ന്യൂദല്‍ഹി: ക്രിക്കറ്റായിരുന്നു സച്ചിന്റെ ജീവശ്വാസം. ക്രിക്കറ്റ് വിട്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സച്ചിനായിരുന്നില്ല. രണ്ടരദശാബ്ദം നീണ്ട കരിയര്‍ അവസാനിപ്പിച്ച് കളം വിടുമ്പോള്‍ ലോകംകണ്ട ബാറ്റിങ് ജീനിയസുകളിലൊരാളായ സച്ചിനു മുന്നില്‍ ഇനിയെന്തെന്ന ചോദ്യം മുഴങ്ങുന്നു. തീപാറുന്ന ബൗണ്‍സറുകളെ അക്ഷോഭ്യനായി അതിര്‍ത്തി കടത്തിയ അനായാസതയോടെ ആ ചോദ്യത്തെയും സച്ചിന് തുരത്തിയോടിക്കുമെന്നു തന്നെ കരുതാം.
ഇപ്പോഴത്തെ അവസ്ഥയില്‍ കുറച്ചുകാലം വിശ്രമിക്കാനാവും സച്ചിന്റെ തീരുമാനം. ഭാരിച്ച ഉത്തരവാദിത്തങ്ങളൊന്നും അടുത്തിടെ അദ്ദേഹം ഏറ്റെടുത്തേക്കില്ല. പിന്നീട് മകന് അര്‍ജുനിന്റെ മാര്‍ഗനിര്‍ദേശകനായി സച്ചിന് മാറുമെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന.
അര്‍ജുനും സച്ചിനെപ്പോലെ ക്രിക്കറ്റിനെ ജീവനുതുല്യം സ്നേഹിക്കുന്നു. പ്രശസ്തമായ കങ്കാ ലീഗില്‍ മുംബൈ അണ്ടര്‍ 14 ടീമിനുവേണ്ടി അര്ജുന് അരങ്ങേറിക്കഴിഞ്ഞു. പക്ഷേ ജൂനിയര്‍ സച്ചിന് അത്ര മികച്ച ഫോമിലല്ല. മഹാനായ അച്ഛന്റെ മകനെന്ന ബോധം അവനില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. മാധ്യമങ്ങളും അര്‍ജുനിനെ പിന്തുടരാന് ആരംഭിച്ചിരിക്കുന്നു. അതില്‍ നിന്നെല്ലാം മോചിതനായി സ്വാഭാവികമായി കളിക്കാന്‍ മകനെ പ്രാപ്തനാക്കുകയാവും സച്ചിന്റെ മുന്നിലെ കഠിന ദൗത്യം.
സച്ചിന് കമന്ററി ബോക്സില്‍ ചടഞ്ഞിരിക്കാനുള്ള സാധ്യതകള്‍ തീരെയില്ല. ബിസിസിഐ നിയമപ്രകാരം അടുത്ത അഞ്ചുവര്‍ഷത്തേക്ക് സെലക്ഷന് കമ്മിറ്റി അംഗമാകാനും കഴിയില്ല. ബിസിനസിനോടും സച്ചിന് ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സച്ചിനില്‍ പലരും അര്‍ജുനിന്റെ ഉപദേഷ്ടാവിന്റെ രൂപംകാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: