പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നടന്നുവരുന്ന പ്ലേറ്റ് ‘എ’ സി.കെ നായിഡു ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളവും ഹിമാചല്‍ പ്രദേശുമായുള്ള മത്സരത്തിന്റെ ആദ്യ ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ബാറ്റിംഗിനിറങ്ങിയ ഹിമാചല്‍പ്രദേശ് 5 വിക്കറ്റ് നഷ്ടപ്പെട്ട് 253 റണ്‍സെന്നനിലയിലാണ്.
തുടക്കത്തില്‍ നല്ല രീതിയില്‍ കേരള ബൗളര്‍മാര്‍ ഹിമാചല്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ അഭിമന്യു റാണ, നകുല്‍ രാജ് ശര്‍മ്മ എന്നിവര്‍ക്കെതിരെ പന്തെറിഞ്ഞെങ്കിലും ഫീല്‍ഡിങ്ങിലെ അലസത വിനയായി. 47 റണ്‍സിലാണ് ഹിമാചലിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. അഭിമന്യു റാണയെ (18) അഭിഷേക് മോഹന്‍ മടക്കി. പിന്നീടു വന്ന അങ്കിത് കല്സിയുമൊത്ത് 97 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിനുശേഷമാണ് നകുല്‍ രാജ് ശര്‍മ്മ (62) അക്ഷയ് ചന്ദ്രനു കീഴടങ്ങിയത്. അങ്കിത് കല്‍സി (71) ക്യാപ്ടന് സുമീത് വര്‍മ്മ (65) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികള്‍ ഹിമാചല്‍ ഇന്നിംഗ്സിന് കരുത്തേകി. ഇന്നലെ കളി നിര്‍ത്തുന്നതിന് തൊട്ടുമുന്‍പായി അങ്കിത് ക്ശിക്കിനെയും (1) കേരളം പവലിയനിലേക്കുമടക്കി. നിഖില്‍ ഗഗ്ഡ (21) അങ്കുഷ് ബേദി (1) എന്നിവര്‍ ക്രീസില്‍ നില്ക്കുന്നു.
കേരളം എട്ടു ബൗളര്‍മാരെ പരീക്ഷിച്ചെങ്കിലും 3 വിക്കറ്റ് നേടിയ വലം കൈയ്യന്‍ പേസ് ബൗളര്‍ അഭിഷേക് മോഹനാണ് ഹിമാചല്‍ ഇന്നിംഗ്സിന് കടിഞ്ഞാണിടുന്നതില്‍ വിജയിച്ചത്. ഇതേ ഗ്രൗണ്ടിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വന്‍ വിക്കറ്റ് വേട്ട നടത്തിയ മോനിഷിന് ഒരു വിക്കറ്റേ ഇതുവരെ നേടാന്‍ സാധിച്ചുള്ളൂ. മറ്റൊരു വിക്കറ്റ് അക്ഷയ് ചന്ദ്രന് കരസ്ഥമാക്കി.
പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി ചെയര്പ്പേഴ്സണ് നിഷി അനില്‍രാജ് മത്സരം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: