കൊച്ചി: നാളെ നടക്കുന്ന വെസ്റ്റിന്‍ഡീസ്-ഇന്ത്യാ ഏകദിന മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. നായകന് എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീമെത്തിയത്. ഉച്ചയ്ക്ക് ഒന്നര മണിയോടെ പരിശീലനം പൂര്‍ത്തിയാക്കി ടീമംഗങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി. ഉച്ചയ്ക്ക് ശേഷമാണ് വെസ്റ്റിന്‍ഡീസ് താരങ്ങള്‍ പരിശീലനത്തിനിറങ്ങിയത്.
നെറ്റ് പ്രാക്ടീസിങ് അടക്കമുള്ള പരിശീലനമാണ് ഇരു ടീമംഗങ്ങളും നടത്തിയത്. ടെസ്റ്റിലെ തോല്‍വിയില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് വെസ്റ്റിന്‍ഡീസ് ടീം നാളെ കളത്തിലിറങ്ങുന്നത്. ആദ്യമായാണ് വിന്‍ഡീസ് കൊച്ചിയില്‍ കളിക്കുന്നത്. അതിനാല്‍ ഒരു ജയത്തോടെ പരമ്പരയ്ക്ക് തുടക്കമിടാനാണ് വിന്‍ഡീസിന്റെ ശ്രമം. വെസ്റ്റിന്‍ഡീസിനെ ദുര്‍ബലരായ എതിരാളികളായി കാണുന്നില്ലെന്ന് ഇന്ത്യന്‍ നായകന് ധോണി പറഞ്ഞു. കൊച്ചിയിലെ വിക്കറ്റ് എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. സ്റ്റേഡിയത്തിന് പുറത്തുള്ള കൗണ്ടറില്‍ ടിക്കറ്റിനായി ഇപ്പോഴും നീണ്ട ക്യൂ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: