കോഴിക്കോട്: വേഷം ഏതായാലും അത് തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നടന്, എല്ലാവരോടും പുലര്‍ത്തിയിരുന്ന സൗഹൃദം ഇതാണ് ഇന്നലെ അന്തരിച്ച കോടഞ്ചേരിക്കാരന്‍ അഗസ്റ്റിന് മലയാളത്തിന്റെ പ്രിയ നടനായി മാറ്റിയത്. നാടകലോകത്ത് നിന്ന് സിനിമയിലെത്തിയ അഗസ്റ്റിന് നിര്‍മ്മാതാവെന്ന പേരിലും തിളങ്ങി. കിട്ടുന്ന കഥാപാത്രങ്ങള്‍ എല്ലാം അനശ്വരമാക്കുകയായിരുന്നു. അവസാന കാലത്ത് അഭിനയിച്ച ഇന്ത്യന്‍ റുപ്പിയും,ബാപ്പുട്ടിയുടെ നാമത്തിലും ഷട്ടറും വരെയുള്ള ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.
നാടകക്കളരിയില്‍ നിന്നാണ് അഗസ്റ്റിനും സിനിമാലോകത്ത് എത്തുന്നത്. സുരാസുവിന്റെ ‘ഉപാസന’ എന്ന നാടകമാണ് അഗസ്റ്റിന് ശ്രദ്ധേയനാക്കിയത്. ഈ നാടകം ‘കലോപാസന’ എന്ന പേരില്‍ സിനിമ ആക്കിയപ്പോള്‍ അഗസ്റ്റിനും വേഷമിട്ടു. എന്നാല്‍ സിനിമ പുറത്തിറങ്ങിയില്ല.
സിനിമാമോഹവുമായി കോടമ്പാക്കത്തേക്ക് വണ്ടികയറിയ അഗസ്റ്റിന് ഭാഗ്യം തുണച്ചില്ല. അലച്ചിലിനിടയില്‍ കിട്ടിയവേഷത്തില് അഭിനയിച്ചെങ്കിലും സിനിമ പരാജയപ്പെട്ടതോടെ കടല്‍ കടക്കാനുള്ള മോഹവുമായി മുംബൈയിലെത്തി. കയ്യിലുള്ളത് വ്യാജ വിസയാണെന്നറിഞ്ഞതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി. രണ്ടു വര്‍ഷം മുംബൈയില്‍, പിന്നീട് വീണ്ടും നാട്ടിലേക്ക്.
നാട്ടിലെത്തിയ അഗസ്റ്റിന് സിനിമയുടെ അത്ഭുതലോകം രണ്ടാംവരവില്‍ കൈനീട്ടി സ്വീകരിക്കുകയായിരുന്നു. ശ്രീനിവാസന് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി നടക്കുന്ന സമയമായിരുന്നു അത്. ചെറിയ മുന്‍ പരിചയത്തിന്റെ പേരില്‍ അഗസ്റ്റിന് ശ്രീനിവാസന്റെ ഒപ്പം ചേര്‍ന്നു. സഹായിയായാണ് ഒപ്പം ചേര്‍ന്നതെങ്കിലും ഒരു റോള്‍ അഗസ്റ്റിന് ശ്രീനിവാസന് നല്കി. തുടര്‍ന്ന് ശ്രീധരന്റെ ഒന്നാം തിരുമുറിവ്, സദയം, ഇന്‍സ്പെക്ടര്‍ ബല്‍റാം, നീലഗിരി, കമ്മീഷണര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലും അഗസ്റ്റിന് അഭിനയിച്ചു. കമ്മീഷണറിലെ വട്ടപ്പാറ പീതാംബരന് എന്ന കഥാപാത്രമാണ് അഗസ്റ്റിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്.
ഐ.വി.ശശി, സത്യന് അന്തിക്കാട്,കമല്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ അഗസ്റ്റിന്റെ കഥാപാത്രങ്ങള്‍ പ്രത്യേക ശ്രദ്ധനേടി. രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ ഹിറ്റുകളായി മാറിയ ചിത്രങ്ങളില്‍ അഗസ്റ്റിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. നായകനൊപ്പം നില്ക്കുന്ന കഥാപാത്രമായി സ്ക്രീനില്‍ തിളങ്ങുകയായിരുന്നു അഗസ്റ്റിന്, ദേവാസുരം, ആറാം തമ്പുരാന്,ഉസ്താദ്, രാവണപ്രഭു, നരസിംഹം,ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകമനസില്‍ നിലനില്ക്കും. നന്ദനത്തില്‍ പാചകക്കാരന്റെ റോളില്‍ എത്തുന്ന അഗസ്റ്റിന് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മിഴിരണ്ടിലും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഗസ്റ്റിനായിരുന്നു. അറബിക്കഥ, ഒരു മറവത്തൂര്‍ കനവ്, വല്ല്യേട്ടന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്,ഊട്ടിപ്പട്ടണം,ഹിറ്റ്ലര്‍ ബ്രദേഴ്സ്, കരുമാടിക്കുട്ടന്, വേഷം,ചിന്താവിഷ്ടയായ ശ്യാമള, തുടങ്ങിയ ചിത്രങ്ങളില്‍ അഗസ്റ്റിന് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറുകയായിരുന്നു. അഭിനയിച്ചു തീര്‍ത്ത കഥാപാത്രങ്ങളിലൂടെ അഗസ്റ്റിന് എന്നും പ്രേക്ഷകമനസ്സിലുണ്ടാകും.
പി. ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: