മുത്തോട് മുത്ത് ചേര്‍ത്ത ജീവിത വിജയത്തിന്റെ പടവുകള്‍ ചവിട്ടി കയറുകയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തംഗം സിജി ബാബു. ജനപ്രതിനിധി എന്ന തിളക്കത്തിന് കൃത്യമായ ആയുസുണ്ടെന്നും അതിനുശേഷവും ജീവിതത്തിന് ഒരു ലക്ഷ്യം വേണമെന്ന ഉറച്ച തീരുമാനമാണ് സിജിബാബു എന്ന സ്ത്രീയെ റോള്‍ഡ് ഗോള്‍ഡ് ആഭരണ നിര്‍മാണ മേഖലയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സമയത്ത് സാധാരണ വീട്ടമ്മ മാത്രമായിരുന്നു സിജി. മെമ്പറായതിനുശേഷമാണ് സ്വയം തൊഴിലിലേക്കിറങ്ങിയത്.
സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു വരുമാനമാര്‍ഗ്ഗം ഇന്നത്തെ ജീവിത സാഹചര്യത്തില്‍ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് സിജി തെരഞ്ഞെടുത്തതാണ് ഈ മേഖല. ജനപ്രതിനിധി എന്ന നിലയ്ക്കുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്തതിനുശേഷം കിട്ടുന്ന സമയം വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു തൊഴില്‍ എന്ന നിലയ്ക്കാണ് റോള്‍ഡ് ഗോള്‍ഡ് പണിയിലേര്‍പ്പെടുന്നത്.
സുഹൃത്ത് ചെയ്യുന്നത് നോക്കി പഠിച്ചതാണ് ഏകപ്രേരണ. നാട്ടുകാരേയും വീട്ടുകാരേയും സേവിച്ച് മിച്ചം വരുന്ന സമയം കൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലിയില്‍നിന്നും പ്രതീക്ഷിച്ചതിലധികം വരുമാനവും ലഭിക്കാന്‍ തുടങ്ങി. ആ തിരിച്ചറിവാണ് മറ്റ് സ്ത്രീകളെ കൂടി ഈ ജോലിയിലേക്ക് സഹായികളായി കൂട്ടുവാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ നാലു സ്ഥലങ്ങളിലായി പന്ത്രണ്ട് സ്ത്രീകളാണ് സിജിയുടെ കീഴില്‍ പണിയെടുക്കുന്നത്. മാലകള്‍, പാദസ്വരം, കമ്മല്‍ എന്നീ ഇനങ്ങള്‍ മാത്രമാണ് ഇവര്‍ നിര്‍മിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ചെറിയ വരുമാനമാര്‍ഗം പ്രതീക്ഷിച്ച് തുടങ്ങിയ ആശയമാണ് ഇന്നിപ്പോള്‍ പന്ത്രണ്ടുപേര്‍ക്ക് തൊഴിലു കൊടുക്കാനായത് എന്നോര്‍ക്കുമ്പോള്‍ സിജിക്ക് ഇപ്പോഴും അത്ഭുതം മാറിയിട്ടില്ല.
ഒല്ലൂരില്‍ നിന്നുമാണ് നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ കൊണ്ടുവരുന്നത്. ഒരു ഡസനിലധികം മോഡലുകളിലാണ് ആഭരണങ്ങളുടെ നിര്‍മാണം നടക്കുന്നത്. ഒരു മാല നിര്‍മിച്ചു നല്കുമ്പോള് 50 മുതല്‍ 70 രൂപ വരെ കൂലിയായി ലഭിക്കും. ഒരു പാദസരത്തിന് 40 മുതല്‍ 50 രൂപ വരേയും കമ്മലിന് 10 മുതല്‍ 15 രൂപ വരേയുമാണ് ലഭിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ വസ്തുക്കള്‍ക്കായി പകുതിയോളം തുക മാറ്റി വയ്ക്കേണ്ടി വരും. എന്നിരുന്നാലും മറ്റ് ജോലികള്‍ കഴിഞ്ഞുള്ള സമയത്ത് ചെയ്യുന്ന ഈ ജോലിയില്‍നിന്നും 100 മുതല്‍ 250 രൂപ വരെ ദിനംപ്രതി സമ്പാദിക്കാനാവുമെന്ന് സിജി പറയുന്നു. ആഭരണങ്ങളില്‍ പ്ലേയ്റ്റിങ് ജോലികള്‍ നടത്താതിനാല്‍ പരിസരത്ത് ആസിഡ് മാലിന്യം പോലുള്ള പ്രശ്നങ്ങളും ഉടലെടുക്കുന്നില്ല.
രണ്ട് വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ സുഹൃത്തായ ബീനയുടെ വീട്ടിലാണ് ആഭരണ നിര്‍മാണം ആരംഭിക്കുന്നത്. തുടര്‍ന്ന് പുതുക്കാട്, ചെമ്പൂച്ചിറ, കലൂര്‍ എന്നീ സ്ഥലങ്ങളിലേക്കായി പണിശാലകള്‍ വിപുലീകരിക്കുകയായിരുന്നു. ഒഴിവു സമയങ്ങളിലാണ് സിജി ആഭരണ നിര്‍മാണത്തില്‍ സജീവമാകുന്നത്. തിരക്ക് സമയങ്ങളില്‍ പാതിരാത്രി വരെയും നീളാറുണ്ട്. ബസ് ജീവനക്കാരനായ ഭര്‍ത്താവ് ബാബുവും നാലിലും രണ്ടിലും പഠിക്കുന്ന മക്കളായ അഭയ് കൃഷ്ണ, അമിത് കൃഷ്ണ എന്നിവരും സിജിക്ക് പരിപൂര്‍ണ പിന്തുണയാണ് നല്കി വരുന്നത്.
രാജേഷ്, കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: