അസാമാന്യ കഴിവുള്ള ഒരു നാലുവയസുകാരി, പിച്ച വയ്ക്കുന്ന പ്രായം മുതല്‍ ആര്‍ട്ടിസ്റ്റിക്ക് സ്കേറ്റിങ്ങില്‍ കാണികളെ അമ്പരപ്പിക്കുകയാണവള്. ഇതിനോടകം നിരവധി സ്റ്റേജ് പ്രോഗ്രാമുകളും മറ്റ് കലാപ്രകടനങ്ങളും നടത്തി കേരളത്തിന്റെ അഭിമാന താരമായി മാറിക്കഴിഞ്ഞു കടമ്മനിട്ട തുണ്ടിയില്‍ അനില്‍കുമാറിന്റെയും ധന്യയുടെയും മകള്‍ ഐശ്വര്യ അനില്‍. തനിക്ക് പാരിതോഷികമായി ലഭിക്കുന്ന തുക സേവനത്തിനായും മാറ്റി വച്ചും ഈ കൊച്ചുമിടുക്കി ശ്രദ്ധേയയാകുന്നു.
കടമ്മനിട്ട മൗണ്ട് സിയോണ്‍ സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിയാണ് ഐശ്യര്യ. രണ്ടര വയസ്സു മുതല്‍ ചക്രവേഗത്തില്‍ പറന്ന് വിസ്മയങ്ങള്‍ തീര്‍ത്തിരുന്നു ഈ കുരുന്ന്. ടിവിയിലും മറ്റും ആര്‍ട്ടിസ്റ്റിക് സ്കേറ്റിങ് മത്സരം കാണുമ്പോള്‍ അത്തരം ഷൂ വേണമെന്ന് കുട്ടി നിര്‍ബന്ധം പിടിക്കുമായിരുന്നു എന്ന് അമ്മ ധന്യ പറയുന്നു. കുടുംബാംഗങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട പി.ഡബ്യൂ.ഡി. ഉദ്യോഗസ്ഥന് കൂടിയായ അനില്‍ തന്റെ ഓഫീസിനു സമീപമുള്ള പരിശീലനകേന്ദ്രത്തില്‍ കുട്ടിയെ സ്കേറ്റിങ്ങിന് വിട്ടു. സ്കേറ്റിങ്ങിന്റെ ആദ്യഘട്ടം പഠിച്ചെടുക്കാന്‍ മുതിര്‍ന്ന കുട്ടികള്‍ ഒരു വര്‍ഷം വരെ എടുക്കുമ്പോള്‍ രണ്ടര വയസ്സുകാരി ഐശ്യര്യ മൂന്നുമാസം കൊണ്ട് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. സ്കേറ്റിങ്ങില്‍ ശരീരത്തില്‍ റിങ്ങ് ഇട്ടു കൊണ്ടുള്ള ഡാന്‍സ് ആണ് ഐശ്വര്യയുടെ മാസ്റ്റര്‍ പീസ്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന ബഹുമതിയും അവാര്‍ഡും ഐശ്വര്യ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അച്ഛനോടൊപ്പം മലചവുട്ടിയ ഐശ്വര്യ, അയ്യപ്പദര്‍ശനത്തിനുശേഷം വലിയനടപ്പന്തലില്‍ വഴിപാടായി അയ്യപ്പഗീതികള്ക്കൊപ്പം സ്കേറ്റിങ്ങ് നൃത്തരൂപത്തില്‍ അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. സ്കേറ്റിങ്ങില്‍ എന്ന പോലെതന്നെ ക്ലാസിക്കല്‍ ഡാന്‍സ്. ശാസ്ത്രീയ സംഗീതം, വയലിന്, കീബോര്‍ഡ് തുടങ്ങിയ കലാരംഗങ്ങളിലും പഠനത്തിലും ഐശ്യര്യ മുന്നില്‍ തന്നെ.
ആറന്മുള ‘ചിലങ്ക കലാക്ഷേത്ര’ത്തിലാണ് ഈ കലാകാരി മറ്റു കലാരൂപങ്ങള്‍ അഭ്യസിക്കുന്നത്. കലാമണ്ഡലം ശ്രീദേവിയാണ് ഐശ്വര്യയുടെ ഗുരു. കഴിഞ്ഞ വര്‍ഷം നടന്ന ചിലങ്കയുടെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍, വേദിയില്‍ കുഞ്ഞുതാരത്തിന്റെ റോളര്‍ സ്കേറ്റിങ്ങിലെ അത്ഭുത പ്രകടനം കണ്ട ശോഭനയും, മനോജ്. കെ. ജയനും ഈ പൂമ്പാറ്റയെ വാരിപ്പുണര്‍ന്ന് അഭിനന്ദിച്ചിരുന്നു. ഇതിനോടകം നിരവധി വേദികള്‍ പങ്കിട്ട ഐശ്വര്യയ്ക്ക്, സര്‍ക്കാര്‍തല ആഘോഷവേളകളുടെ ഉദ്ഘാടകയാകാനുള്ള ഭാഗ്യം വരെ ലഭിച്ചിട്ടുണ്ട്.
2012-ല്‍ ബാലശ്രീ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു. ഗാന്ധിഭവന്റെ ശിശുശ്രീ അവാര്‍ഡ്, ഉള്‍പ്പെടെ നിരവധി മെഡലുകളും ലഭിച്ചിട്ടുണ്ട്. പഠനം നടത്താന്‍ ഗതിയില്ലാതെ ബാലവേല ചെയ്യുന്ന കുട്ടികളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിമിലെ കേന്ദ്രകഥാപാത്രമായും ഐശ്വര്യ അഭിനയിച്ചു. ഒരു ടിവിഷോയിലും ശ്രദ്ധനേടി.
സ്കേറ്റിങ്ങിനു വേണ്ടിയുള്ള പ്രത്യേക ഷൂവിനു തന്നെ ഇരുപതിനായിരം രൂപയ്ക്ക് മുകളിലാണ് വില, മറ്റ് കലാ അഭ്യാസങ്ങള്ക്കുതന്നെ വലിയൊരു തുക മാസം ചിലവാകുന്നുണ്ട്. എങ്കില്‍പോലും കലാ-കായിക രംഗത്തു നിന്നും പ്രോത്സാഹനമായി കിട്ടുന്ന തുക സ്വന്തം ആവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാതെ സേവനരംഗത്ത് സമര്‍പ്പിച്ച് മാതൃകയാകുകയാണ് ‘വലിയ മനസ്സുള്ള ഈ കൊച്ചുകലാകാരിയും കുടുംബവും’.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: