മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ മത്സരം എന്ന നിലയില്‍ ഏറെ പ്രസിദ്ധി നേടിയ വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്ക് മുന്‍തൂക്കം. ഒന്നാം ഇന്നിംഗ്സില്‍ വിന്‍ഡീസിനെ 182 റണ്‍സിലൊതുക്കിയശേഷം ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ ആവേശത്തിലാക്കി ക്രീസിലെത്തിയ സച്ചിനും (38 നോട്ടൗട്ട്), ചേതേശ്വര്‍ പൂജാരയുമാണ് (34) ക്രീസില്‍. കൊല്‍ക്കത്തയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അമ്പയറുടെ പിഴവുമൂലം 10 റണ്‍സിന് പുറത്താകേണ്ടിവന്ന ടെണ്ടുല്‍ക്കര്‍ മുംബൈയിലെ വാംഖഡെയില്‍ അവസാന ടെസ്റ്റ് കളിക്കുന്നതിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ അനായാസ ബാറ്റിംഗാണ് നടത്തുന്നത്. തന്റെ പ്രതിഭ നശിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ക്ലാസ്സിക്ക് ഷോട്ടുകളാണ് സച്ചിന്റെ ബാറ്റില്‍ നിന്നും ആറ് തവണയായി അതിര്‍ത്തി കടന്നത്. കളികാണാന്‍ വാംഖഡെയില്‍ ആര്‍പ്പുവിളികളോടെ ഇരമ്പിയെത്തിയ കാണികളുടെ മനം നിറക്കുന്നതായിരുന്നു സച്ചിന്റെ പ്രകടനം.
മുരളി വിജയ് പുറത്തായതിന് പിന്നാലെ ബാറ്റിംഗിനിറങ്ങിയ ലിറ്റില്‍ മാസ്റ്റര്‍ക്ക് വിന്‍ഡീസ് താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ടെസ്റ്റില്‍ തന്റെ വിക്കറ്റ് നേടിയ ഷില്ലിങ്ങ്ഫോര്ഡിനെ കരുതലോടെയാണ് സച്ചിന് നേരിട്ടത്. തന്റെ അവസാന ടെസ്റ്റിലെ ആദ്യ ബൗണ്ടറിയും ഷില്ലിങ്ങ്ഫോര്ഡിന്റെ പന്തിലാണ് സച്ചിന് നേടിയത്.
ആദ്യ ടെസ്റ്റില്‍ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിലും അണിനിരത്തിയത്. അതേസമയം രണ്ട് മാറ്റങ്ങളോടെയാണ് വെസ്റ്റിന്‍ഡീസ് ഇറങ്ങിയത്. ഡിയോനരേയ്ന്‍, ഷാനന് ഗബ്രിയേല്‍ എന്നിവരാണ് അവസാന ഇലവനില്‍ ഇടം പിടിച്ചത്. ചന്ദര്‍പോളിന്റെ നൂറ്റി അമ്പതാമത് ടെസ്റ്റ് മത്സരമാണിത്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. പ്രഗ്യാന്‍ ഓജയുടെയും അശ്വിന്റെയും മാന്ത്രിക സ്പിന്നിന് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. ഒരുഘട്ടത്തില്‍ രണ്ടിന് 96 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് വിന്‍ഡീസ് 182 റണ്‍സിന് ഓള് ഔട്ടായത്. അവസാന എട്ട് വിക്കറ്റില്‍ 86 റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയും 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും ചേര്‍ന്നാണ് വിന്‍ഡീസ് നിരയെ തകര്‍ത്തുകളഞ്ഞത്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയില്‍ നിന്നാണ് പിന്നീട് സന്ദര്‍ശകര്‍ തകര്‍ന്നത്. സ്കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ 11 റണ്‍സെടുത്ത ക്രിസ് ഗെയിലിനെ മുഹമ്മദ് ഷാമി രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 86-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 29 റണ്‍സെടുത്ത ബ്രാവോയെ അശ്വിന് ധോണിയുടെ കൈകളിലെത്തിച്ചു. ഉച്ചഭക്ഷണത്തിനുശേഷം 48 റണ്‍സെടുത്ത പവലിനെ പുറത്താക്കിയാണ് ഓജ ആദ്യ വിക്കറ്റ് നേടിയത്. സ്കോര്‍ മൂന്നിന് 97. പിന്നീട് സാമുവല്‍സും ചന്ദര്‍പോളും ചേര്‍ന്ന് സ്കോര്‍ 140 റണ്‍സിലെത്തിച്ചെങ്കിലും 19 റണ്‍സെടുത്ത സാമുവല്‍സിനെ ഓജ അശ്വിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും തകര്‍ന്നു. പിന്നീടാണ് യഥാര്‍ത്ഥത്തില്‍ വിന്‍ഡീസ് കൂട്ടത്തകര്‍ച്ച നേരിട്ടത്. അവസാന ആറ് വിക്കറ്റില്‍ 42 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. സ്കോര്‍ 148-ല്‍ എത്തിയപ്പോള്‍ 25 റണ്‍സെടുത്ത ചന്ദര്‍പോളിനെ ഭുവനേശ്വര്‍കുമാര്‍ അശ്വിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 162-ല്‍ നില്‍ക്കേ ഡിയോനരേയ്നെ (21) അശ്വിന്റെ പന്തില്‍ മുരളി വിജയ് കയ്യിലൊതുക്കി. ഒരു പന്തിന്റെ ഇടവേളക്കുശേഷം ഇതേ സ്കോറില്‍ തന്നെ ക്യാപ്റ്റന്‍ സമിയെ (0) അശ്വിന് രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. ഇതേ സ്കോറില്‍ തന്നെ എട്ടാം വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. അടുത്ത ഓവറിലെ അവസാന പന്തില്‍ ഷില്ലിംഗ്ഫോര്‍ഡിനെ ഓജ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 172-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന ടിനോ ബെസ്റ്റിന്യും സ്കോര്‍ 182-ല്‍ എത്തിയപ്പോള്‍ ഗബ്രിയേലിനെയും ഓജയുടെ പന്തില്‍ ക്യാപ്റ്റന്‍ ധോണി കയ്യിലൊതുക്കിയതോടെ വിന്‍ഡീസിന് ഇന്നിംഗ്സിന് തിരശ്ശീല വീണു. 12 റണ്‍സോടെ രാംദിന് പുറത്താകാതെ നിന്നു.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനും മുരളി വിജയും ചേര്‍ന്ന് ഏകദിന ശൈലിയിലുള്ള തുടക്കമാണ് നല്‍കിയത്. 13.2 ഓവറില്‍ സ്കോര്‍ 77 റണ്‍സിലെത്തിയപ്പോഴാണ് ഒാപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. 28 പന്തില്‍ നിന്ന് 7 ബൗണ്ടറികളോടെ 33 റണ്‍സെടുത്ത ധവാനെ ഷില്ലിംഗ്ഫോര്‍ഡിന്റെ പന്തില്‍ ചന്ദര്‍പോള്‍ പിടികൂടി. ഇതേ സ്കോറില്‍ തന്നെ രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. എട്ട് ബൗണ്ടറികളോടെ 43 റണ്‍സെടുത്ത മുരളി വിജയിനെ ഷില്ലിംഗ്ഫോര്‍ഡിന്റെ ബൗളിംഗില്‍ സമി കയ്യിലൊതുക്കി. പിന്നീടാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബാറ്റുമായി ക്രീസിലെത്തിയത്. അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിനും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് 80 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: