ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തക കിരണ്‍ബേദിയും മാധ്യമ പ്രവര്ത്തകന് പ്രൊഫ. എം.ഡി നാലപ്പാട്ടും ബിജെപി വേദിയിലെത്തി വികസനാശയങ്ങള്‍ പങ്കുവെച്ചു. ബിജെപി ദേശീയ ബൗദ്ധികസെല് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ടാണ് ഇരുവരും ദല്ഹിയേപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്.
ശക്തമായ നേതൃത്വം രാജ്യത്തുണ്ടായാല്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂവെന്ന് എം.ഡി നാലപ്പാട്ട് പറഞ്ഞു. അധികാരത്തില്‍ ആരെത്തുന്നു എന്നതല്ല സുതാര്യത ഉറപ്പുവരുത്തുന്ന ഭരണമാകണം നടക്കേണ്ടത്. അധികാര വികേന്ദ്രീകരണത്തിനു ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. പൗരന്മാരുടെ മേല്‍ ഇടപെടല്‍ നടത്തുന്നതിനായി രാജ്യത്ത് 612 ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്റെ എണ്ണം കുറച്ചുകൊണ്ടുവരണമെന്നും എം.ഡി നാലപ്പാട്ട് പറഞ്ഞു.
ദല്‍ഹിയിലെ ക്രമസമാധാന തകര്‍ച്ച പരിഹരിക്കുന്നതിനായി മികച്ച പോലീസിംഗ് നടപ്പാക്കാന്‍ വേണ്ട കര്‍മ്മ പദ്ധതികള്‍ കിരണ്‍ ബേദി സെമിനാറില്‍ അവതരിപ്പിച്ചു. ആറു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനായി നടക്കണമെന്ന് അവര്‍ പറഞ്ഞു. ആദ്യ തലത്തില്‍ പഞ്ചായത്ത്,സ്കൂള്‍ അധ്യാപകര്‍,വനിതാ സംഘടനകള്‍,രക്ഷിതാക്കള്‍ എന്നിവരെല്ലാം സംയോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. രണ്ടാമത് രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനം. മൂന്നാമത് പോലീസിന്റെ ആധുനികവല്‍ക്കരണവും ബീറ്റ് സിസ്റ്റത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കലും ശരിയായ പരിശീലനവും നടപ്പാക്കുക എന്നതാണ്.
പ്രോസിക്യൂഷന്, ജയില്‍,മാധ്യമങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗത്തിന്റെകൂടെ പിന്തുണയോടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോലീസിനു കഴിയും. ഭരണത്തിലെത്തുന്ന സര്‍ക്കാരാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടത്. എല്ലാ വകുപ്പ് സെക്രട്ടറിമാരും സമൂഹത്തിലേക്കിറങ്ങി സാധാരണ ജനങ്ങളുമായി ആശയ വിനിമയം നടത്തിയാല്‍ ഭരണതലത്തില്‍ കാര്യക്ഷമമായ പുരോഗതി ഉണ്ടാകും. ഓഫീസുകളില്‍ നിന്നും പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്നതിനു യാതൊരു നിയമ വിലക്കും ഈ രാജ്യത്തു നിലവിലില്ലതാനും. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങള്‍ സമൂഹത്തില്‍ ചലനമുണ്ടാക്കുമെന്നും കിരണ്‍ബേദി പറഞ്ഞു.
പ്രൊഫ.സുഷമാ യാദവ്,ദല്‍ഹിയിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശക്തി സിന്‍ഹ ഐഎഎസ്,മഹേന്ദ്ര പാണ്ഡേ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സുബ്രഹ്മണ്യം സ്വമിയുള്പ്പെടെയുള്ള നേതാക്കളും ദല്‍ഹിയിലെ ബൗദ്ധികരംഗത്തെ പ്രമുഖ വ്യക്തികളും സെമിനാറില്‍ പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവെച്ചു. ബിജെപി ദേശീയ ബൗദ്ധിക സെല്‍ കണ്‍വീനര്‍ ഡോ. ആര്.ബാലശങ്കര്‍ സ്വാഗതവും വിജയ് ക്രാന്തി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: