അരനൂറ്റാണ്ട് പിന്നിട്ട കലാജീവിതം. കണ്‍മുന്നിലെ ആട്ടവിളക്കില്‍ ആത്മാവര്‍പ്പിച്ചുള്ള കഥാവതരണം. കഥകളി അരങ്ങില്‍ കലാസപര്യയുടെ 52 വര്‍ഷങ്ങള്‍ പിന്നിടുന്ന കഥകളി കലാകാരി ചവറ പാറുക്കുട്ടിക്ക് ലഭിച്ച കേരള കലാമണ്ഡലത്തിന്റെ പുരസ്കാര തിളക്കത്തിന് മാറ്റേറെയാണ്. അതിനാലാണ് പാറുക്കുട്ടിയോടൊപ്പം ചവറ നിവാസികളും ആഹ്ലാദിക്കുന്നത്.
അഞ്ചുപതിറ്റാണ്ടുകള്‍ നീണ്ട കളിയരങ്ങില്‍ നിരവധി പുരസ്കാരങ്ങള്‍ ചവറ പാറുക്കുട്ടിക്ക് കിട്ടിയെങ്കിലും കേരളകലാമണ്ഡലം നല്‍കുന്ന കലാരത്ന പുരസ്കാരം വേറിട്ടുനില്‍ക്കുന്നു. നിറഞ്ഞ മനസോടെയാണ് പാറുക്കുട്ടിയമ്മ പുരസ്കാരത്തെ സ്വീകരിക്കുന്നത്.
അരങ്ങിലും അണിയറയിലും ആസ്വാദന തലത്തിലും പുരുഷന്മാര്‍ നിറഞ്ഞാടിയ കഥകളി രംഗത്തേക്ക് പാറുക്കുട്ടി എന്ന പെണ്‍കുട്ടി കടന്നുവന്നത് 1961 ല്‍ തന്റെ 18-ാം വയസ്സിലാണ്. പൂതനയുടെ വേഷം കെട്ടി ആദ്യമായി അരങ്ങത്തെത്തുന്നത് മുതുപിലാക്കാട് ഗോപാലപണിക്കരാശാന്റെ ശിക്ഷണത്തിലായിരുന്നു. നര്‍ത്തകിയായിരുന്ന പാറുക്കുട്ടിക്ക് ഏതാനും ആഴ്ചകളിലെ പരിശീലനം മാത്രമായിരുന്നു ഇതിനു ലഭിച്ചത്.
കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ അരങ്ങേറിയ പൂതനാമോക്ഷം ശ്രദ്ധേയമായതോടെ കുന്നത്തൂര്‍ പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളി യോഗത്തിലെ സ്ഥിരം പൂതനാമോക്ഷക്കാരിയായി വേഷമിടാനുള്ള അവസരവും പാറുക്കുട്ടിക്ക് കൈവന്നു. പോരുവഴി ഗോപാലപിള്ള ആശാനായിരുന്നു രണ്ടാമത്തെ ഗുരു. അദ്ദേഹത്തില്‍നിന്ന് പുരുഷവേഷങ്ങളും സ്ത്രീവേഷങ്ങളും സ്വായത്തമാക്കി. രുഗ്മിണിസ്വയംവരത്തിലെ ശ്രീകൃഷ്ണനായുള്ള അരങ്ങേറ്റത്തിനാണ് പാറുക്കുട്ടി
ആദ്യമായി ചുട്ടി ഇടുന്നത്. അന്ന് മുഖത്ത് തേച്ച ചായത്തിന്റെ ഗന്ധം പിടിക്കാതെ ഛര്‍ദ്ദിച്ചതും പിന്നീട് ഉപ്പിട്ട നാരങ്ങാവെള്ളം കുടിച്ച് ചൊരുക്ക് മാറ്റി അരങ്ങിലെത്തിയതും പാറുക്കുട്ടിയമ്മ രസകരമായി ഇപ്പോഴും വിവരിക്കുന്നു. മാങ്കുളം വിഷ്ണുനമ്പൂതിരിയായിരുന്നു പാറുക്കുട്ടിയുടെ മൂന്നാമത്തെ ഗുരുനാഥന്‍.
ദല്‍ഹിയിലെ ഇന്റര്‍നാഷണല്‍ കഥകളി സെന്ററില്‍ നടത്തിയ ദേവയാനി ചരിതത്തിലെ ദേവയാനിയാകാന്‍ മാങ്കുളം നമ്പൂതിരി പാറുക്കുട്ടിയെ തെരഞ്ഞെടുക്കുകയായിരുന്നു. മാങ്കുളം വിഷ്ണു നമ്പൂതിരി, മടവൂര്‍ വാസുദേവന്‍നായര്‍, മങ്കൊമ്പ് ശിവശങ്കരപിള്ള, ചെന്നിത്തല ചെല്ലപ്പന്‍പിള്ള തുടങ്ങിയ അതുല്യപ്രതിഭകളോടൊപ്പം അരങ്ങിലെത്താന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ പുണ്യമായി ഈ കലാകാരി കരുതുന്നു.
ചവറ എസ്.ബി.ടിക്കു സമീപം ഏക മകള്‍ ധന്യ.എസ്.കുമാര്‍ നടത്തുന്ന കേരള നാട്യധര്‍മ്മി എന്ന സ്ഥാപനത്തില്‍ ഇരിക്കുമ്പോഴാണ് അവാര്‍ഡ് ലഭിച്ച വിവരം അറിയുന്നത്. തനിക്ക് ലഭിച്ച അംഗീകാരങ്ങളെല്ലാം ഗുരുനാഥന്മാരുടെയും സഹപ്രവര്‍ത്തകരുടെയും അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണെന്ന് കഥകളി അരങ്ങിലെ നിറസാന്നിദ്ധ്യമായ പാറുക്കുട്ടി പറയുന്നു. മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ നാട്യധര്‍മ്മിയിലെത്തി അനുമോദനങ്ങള്‍ അര്‍പ്പിച്ചു. വസതിയിലെത്തി പൊന്നാടയണിയിച്ച് മന്ത്രി ഷിബു ബേബിജോണും ആദരിച്ചു.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: