തിരുവനന്തപുരം: കോടികളുടെ സ്വത്തുണ്ടായിരുന്നിട്ടും ചലച്ചിത്ര നടി ശ്രീവിദ്യയ്ക്ക് അവസാന കാലത്ത് മെച്ചപ്പെട്ട ചികിത്സ ലഭ്യമായില്ലെന്ന് അവരെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍. ക്യാന്‍സര്‍ രോഗിയായിരുന്ന ശ്രീവിദ്യയ്ക്ക് രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിന് ഒരു ലക്ഷം രൂപ വിലവരുന്ന ഇഞ്ചക്ഷന് ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന ട്രസ്റ്റ് അംഗങ്ങള്‍ പണം മുടക്കാന്‍ തയ്യാറാകാത്തതിനാല്‍ ശരിയായ സമയത്ത് ചികിത്സ ലഭ്യമായില്ലെന്നാണ് ഡോക്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍സിസി മുന്‍ ഡയറക്ടര്‍ ഡോ.എം.കൃഷ്ണന് നായരുടെ ‘ഞാനും ആര്സിസിയു’മെന്ന അനുഭവ കുറിപ്പിലാണ് വിവാദ വെളിപ്പെടുത്തല്‍.
വീടും ഫ്ലാറ്റും സ്വര്‍ണ്ണ ഉരുപ്പടികളുമായി കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ഉണ്ടായിരുന്ന ശ്രീവിദ്യ അതെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ട്രസ്റ്റിന് നല്‍കുകയായിരുന്നു. മുന്‍മന്ത്രി കെ.ബി.ഗണേശ്കുമാറിനായിരുന്നു ട്രസ്റ്റിന്റെ ചുമതല. ഗണേഷിന്റെ സഹോദരീ ഭര്‍ത്താവും റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ ടി.ബാലകൃഷ്ണന്, മന്ത്രി എം.കെ.മുനീര്‍ എന്നിവരുള്‍പ്പെട്ടതാണ് ട്രസ്റ്റ്. ട്രസ്റ്റ് നടത്തിപ്പ് സംബന്ധിച്ച് വിവാദങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയപ്പോള്‍ ഏതാനും നാള് മുന്‍പ് മന്ത്രി മുനീര്‍ ട്രസ്റ്റില്‍ നിന്നു രാജിവച്ചിരുന്നു.
ശ്രീവിദ്യയ്ക്ക് കുറച്ചെങ്കിലും രോഗശമനം നല്കാന് ഏത് മരുന്ന് നല്‍കണമെന്നതിനെപ്പറ്റി ആലോചിച്ചിരിക്കവെയാണ് പുതിയ മരുന്ന് വിപണിയിലെത്തിയതിനെക്കുറിച്ചറിഞ്ഞതെന്ന് ഡോ. കൃഷ്ണന്‍നായര്‍ പുസ്തകത്തില്‍ പറയുന്നു. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നായതിനാല്‍ തന്നെ വില കൂടിയ മരുന്നായിരുന്നു ഇത്. ഒരു ഇന്ജക്ഷന് ഒരു ലക്ഷത്തിലേറെ ചെലവു വരും. ശ്രീവിദ്യക്കത് വാങ്ങാന്‍ പറ്റുമോ എന്നന്വേഷിച്ചപ്പോള്‍ സ്വത്തെല്ലാം ട്രസ്റ്റിന് കൈമാറിയെന്നും അവരാണ് ഇനിയെന്റെ ചികിത്സ നടത്തേണ്ടതെന്നുമായിരുന്നു മറുപടി. ട്രസ്റ്റ് ഭാരവാഹികളോട് ഡോക്ടര്‍ സംസാരിച്ചു. ഇത്രയധികം പണം മുടക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ തീരുമാനം. പിന്നീട് ഒരു സ്വകാര്യ കമ്പനി സൗജന്യ നിരക്കില്‍ മരുന്നു നല്‍കിയെങ്കിലും ശരിയായ സമയത്ത് മുരുന്നു കൊടുക്കാത്തതിനാല്‍ ഫലമുണ്ടായില്ല. വേദനമാറ്റാന്‍ പിന്നീട് മോര്‍ഫിന്‍ നല്‍കുകയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റും വീടും ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും സ്വര്‍ണ്ണവും അടക്കം കോടികളുടെ സ്വത്തുവകകളെല്ലാം വില്‍പ്പത്രം തയാറാക്കി ഗണേഷ് കുമാറിനെ ഏല്‍പ്പിച്ച ശേഷമായിരുന്നു ശ്രീവിദ്യക്ക് ദാരുണാനുഭവം ഉണ്ടായത്. വില്‍പ്പത്രം പ്രകാരമുള്ള കാര്യങ്ങളൊന്നും നടപ്പാക്കാന്‍ ഗണേശ് തയാറാകുന്നില്ലെന്ന് ശ്രീവിദ്യയുടെ ബന്ധുക്കള്‍ പലവട്ടം പരാതിപ്പെട്ടിരുന്നു. പരാതികളുയര്‍ന്നപ്പോള്‍ മന്ത്രി മുനീര്‍ അടുത്തിടെ ട്രസ്റ്റില്‍ നിന്ന് രാജിവച്ചു.
മരുന്നുവാങ്ങാന്‍ പണമില്ലാതെ മറ്റുള്ളവരുടെ കരുണകൊണ്ട് മരുന്നു വാങ്ങേണ്ട നിലയില്‍ ശ്രീവിദ്യയ്ക്ക് അന്ത്യനാളുകളില്‍ കഴിയേണ്ടിവന്നത് വളരെ വേദനയോടെയാണ് ഡോ.കൃഷ്ണന്‍നായര്‍ വിവരിക്കുന്നത്. ശ്രീവിദ്യ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വലിയ പരാതികളാണ് ഉയരുന്നത്. ഗണേശ്കുമാര്‍ ശ്രീവിദ്യയുടെ സ്വത്തുക്കള്‍ തന്റെ കുടുംബസ്വത്താക്കി അനുഭവിക്കുകയാണെന്നാണ് പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: