കൊല്ലം: ഹിന്ദുസമൂഹത്തിന്റെ സദാചാരബോധം നിലനിര്‍ത്തേണ്ടത് ക്ഷേത്രങ്ങളാണെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. പുതിയകാവ് ഭഗവതിക്ഷേത്രത്തില്‍ ചണ്ഡികായാഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹൈന്ദവസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമം കൊണ്ട് അഴിമതിയും സ്ത്രീപീഡനവും നിര്‍ത്താനാകില്ല. ധര്‍മാനുഷ്ഠാനമാണ് ഏക പോംവഴി. ഈ ധര്‍മബോധം ഹിന്ദുത്വദര്ശനമാണ്. അത് പരത്തുകയാണ് ക്ഷേത്രങ്ങള്‍ ചെയ്യേണ്ടത്. അതിലൂടെ സദാചാരബോധം നിലനിര്‍ത്താന്‍ സാധിക്കും. ഹിന്ദുസമൂഹത്തെ പ്രബുദ്ധരാക്കുന്നവിധം സമ്മേളനങ്ങളും ധര്മപാഠശാലകളും ക്ഷേത്രങ്ങളുടെ ആഭിമുഖ്യത്തില്‍ ഉണ്ടാകണം. പ്രാഥമിക കാര്യങ്ങളില്‍ പോലും പരിജ്ഞാനമില്ലാതെ വളരുന്ന പുതുതലമുറയെ അഭിമാനമുള്ള ഹിന്ദുവാക്കിമാറ്റുന്നത് ഇത്തരം സമ്മേളനങ്ങളുടെ ധര്‍മമാണ്.
ചുറ്റുപാടും അനാചാരങ്ങള്‍, സ്ത്രീപീഡനങ്ങള്‍, കൊലപാതകം തുടങ്ങിയവ അരങ്ങേറുകയാണ്. ഇതില്‍ നിന്നെല്ലാം മുക്തിനേടാനുള്ള ഏകമാര്‍ഗം ആത്മീയതയാണ്. ഇന്ന് ഭോഗം ജീവിതത്തിന്റെ ശൈലിയായി മാറി. ടിവിയാണ് ഇപ്പോഴത്തെ ആരാധ്യദേവത. ഇതിലൂടെ ഗൃഹാന്തരീക്ഷം മലിനമായിരിക്കുന്നു. ഇതിനെല്ലാം പരിഹാരം ക്ഷേത്രങ്ങളിലൂടെ സാധ്യമാകും. അദ്ദേഹം പറഞ്ഞു. ക്ഷേത്രഭരണസമിതിയംഗം എം.എസ് ശ്യാംകുമാര്‍ സ്വാഗതം പറഞ്ഞു. എന്‍എസ്എസ് കൊല്ലം താലൂക്ക് യൂണിയന് പ്രസിഡന്റ്ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. വെങ്കിട്ടനാരായണഅയ്യര്, എം.എസ് മണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: