ആലുവ: ബ്രിട്ടീഷ് രാജകുമാരന്റെ കേരള സന്ദര്‍ശനം മറയാക്കി ആലുവ നഗരത്തിന്റെ വികസനത്തിനെന്ന പേരില്‍ ഒപ്പുവച്ച കരാറില്‍ ദുരൂഹതകളേറെ. ഭരണ പക്ഷത്തുള്ള പല കൗണ്‍സിലര്‍ മാര്‍ക്കുപോലും കരാര്‍ സംബന്ധിച്ച പല കാര്യങ്ങളും അറിയില്ല. അടുത്തിടെ ആലുവ മണപ്പുറത്ത് ചില പദ്ധതികള്‍ കൊണ്ടുവന്ന് മണപ്പുറം കൈയടക്കാന്‍ ശ്രമിച്ച ലോബികള്‍ മറ്റൊരു രൂപത്തില്‍ എഴുന്നള്ളിച്ചുകൊണ്ടുവന്നതാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കലെന്നാണ് വിമര്‍ശനം.
പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ അവ്യക്തതകള്‍ നീക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നാണ് നഗരസഭയിലെ പല കൗണ്‍സിലര്‍മാരും പറയുന്നത്. കൗണ്‍സില്‍ യോഗത്തില്‍ പല കൗണ്‍സിലര്‍ മാരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കോണ്‍ഗ്രസിലെ ഒട്ടേറെ സീനിയര്‍ കൗണ്സിലര്മാരുണ്ടെന്നിരിക്കെ ആദ്യമായി കൗണ്‍സിലറായ വ്യക്തിയെ കരാറുമായി ബന്ധപ്പെട്ട കോ-ഓര്ഡിനേറ്ററാക്കിയതിനെ ചൊല്ലിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്നത് തടയാനും നഗരത്തിലെ തിരക്ക് കുറയ്ക്കാനും മറ്റുമെന്ന പേരില്‍ ആലുവ പുഴയോരങ്ങളില്‍ ചില സുഖവാസ പദ്ധതികളും മറ്റും തയ്യാറാക്കാനും നീക്കമുണ്ട്. ഇതിന് മുന്നോടിയായി ചില വമ്പന്മാര് ആലുവ നഗരത്തിലെ പുഴയോരത്തെ പല വീടുകളും മോഹവില നല്കി ബിനാമി പേരുകളില്‍ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്.
പല കാര്യങ്ങളിലും നഗരസഭ വേണ്ടത്ര ഗൗരവമായ ആലോചനകള്‍ നടത്താതെയാണ് പല പദ്ധതികളും നടപ്പാക്കുന്നത്. ഇതുമൂലം നഗരസഭ സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. ആലുവ കമരികടവില് പുഴ നികത്തി കെട്ടിടം നിര്മിക്കാനനുമതി നല്‍കിയത് തന്നെ ചില വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഈ കെട്ടിടം പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നഗരസഭ സെക്രട്ടറിയെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനിടെ ആവശ്യമുന്നയിച്ചിട്ടുണ്ട്. മാസ്റ്റര്‍പ്ലാനിന്റെ മറവില്‍ ആലുവ മണപ്പുറത്തിന്റെ പരിപാവനത നഷ്ടപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടു വന്നാല്‍ ചെറുക്കുമെന്ന് ഹൈന്ദവ സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.
മാസ്റ്റര്‍ പ്ലാനിന്റെ മറവില്‍ നഗരസഭ ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചാല്‍ ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പരിസ്ഥിതി സംഘടനകള്‍ മുന്നോട്ടുവരുമെന്ന് കണ്ടതോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കലിന് മുന്നോടിയായി ചില സെമിനാറുകളും മറ്റും സംഘടിപ്പിച്ച് പരിസ്ഥിതി നേതാക്കള്‍ക്ക് ഇതില്‍ പ്രാധാന്യം നല്കി കൂടെ നിര്‍ത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: