തിരുവല്ല: ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും തീര്‍ത്ഥാടനകാലത്ത് നടത്തേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ അനാസ്ഥ കാട്ടി. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാനനഗരമാണ് തിരുവല്ല. കേരളത്തിന്റെ തെക്കും വടക്കും ദിശകളില്‍നിന്നും ബസ്സുകളില്‍ എത്തുന്ന ഭക്തജനങ്ങള്‍ എംസി റോഡിലൂടെയാണ് വരുന്നത്. ജില്ലയിലൂടെ എംസി റോഡ് കടന്നുപോകുന്ന ഏക നഗരമാണ് തിരുവല്ലയെന്നത് തീര്‍ത്ഥാടനകാലത്ത് തിരുവല്ലയുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. ട്രയിന്‍ മാര്‍ഗ്ഗം എത്തുന്ന ഭക്തജനങ്ങള്‍ ശബരിമലയോട് ഏറ്റവും അടുത്തതും ജില്ലയിലെ ഏക റയില്വേസ്റ്റഷനുമായ തിരുവല്ല റയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ തീര്‍ത്ഥാടനകാലത്ത് ചെയ്യേണ്ടതായ മുന്നൊരുക്കങ്ങള്‍ ഒന്നുംതന്നെ ഇവിടെ ഇതുവരെ നടത്തിയിട്ടില്ല. എന്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി ആണ്ടുതോറും നടത്തിവരുന്ന അവലോകനയോഗം വിളിച്ചുചേര്‍ക്കുവാന്‍ പോലും ജില്ലയിലെ പാര്‍ലമെന്റ് അംഗങ്ങളായ ആന്റോ ആന്റണിയും പി.ജെ.കുര്യനും കഴിഞ്ഞില്ല.
കെഎസ്ആര്‍ടിസി താത്കാലിക ബസ്സ്സ്റ്റാന്റ് തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഡിപ്പോയുടെ ഭാഗമായുള്ള വര്‍ക്ക്ഷോപ്പ് ഷെഡ് ഷീറ്റുകള്‍ ഇളകി തകര്‍ന്ന നിലയിലാണ്. തീര്‍ത്ഥാടകര്‍ക്ക് മഴ വന്നാല്‍ കയറിനില്ക്കാന് സ്ഥലമില്ല. ഇവി ടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കംഫര്‍ട്ട്സ്റ്റേഷന്‍ ഇപ്പോഴും അടഞ്ഞനിലയിലാണ്. ഇതുമൂലം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പോലും തിരുവല്ലയില്‍ തീര്‍ത്ഥാടകര്‍ക്ക് കഴിയില്ല. ബസ്സുകള്‍ക്ക് അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ നടത്തുവാനും ഡിപ്പോയില്‍ സൗകര്യങ്ങളില്ല. നഗരത്തില്‍നിന്നും ആരംഭിക്കുന്ന പത്തനംതിട്ടയിലേക്കുള്ള പ്രധാന റോഡാണ് തിരുവല്ല-കോഴഞ്ചേരി റോഡ്. ഈ റോഡിന്റെ പല പ്രദേശങ്ങളും ഇപ്പോഴും തകര്‍ന്നു കിടക്കുന്നുണ്ട്. നാമമാത്രമായി കുഴികള്‍ അടച്ചെങ്കിലും കനത്തമഴയില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.റോഡില്‍ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ദിശാബോര്‍ഡുകളൊന്നും തന്നെ കാണാനില്ല.
എക്ലാസ് റെയില്‍വേ സ്റ്റേഷനായ തിരുവല്ല റെയല്വ് സ്റ്റേഷനില്‍ പല ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തീര്‍ത്ഥാടനകാലത്ത് പുതിയതായി അഞ്ച് ട്രെയിനുകള്‍ക്ക് റെയില്‍വേ ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജനുവരി 21 വരെയാണ് ട്രയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ശബരിമല സീസണ്‍കാലത്ത് ചില ട്രെയിനുകള്‍ക്ക് ഇതിനുമുമ്പും തിരുവല്ലയില്‍ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി തീര്‍ത്ഥാടകരെ അറിയിക്കാന്‍ കഴിയാത്തതിനാലും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാനും കഴിയാത്തതിനാല്‍ ഇത് തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടാറില്ല. ഇതുകൊണ്ടു മാസങ്ങള്‍ക്കുമുമ്പുതന്നെ സ്റ്റോപ്പ് അനുവദിക്കുന്ന ട്രയിനുകളെക്കുറിച്ച് വിവരം നല്‍കണമെന്ന് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: