മട്ടാഞ്ചേരി: ബ്രിട്ടീഷ് രാജകുമാരന് പിറന്നാള്‍ ദിനത്തില്‍ ചരിത്രരാജ നഗരിയിലെ ചരിത്ര ശേഷിപ്പുകള്‍ സന്ദര്‍ശിക്കും. ചാള്‍സ് രാജകുമാരന്റെ 65-ാം പിറന്നാള്‍ ദിനമായ ഇന്ന് പത്നി കാമിലയ്ക്കൊപ്പമാണ് മട്ടാഞ്ചേരി കൊട്ടാരവും ജൂതപ്പള്ളിയും സുഗന്ധവ്യഞ്ജന പാണ്ടികശാലയും ജൂതത്തെരുവ് കാല്‍നടയും നടത്തുക. അക്ഷരനഗരിയിലെ ലളിതമായ പിറന്നാളാഘോഷത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് ബ്രിട്ടീഷ് രാജകുമാരനും പത്നിയുമടങ്ങുന്ന ബ്രിട്ടീഷ് സംഘം പാരമ്പര്യ നാട്ടുരാജ്യ നഗരിയിലെത്തുക.
ജനവാസ കേന്ദ്രത്തിലെ ഇടറോഡുകളിലെ സുരക്ഷാ വലയത്തിലൂടെ ആനവാതിലും കടന്ന് ഡച്ച് കൊട്ടാരമെന്ന് വിശേഷിപ്പിക്കുന്ന മട്ടാഞ്ചേരിയിലെ രാജകൊട്ടാരത്തിലെത്തും. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇലചാറുകള് കൊണ്ട് നിറങ്ങള്‍ നല്കിയ പൗരാണിക ചുമര് ചിത്രങ്ങളും രാജാവിന്റെ ഉടയാഭരണങ്ങളും പല്ലക്കും ആയുധങ്ങളും കണ്ട് കൊട്ടാര സവിശേഷതകള്‍ തിരിച്ചറിഞ്ഞ് ചാള്‍സ് രാജകുമാരന് അരമണിക്കൂര്‍ നേരം സന്ദര്‍ശനം നടത്തും.
തുടര്‍ന്ന് കൊച്ചി രാജവംശ മതസൗഹൃദത്തിന്റെ പ്രതീകമായി ലോകശ്രദ്ധ നേടിയ കൊച്ചി ജൂതപള്ളി (സെനഗോഗ്) സന്ദര്‍ശനത്തിനെത്തും. ജൂതത്തെരുവിലെ കരകൗശല വിപണനകേന്ദ്രവും പൗരാണിക കെട്ടിടസമുച്ചയങ്ങളും ചരിത്ര സൂക്ഷിപ്പുകളും കണ്ടറിഞ്ഞ് ചാള്‍സ് രാജകുമാരന് ഒരുമണിക്ക് ജൂത പള്ളിയിലെത്തിച്ചേരും. അവിടെ ബ്രിട്ടീഷ് രാജകുമാരനും കുടുംബത്തെയും ആശീര്‍വദിച്ചുകൊണ്ട് പ്രത്യേക പ്രാര്‍ത്ഥന നടക്കും. നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ജൂതപള്ളി സന്ദര്‍ശിച്ച് രാജകുമാരനും പത്നിയും സുഗന്ധവ്യഞ്ജന സംഭരണകേന്ദ്രമായ പാണ്ടികശാലയും ജൂതഭവനവും സന്ദര്‍ശിക്കും. രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ബ്രിട്ടീഷ് രാജകുമാരന്റെയും പത്നിയുടെയും രാജനഗരി സന്ദര്‍ശനം കൊച്ചിയിലെ 1997ലെ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സന്ദര്‍ശനശേഷമുള്ള ലോകശ്രദ്ധ നേടിയ ഒന്നാക്കി മാറ്റുകയും ചെയ്യും. രാജകുമാരന്റെ രാജനഗരി സന്ദര്‍ശനം പകര്‍ത്തുവാന്‍ രാജ്യാന്തര-അന്തര്‍ദേശീയ ദൃശ്യമാധ്യമ പ്രവര്‍ത്തകരും എത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: