ഒരാഴ്ചയായി സൗദാമിനിയില്‍ ഈ മാറ്റം കണ്ടുതുടങ്ങിയിട്ട്, കാരണമെന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ചോദിച്ചിട്ട് ഒന്നും മിണ്ടുന്നുമില്ല. അവളുടെ ഭര്‍ത്താവും ഞങ്ങളുടെ തങ്കക്കുടം പോലുള്ള മോള് അനുവിന്റെ അച്ഛനുമായ എന്നെ അവള് താഴെ വയ്ക്കുന്നില്ല. കുഞ്ഞിനെ അവള് അള്ളിപ്പിടിച്ചുകൊണ്ടാണ് നടത്തവും കിടത്തവും. എന്തോ കണ്ടു ഭയന്നിട്ടെന്നപോലെ കണ്ണുകള്‍ തുറിച്ചിരിക്കുന്നു. കണ്ണുകള്‍ ചിമ്മുന്നതേയില്ല. എന്റെ എല്ലാമെല്ലാമായ സൗദയ്ക്കെന്ത് സംഭവിച്ചു. എന്റെയച്ഛനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവള്‍ അച്ഛന്റെ നേരെ പോലും നോക്കുന്നില്ല. എന്റെയമ്മയുണ്ടായിരുന്നെങ്കില് എന്താണ് സംഭവിച്ചതെന്ന് അമ്മ പറഞ്ഞു തരുമായിരുന്നു.
എന്റെ എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയിട്ടുള്ള അമ്മ ഇതിനും പരിഹാരം കണ്ടെത്തിയിട്ടുണ്ടാവും. എന്റെ ചുറ്റും കാറ്റായി ചുറ്റുമുണ്ടായിരിക്കും. ആ കാറ്റായിരിക്കും സൗദയുടെ അമ്മയെ വിളിച്ചുവരുത്തുവാന്‍ എന്റെ ചെവിട്ടില് പറഞ്ഞത്. സൗദയുടെ അമ്മയ്ക്കെന്നെ സഹായിക്കുവാന്‍ കഴിയുമായിരിക്കും.
നിമിഷങ്ങള്‍ ഇഴയുകയാണ്. കുഞ്ഞിനുവേണ്ടുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും അവള് തയ്യാറാക്കുന്നില്ല. എനിക്കും അച്ഛനും അവള്‍ക്കും ഹോട്ടല്‍ ഭക്ഷണമാണ് കുറച്ചു ദിവസമായി വാങ്ങുന്നത്. ആരും ഒന്നും കഴിക്കുന്നില്ലെങ്കിലും.
കളിയും ചിരിയും ഒഴിഞ്ഞ പാട്ടും കൂത്തും ഇല്ലാത്ത, ആശയവിനിമയം നിലച്ച, ടിവിയും റേഡിയോയും ശബ്ദിക്കാത്ത, കരയുവാന്‍ കാത്തുനില്ക്കുന്ന കണ്ണുള്ളവരുടെ വീടായി മാറിയിരിക്കുന്നു എന്റെ വീട്.
ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടപ്പോള്‍ പ്രത്യാശയുടെ കണ്ണുകള്‍ ജനല്‍ കര്ട്ടന് കീറിമുറിച്ച് ഗേറ്റിലെത്തി. ആശ്വാസമായി. സൗദയുടെ അമ്മ എത്തിയിരിക്കുന്നു. അവര്‍ ഓട്ടോയില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു. എന്റെ അടത്തു വന്ന് കിതച്ചുകൊണ്ട് ചോദിച്ചു- “എന്താ മോനേ? സൗദയ്ക്കെന്ത് പറ്റി?” ഞാന്‍ പറഞ്ഞു “പ്രത്യേകിച്ചൊന്നുമില്ല. എന്തോ കുഴപ്പമെന്നേ എനിക്ക് പറയാന്‍ കഴിയൂ.”
എവിടെ അവള്? അമ്മ കിടപ്പുമുറി ലക്ഷ്യമാക്കി ഓടി. കതകു തുറന്നപ്പോള്‍ കുഞ്ഞിനേയും കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്ന അവള് ഞെട്ടിയെഴുന്നേറ്റു. അമ്മയെ തുറിച്ചു നോക്കി. ആരെയോ ഭയക്കുന്ന മുഖഭാവം. അമ്മയെ കണ്ടയുടന്‍ സൗദാമിനി അവരെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു. “അമ്മേ! എന്നെ രക്ഷിക്കമ്മേ, അമ്മയ്ക്കെ എന്നെ രക്ഷിക്കാനാകൂ. എനിക്കീ ഭൂമിയിലെ ഒരാളെപ്പോലും വിശ്വാസമില്ല. എന്റെ ഭര്‍ത്താവ് പ്രേമേട്ടനടക്കം ആണായിപ്പിറന്ന ഒറ്റയാളെപ്പോലും കാണുന്നതുപോലും എനിക്ക് വെറുപ്പാണ്.
“എന്താ മോളേ നീയിങ്ങനെയൊക്കെ പറയുന്നത്? നിനക്കെന്തു പറ്റി.” അവളെ ചേര്‍ത്തുപിടിച്ച് അവളുടെ പുറം തലോടിക്കൊണ്ട് അവളുടെ അമ്മ എന്റെ നേരെ തിരിഞ്ഞു. “മോനേ…..പ്രേമാ…..എന്താണ് സംഭവിച്ചത്?”
“ഇവിടെ പ്രത്യേകമായി ഒന്നുമുണ്ടായില്ലമ്മേ. എന്നോടുപോലും അവളൊന്നും സംസാരിക്കുന്നില്ല. അപരിചിതനെപ്പോലെയാണ് എന്നെ നോക്കുന്നത്. അതാണ് ഞാന്‍ അമ്മയോട് പെട്ടന്നെത്തുവാന് വിളിച്ചു പറഞ്ഞത്.”
അവള് കുഞ്ഞിനെ അള്ളിപ്പിടിച്ചു കൊണ്ടു തന്നെ കട്ടിലില്‍ നിന്നും എഴുന്നേറ്റ് അലമാര തുറന്നു. കുറച്ചു പത്രങ്ങളും ആഴ്ചപ്പതിപ്പുകളും കട്ടിലേക്ക് വലിച്ചെറിഞ്ഞു. “അമ്മ അതെല്ലാം വായിച്ചു നോക്കിയേ?” അമ്മ പത്രങ്ങള്‍ നിവര്‍ത്തി നോക്കി. എല്ലാ പാത്രങ്ങളിലും കറുത്ത അക്ഷരങ്ങള്‍ ചുറ്റും നീല മഷികൊണ്ട് അവള് പെട്ടി വരച്ചിരിക്കുന്നു. എല്ലാ പെട്ടികളും ആ അമ്മ വായിച്ചു. “രണ്ടു വയസ്സുകാരിയെ അയല്‍വാസിയായ ഇരുപതുകാരന് ലൈംഗികമായി പീഡിപ്പിച്ചു. സ്വന്തം അച്ഛന് പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു. രണ്ടു വയസ്സുകാരിയെ മുത്തച്ഛന് പീഡിപ്പിച്ചു. പിഞ്ചുകുഞ്ഞിന്റെ ജഡം കുറ്റിക്കാട്ടില്‍. കടത്തിണ്ണയില്‍ കിടന്നുറങ്ങിയ രണ്ടുവയസ്സുകാരിയെ അമ്മയുടെ അരികില്‍നിന്നും എടുത്തുകൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു കൊന്നു. കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.”
സൗദാമിനി ആക്രോശിക്കുകയായിരുന്നു. “കണ്ടോ? എല്ലാം കണ്ടോ? എല്ലാം വായിച്ചില്ലേ? പത്രങ്ങളും, ആഴ്ചപ്പതിപ്പുകളും മാസികകളും ചാനലുകളും എല്ലാം നിറഞ്ഞുനില്ക്കുന്ന വാര്‍ത്തകളാണ്. പ്രേമേട്ടനെ എനിക്ക് വിശ്വാസമില്ല. പ്രേമേട്ടന്റെ അച്ചനെ പേടിയാണ്. എന്റെ കുഞ്ഞിനെ ആരും തൊടുന്നതുപോലും എനിക്കിഷ്ടമല്ല. എനിക്കൊറ്റയ്ക്ക് എന്റെ പൊന്നു മോളേ നോക്കി വളര്‍ത്താനാവില്ല. അമ്മയ്ക്കെന്റെ കൂടെ നില്‍ക്കാമോ? ഇല്ലെങ്കില്‍ ഞാന്‍ എന്റെ മോളേയും കൊല്ലും ഞാനും ചാകും. അവളുടെ അമ്മയും പ്രേമനും അതുകേട്ട് ഞെട്ടി, മുഖത്തോട് മുഖം നോക്കി. എന്താ മോളേ നീയിങ്ങനെ? ഞാനിവിടെ നിന്നാല്‍ അവിടുത്തെ കാര്യങ്ങളാരാ നോക്കുക” സൗദാമിനി അമ്മയെ നോക്കി അലറുകയായിരുന്നു. “വേണ്ട, അമ്മ പൊയ്ക്കോളൂ, ഞാന്‍ പറഞ്ഞതു കേട്ടല്ലോ? മറ്റു മാര്‍ഗമൊന്നും എന്റെ മുന്നിലല്ല.” അനുമോളും പേടിച്ചു വിറച്ച് പൊട്ടിക്കരയുവാന്‍ തുടങ്ങി.
അമ്മയും പ്രേമനും പ്രേമന്റെ അച്ഛനും തീന് മേശയ്ക്കു ചുറ്റുമിരുന്നാലോചിച്ചു. അലോചനകള്‍ക്കൊടുവില്‍ അവളെ എത്രയും പെട്ടെന്ന് മാനസിക രോഗ വിദഗ്ദ്ധന്റെ അടുത്തെത്തിക്കണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു.
കെ.എ.രവീന്ദ്രന്, കുമ്പളങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: