‘വെട്ടം പൊലിയുന്ന നേരത്തു
നേരിന്റെ നെറ്റിയില്‍ വേര്
പ്പായ് പൊടിച്ചിറങ്ങീ ഞങ്ങള്‍
ഞങ്ങള്‍ക്കു ഞങ്ങടെ കൂടുതാ; കാടുതാ;
ഞങ്ങള്‍ക്കു ഞങ്ങടെ മണ്ണുതാ; വിണ്ണുതാ;
ഞങ്ങള്‍ക്കു ഞങ്ങടെ ജീവിതം തായെന്നു
നൊന്തു കിടന്നു നിലവിളിക്കെ, നിങ്ങള്‍
തന്നതു തല്ലും വടിയും മരണവും
ചൊല്ലായൊതുങ്ങാത്ത പാടും ദുരിതവും’
(കാടു വിയര്‍ക്കുന്നത് -നീലമ്പേരൂര്‍ മധുസൂദനന് നായര്‍)
ചരിത്രവും മിത്തുകളും ഇഴ ചേര്‍ത്ത് നിന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമായി നീലഗിരി കുന്നുകളുടെയും മുത്തികുളം മലനിരകളുടെയും ഇടയില്‍ 745 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിവര്‍ന്ന് കിടക്കുന്ന അട്ടപ്പാടി. മലമക്കളെ കാക്കുന്ന ദൈവമായി ശിവന്റെ തിരുജട എടുത്തണിഞ്ഞ് ബലിഷ്ഠനായ കാവല്‍ക്കാരനെപ്പോലെ നിവര്‍ന്നു നില്ക്കുന്ന മല്ലീശ്വരന്‍മുടി. കാലദേശങ്ങളെ ധിക്കരിച്ച് കിഴക്കോട്ടൊഴുകിയ ഭവാനിപ്പുഴ. തമിഴകത്തെ വേല്ക്കാന് മോഹിച്ച ശിരുവാണിപ്പുഴ. മഞ്ഞും മൗനവും മൂടിയ പ്രകൃതി രമണീയമായ ഹരിതഗിരിശൃംഗങ്ങള്. എന്നും പ്രക്ഷുബ്ധമാവുന്ന നിശബ്ദതാഴ്വര… പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ ഇവിടെ 189 ഓളം ആദിവാസി സങ്കേതങ്ങള്‍ ഉണ്ട്. മണ്ണിനെയും മരത്തെയും ആശ്രയിച്ചു ജീവിച്ചവര്‍, പ്രകൃതിയെ അറിഞ്ഞവര്‍ കാടിനെയും കാട്ടാറിനെയും സ്നേഹിച്ചവര്‍, പുല്‍കുടിലില്‍ ജീവിച്ച് പൂമരകൊമ്പുകളെ ലാളിച്ചവര്‍…
തീവ്രവും സങ്കീര്‍ണ്ണവുമായ ജീവിതാനുഭവങ്ങുടെ ഊഷരമായ ഭൂതകാലത്തിലൂടെ കടന്നുവന്നവരാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം. അധാര്‍മ്മികവും ക്രമാതീതവുമായ പരിസ്ഥിതി ചൂഷണവും പരിഷ്കൃതസമൂഹത്തിന്റെ സാമൂഹ്യാധിനിവേശവും മൂലം തകര്‍ക്കപ്പെട്ട ഒരു ജീവിത വ്യവസ്ഥയാണ് അട്ടപ്പാടിയിലെ ഗോത്രമേഖലയുടെ ഇന്നത്തെ തിരുശേഷിപ്പ്. പരിഷ്കൃത സമൂഹത്തിന്റെ അധിനിവേശത്തോടെയാണ് ആദിവാസി വിഭാഗത്തിന്റെ പാരമ്പര്യ ജീവിതമുറകള്ക്ക് കോട്ടം തട്ടി തുടങ്ങിയത്. സ്വാര്‍ത്ഥതയുടെയും ചൂഷണങ്ങളുടെയും പുതിയ തന്ത്രങ്ങളുമായുളള ഇവരുടെ കടന്നുകയറ്റം മൂലം നിഷ്കളങ്കരായ ആദിവാസി സമൂഹത്തിന്റെ പാരമ്പര്യ ജീവിത വ്യവസ്ഥകള്‍ തകര്‍ക്കപ്പെട്ടു. ഊരുകളില്‍ ലഹരിയും വാറ്റും കടന്നുകയറി. കച്ചവട, കഞ്ചാവ് – മാഫിയകളും, ബിനാമികളടക്കമുളള ചൂഷകരുടെ ഇരകളും ആയുധങ്ങളുമായി ഇവര്‍ മാറി. സ്വത്വം തകര്‍ക്കപ്പെട്ട്, സ്വന്തം മുറ്റത്തെ മണ്ണ് പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ ഉപ്പിനും ചോറിനും വേണ്ടി അന്യന്റെ ചൊല്‍പ്പടിക്ക് ജീവിതം ബലി കൊടുക്കേണ്ട ദുരവസ്ഥയിലേയ്ക്ക് കാടിന്റെയും മണ്ണിന്റെയും അവകാശികളെത്തി.
മരംവെട്ടും മണ്ണൊലിപ്പും, തൊഴിലില്ലായ്മയും, മാറാവ്യാധികളും ചാരായ – കഞ്ചാവ് ലഹരിയും എന്നും അട്ടപ്പാടിയുടെ ജാതക ദോഷങ്ങളായി, തീരാശാപങ്ങളായി അവരുടെ ശിരസ്സില്‍ പെയ്തിറങ്ങി….കുറ്റിയറ്റുപോയ അവരുടെ കുലപ്രതാപത്തിന്റെ നഷ്ടങ്ങള്‍ അളക്കാന്‍ ഒരു പക്ഷെ ഈ മഷികൂടുകളുടെ അളവുകോലുകള്‍ മതിവരില്ല.
ഡോ.നാരായണന്റെ വരവും ഒരു മിഷന്റെ പിറവിയും
‘ദരിദ്രനിലും പാവപ്പെട്ടവനിലും നീ നാരായണനെ കാണുക’. നിസ്വാര്‍ത്ഥ സേവനത്തിന്റെയും ത്യാഗത്തിന്റെയും ഭാരതീയ ആദര്‍ശം ലോകത്തിന് മുന്‍പാകെ ഉദ്ഘോഷിച്ച ആത്മീയ ദര്‍ശനങ്ങളുടെ തീഷ്ണ സാന്നിധ്യമായ സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ പ്രചോദിതനായ ഡോ. നാരായണന് 2002 ലാണ് ഗോത്രഭൂമിയായ അട്ടപ്പാടിയിലെത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ്. ബിരുദവും ശിശുരോഗ വിഷയത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയ അദ്ദേഹത്തെ തേടി അവസരങ്ങള്‍ അനവധി വന്നെങ്കിലും അട്ടപ്പാടിയില്‍ ഭാരതദര്ശനങ്ങളുടെയും ആതുരസേവനത്തിന്റെയും ‘പ്രചാരകനാ’കാനാണ് നാരായണന് തീരുമാനിച്ചത്. അതുകൊണ്ടുതന്നെ തന്റെ ജന്മനിയോഗമേറ്റുവാങ്ങി പി.പരമേശ്വര്‍ജിയെ പോലെയുളള കണ്തെളിഞ്ഞവരുടെ അനുഗ്രഹാശിസ്സുകളോടെ കാടകത്തേക്ക് യാത്ര തിരിക്കുമ്പോള്‍ ‘ഗണവേഷ’ത്തോടൊപ്പം തന്റെ സ്റ്റെതസ്കോപ്പും അദ്ദേഹം കൂടെ കരുതി. ആതുരസേവനത്തിന്റെയും സാമൂഹ്യസേവനത്തിന്റെയും ആരണ്യകാണ്ഡം അവിടെ തുടങ്ങുകയായിരുന്നു.
‘ആരും ഒറ്റയ്ക്കല്ല കൂടെ ആരുമില്ലാതില്ല’ നാരായണന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് മനസ്സിന്റെ ഉള്‍കോണില്‍ സ്നേഹം കാത്തുവെച്ച സമാനമനസ്കരായ ഒരുപിടി നല്ല മനുഷ്യര്‍ അദ്ദേഹത്തത്തിന് കൂട്ടായെത്തി. റിട്ടയേര്‍ഡ് എഞ്ചിനീയര്‍മാരായ ബാലകൃഷ്ണന്, വി.പി.എസ്. മേനോന്, ധര്മ്മന്, കെ.എല്‍.പ്രേംകുമാര്‍, അനു, ഇ. ടി. രവീന്ദ്രന്, സജി, വി.കെ. ശ്രീനിവാസന്, ഒ. കൃഷ്ണന്, മുരുകാനന്ദന്, ഡോക്ടര്‍മാരായ രാജേഷ്, ശിവദാസ്, ഉണ്ണികൃഷ്ണന്, ശ്രികാന്ത് തുടങ്ങിയവരുടെ കൂട്ടായ്മയുടെ കരുത്തും ഒരുപാടുപേരുടെ സ്നേഹ പൂര്‍വ്വമായ സഹകരണവും പ്രാര്‍ത്ഥനകളും കൂടിയായപ്പോള്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് പിറവിയെടുത്തു. 2004 സെപ്തംബര്‍ 15ന് മിഷന് ഔദ്യോഗികമായി നിലവില്‍വന്നു. നാലു ദേശക്കാര്‍ കൂട്ടായി നട്ടൊരു നാട്ടരയാല്‍ പോലെ വിവേകാനന്ദ മെഡിക്കല്‍ മിഷന് ഇന്ന് അട്ടപ്പാടിയിലെ ആദിമ മനുഷ്യന്റെ ഭൂമികയില്‍ പേരു പടര്‍ത്തി നില്ക്കുന്ന ഒരു നാട്ടരയാലായി… രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും തണലായി.
ഒരായിരം സര്‍ക്കാര്‍ /സര്‍ക്കാരിതര ആരോഗ്യപദ്ധതികള്‍ വന്ന് വഴിതെറ്റിപോയ ഭൂമികയില്‍ ആതുരസേവന രംഗത്ത് വിവേകാനന്ദ മെഡിക്കല്‍ മിഷന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. മിഷന്റെ മെഡിക്കല്‍ യൂണിറ്റുകള്‍ ഊരുകളിലെ രോഗികള്‍ക്ക് ചികിത്സയുമായി അങ്ങോട്ടു തേടി ചെന്നു. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും അവരുടെ വേദനകള്‍ കണ്ടുംകേട്ടും കൊണ്ടുളള സ്നേഹ ചികിത്സക്ക് ആധുനിക വൈദ്യശാസ്ത്രത്തിലെ ‘ആന്റിബയോട്ടിക്കു’കളേക്കാള്‍ ഫലമുണ്ടായിരുന്നു.
അട്ടപ്പാടിയിലെ മുഖ്യകേന്ദ്രമായ അഗളിയില്‍ 10 ബെഡ്ഡുകളുളള ഒരു ആശുപത്രി അവിടെ ആദിവാസിവിഭാഗങ്ങള്ക്ക് മുഴുവന്‍ സേവനങ്ങളും സൗജന്യമായി നല്കുന്നു. ചീഫ് മെഡിക്കല്‍ ഓഫീസറും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. നാരായണന്റേയും, ഡോ. സമ്പത്ത്കുമാറിന്റേയും മുഴുവന്‍ സമയ സേവനവും എല്ലാ ആഴ്ചകളിലും വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായ വിസിറ്റിംഗ് ഡോക്മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. അട്ടപ്പാടിയിലെ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മിഷന് നിര്‍മ്മിക്കുന്ന മാതൃശിശു സംരക്ഷണ കേന്ദ്രവും, മദ്യാസക്തി ചികിത്സാകേന്ദ്രവും ജനുവരിയില്‍ പ്രവര്‍ത്തന ക്ഷമമാകും.
ആദിവാസിമേഖലയില്‍ മാത്രം കണ്ടുവരുന്ന അരിവാള്‍ രോഗത്തിനെതിരെയുളള പ്രത്യേക ചികിത്സാ പരിപാടി, സാമൂഹ്യ മാനസികാരോഗ്യ പദ്ധതി, കൂടാതെ ഗ്രാമീണ ആരോഗ്യ പദ്ധതി, വിദഗ്ദ്ധ ചികിത്സ ക്യാമ്പുകള്‍ ,’കാഴ്ച’ സൗജന്യ നേത്ര ചികിത്സ ക്യാമ്പുകള്‍, ഊരുകള്‍ കേന്ദ്രീകരിച്ചുളള ഗ്രാമീണ ക്യാമ്പുകള്‍, പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കായുളള പ്രത്യേക ചികിത്സ പദ്ധതികള്‍, മെഡിസിന് കിറ്റ് വിതരണം, മദ്യാസക്തി ചികിത്സയിലൂടെ മദ്യപാനത്തില്‍ നിന്നും മുക്തി നേടിയവരുടെ കൂട്ടായ്മയായി പ്രതിവര്‍ഷം അന്‍പതിനായിരത്തിലധികം രോഗികള്‍ക്ക് മെഡിക്കല്‍ മിഷന് ഇന്ന് സേവനം നല്കി വരുന്നു.
പലതരം ചൂഷണങ്ങള്‍കൊണ്ട് മനോനിലതെറ്റിയ ആദിവാസി വിഭാഗങ്ങള്‍ക്കായി മിഷന് നടപ്പിലാക്കുന്ന സാമൂഹ്യ മാനസികാരോഗ്യ പദ്ധതി ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. ഈ പദ്ധതിയില്‍ 162 രോഗികളെ മിഷന് ചികിത്സിച്ചു വരുന്നു. ഡോ. ചിത്ര വെങ്കിടേശ്വരന്റെ നേതൃത്വത്തിലുളള ‘മെഹക് ‘ ഫൗണ്ടേഷന്റെ ടീം എല്ലാ മാസവും മിഷന് ഹോസ്പിറ്റലില്‍ രോഗികളെ പരിശോധിക്കുന്നുണ്ട്. പദ്ധതിയുടെ ഫലമായി എണ്‍പതോളം രോഗികള്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു കഴിഞ്ഞിട്ടുണ്ട്.
സാമൂഹ്യ വിദ്യാഭ്യാസ സേവന പാതകള്‍
‘ഒരിക്കല്‍ അവനെന്നോട് ചോദിച്ചു: അച്ഛാ ഞാന്‍ അക്ഷരം പഠിക്കട്ടെ: വിശക്കുമ്പോള്‍ വയറു തിരുമ്മി കരയാന്‍ നിനക്ക് ഒരു ഭാഷയുടെയും ആവശ്യമില്ല, എങ്കിലും ഞാന്‍ പറഞ്ഞു മകനേ, നീ അക്ഷരം പഠിച്ചോളു: ഒരിക്കല്‍ അവനെന്നോട് ചോദിച്ചു അച്ഛാ ഞാന്‍ കണക്ക് പഠിക്കട്ടെ: ഒരു റൊട്ടി രണ്ട് റൊട്ടിയേക്കാള്‍ കുറവാണെന്നറിയാന് നീ ഒരു കണക്കും പഠിക്കേണ്ട എങ്കിലും ഞാന്‍ പറഞ്ഞു മകനേ, നീ കണക്ക് പഠിച്ചോളു.’ (ബ്രത്ത്)
വിജ്ഞാനത്തിന്റെ വിത്തുകള്‍ മേറ്റ്വിടെയും മുള പൊട്ടുന്നതിനു മുന്‍പ് ആ ഭാഗ്യം ദര്‍ശിച്ച ഭാരതത്തിന്റെ മണ്ണില്‍ തനതു സംസ്ക്കാര സത്തയുള്ക്കൊണ്ടുളള വിദ്യാഭ്യാസ ശൈലി പിന്തുടരുന്ന മല്ലീശ്വര വിദ്യാ നികേതന്‍ സ്കൂള്‍, ബാല സംസ്കൃതി കേന്ദ്രങ്ങള്‍, ശിശുവാടികള്‍ തുടങ്ങിയവ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഗ്രാമീണ ആരോഗ്യ പരിപാലന പരിപാടി, സ്വയം സഹായ സംഘങ്ങള്‍, പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കുളള ചികിത്സാ പദ്ധതി, അട്ടപ്പാടിയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസി വിഭാഗങ്ങളുടേയും പാവപ്പെട്ടവരുടെ സാമൂഹ്യ-ആരോഗ്യ- വിദ്യഭ്യാസ കാര്യങ്ങളില്‍ സജീവമായി ഇടപ്പെട്ടു കൊണ്ട് മിഷന്റെ 100 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നു. ഭാരതീയ വിദ്യാനികേതന്‍, ട്രൈബല്‍ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് & എജ്യുക്കേഷന്‍ (TIDE) എന്നീ പ്രസ്ഥാനങ്ങള്‍ ഗ്രാമീണ-ആരോഗ്യ-വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മിഷന് പിന്തുണ നല്കുന്നു.
യുഎഇ യിലെ പ്രവാസികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സയന്‍സ്, ടെക്നോളജി&എണ്‍വയോണ്‍മെന്റിന്റെ(ICSTEUAE)സഹായത്തോടെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ‘തണല്‍’ സമഗ്ര ഗോത്ര വികസനപദ്ധതിക്ക് തുടക്കമിട്ടത്. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ 17 ഊരുകളുടെ ബഹുമുഖ വികസനമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഊഷരമായ ഒരു വര്‍ത്തമാനകാലത്തിന്റെ സങ്കടങ്ങളെ അകറ്റി ഉര്‍വ്വരമായ ഒരു കാലത്തിലേയ്ക്ക് തണലൊരുക്കുന്ന പദ്ധതി അട്ടപ്പാടിയിലെ മുഴുവന്‍ ഊരുകളിലേക്ക് വ്യാപിക്കാന്‍ മിഷന് ആഗ്രഹിക്കുന്നു.
അടയാളങ്ങള്‍
അംഗീകാരങ്ങള്‍ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ്. ഒപ്പം ചുമതലപ്പെടുത്തലും. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികത്തോടനു ബന്ധിച്ച് ബാംഗ്ലൂരിലെ സാമൂഹ്യ സേവാ സംഘടനയായ ‘ഉത്തിഷ്ഠ’ ഏര്‍പ്പെടുത്തിയ ‘ഉത്തിഷ്ഠ സേവാ പുരസ്ക്കാരം’ ഈ വര്‍ഷം മിഷന് നേടി. കഴിഞ്ഞ നവംബര്‍ 13 ന് ബാംഗ്ലൂര്‍ ഇന്ദിരാ നഗര്‍ സംഗീത സഭാ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ജീവന കലയുടെ ആചാര്യന് ശ്രീ. ശ്രീ രവിശങ്കര്‍ പുരസ്ക്കാരം മിഷനു സമര്‍പ്പിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഷീല്‍ഡും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ 10 വര്‍ഷമായി ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ ആരോഗ്യ മേഖലയിലും സാമൂഹ്യ സേവന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന് സഞ്ജീവനി അവാര്‍ഡ് ( 2007 ), ഗുരുജി സേവാ പുരസ്ക്കാര് (2008 ) സാമൂഹ്യ സേവാ അവാര്‍ഡ് (2010), ദേവരസ് പുരസ്ക്കാര് (2007,2008 ) എന്നിവയും ലഭിച്ചിട്ടുണ്ട്. മിഷന് ചീഫ് മെഡിക്കല്‍ ഓഫീസറും ട്രസ്റ്റിയുമായ ഡോ. വി. നാരായണനെ രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആതുരസേവനത്തിനുളള പുരസ്ക്കാരം നല്കി ഈ വര്‍ഷം ആദരിച്ചിരുന്നു.
അതെ, കാലവും കര്‍മ്മവും ഗതിമാറിയൊഴുകിയ അട്ടപ്പാടിയുടെ ചരിത്രത്തിലും ഇവിടുത്തെ ആദിമ മനുഷ്യന്റെ മനസ്സിന്റെ മച്ചകങ്ങളിലും മായാത്ത വിധം സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ കുലപ്രതാപം ചിതല് കരണ്ടുപോയ അട്ടപ്പാടിയിലെ കാടും, കാറ്റും, കിളികളും കാടിന്റെ മക്കളുടെ ഭൂമികയില്‍ കാലുകുത്തിയ നാരായണനോട് അന്ന് ചോദിച്ചിരിക്കണം. നിര്‍മ്മലഹൃദയനായ പഥികന്, കര്‍മ്മബന്ധങ്ങളുടെ ഏത് ചരടാണ് താങ്കളെ ഇതു വഴി കൊണ്ടു വന്നത്?
മണികണ്ഠന് പനങ്കാവില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: