ മികച്ച ഫോമിലാണ്. ശിഖര്‍ ധവാനും ഏകദിനത്തില്‍ ഉജ്ജ്വല പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. പിന്നാലെ വരുന്നവരില്‍ പ്രമുഖന് വിരാട് കോഹ്ലിയാണ്. അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. ആദ്യമൂന്ന് ബാറ്റ്സ്മാന്മാരും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയെ മറികടക്കുക വിന്‍ഡീസിന് പ്രയാസകരമായിരിക്കും. നാലും അഞ്ചും സ്ഥാനങ്ങളില്‍ ഇറങ്ങുന്ന സുരേഷ് റെയ്നയുടെയും യുവരാജിന്റെയും ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്നത്. അതേസമയം തുടര്ന്നിറങ്ങുന്ന ധോണി മികച്ച ഫോമിലാണെന്നതും ഇന്ത്യക്ക് മത്സരത്തില്‍ മുന്‍തൂക്കം നല്കുന്നു. ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയും മികച്ച ഫോമിലാണ്. കഴിഞ്ഞ ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന കൊച്ചി ഏകദിനത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ജഡേജ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. സ്പിന്‍ ആക്രമണത്തെ നയിക്കുക ആര്. അശ്വിനായിരിക്കും. മുഹമ്മദ് ഷാമിയുടെ വരവോടെ ഇന്ത്യയുടെ ബൗളിംഗും മികച്ച നിലയിലാണ്. ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷാമിയുമായിരിക്കും ബൗളിംഗ് ഓപ്പണ്‍ ചെയ്യുക. മൂന്നാമതൊരു പേസ് ബൗളറെ കളിപ്പിക്കുകയാണെങ്കില്‍ മോഹിത് ശര്‍മ്മയ്ക്കോ ജയദേവ് ഉനദ്കതിനോ ആയിരിക്കും അവസരം.
മറിച്ച് വിന്‍ഡീസ് ക്രിസ് ഗെയില്‍ എന്ന ഒറ്റയാനെ മുന്നില്‍ നിര്‍ത്തിയാണ് ഇറങ്ങുക. ഗെയില്‍ മിന്നിയാല്‍ വിന്‍ഡീസ് കുതിക്കും. മറിച്ച് കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലെപ്പോലെ ഗെയില്‍ ആദ്യം മടങ്ങിയാല്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ വിന്‍ഡീസ് വിഷമിക്കുകയും ചെയ്യും. എന്നാല്‍ ടെസ്റ്റില്‍ മങ്ങിയാലും ഏകദിനത്തില്‍ ക്രിസ് ഗെയില്‍ ഫോമിലേക്കുയരാറാണ് പതിവ്. ഇതാണ് വിന്‍ഡീസിന്റെ ആത്മവിശ്വാസം. ഗെയിലിനൊപ്പം ഇന്നിംഗ്സ് തുറക്കാനിറങ്ങുക വിക്കറ്റ്കീപ്പര്‍ ചാള്‍സ് ജോണ്സായിരിക്കും. തരക്കേടില്ലാത്ത പ്രകടനം നടത്തുന്ന ജോണ്‍സിന് പക്ഷേ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കരുത്തില്ല.
പിന്നാലെയെത്തുന്ന ഡാരന്‍ ബ്രാവോയും മര്‍ലോണ്‍ സാമുവല്‍സും കീറണ്‍ പവലും കഴിഞ്ഞ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെ ക്രീസിലെത്തുക ഓള് റൗണ്ടറും വിന്‍ഡീസ് ക്യാപ്റ്റനുമായ ഡ്വെയ്ന്‍ ബ്രാവോയാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് ഡ്വെയ്ന്‍ ബ്രാവോ. കൂടാതെ നര്‍സിംഗ് ഡിയോനരേയ്നും ഓള്‍റൗണ്ടര്‍ സമിയും മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയരുമെന്ന് ഉറപ്പാണ്.
ഇന്ത്യയെ അപേക്ഷിച്ച് ബൗളിംഗ് കരുത്തില്‍ വിന്‍ഡീസാണ് ഒരുപടി മുന്നില്‍. ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന രവി രാംപോള്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക. ഒപ്പം ജാസണ്‍ ഹോള്‍ഡറും ടിനോ ബെസ്റ്റും ലെന്‍ഡല്‍ സിമ്മണ്‍സും വേഗം കൊണ്ട് ഇന്ത്യയെ വിറപ്പിക്കും. സ്പിന്‍ ആക്രമണത്തിന്റെ ചുക്കാന്‍പിടിക്കുക സുനില്‍ നരേയ്നായിരിക്കും.
സാധ്യതാ ടീം ഇന്ത്യ: എം.എസ്. ധോണി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, യുവരാജ്സിംഗ്, അശ്വിന്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷാമി, ജയദേവ് ഉനദ്കത്/മോഹിത് ശര്‍മ്മ.
വിന്‍ഡീസ് സാധ്യതാ ടീം: ഡ്വെയ്ന്‍ ബ്രാവോ (ക്യാപ്റ്റന്‍), ക്രിസ് ഗെയില്‍, ജോണ്സണ് ചാള്‍സ്, മാര്‍ലോണ്‍ സാമുവല്‍സ്, ഡാരന്‍ ബ്രാവോ, ഡിയോനരേയ്ന്‍, സുനില്‍ നരേയ്ന്, രവി രാംപോള്‍, ഡാരന്‍ സമി, ജേസണ്‍ ഹോള്‍ഡര്‍, ലെന്‍ഡല്‍ സിമ്മണ്‍സ്.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: