കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സിങ്ങ് ട്രയിനിങ്ങ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പലും മറ്റും മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയെപ്പറ്റി കേരള വനിതാക്കമ്മിഷന്‍ ഡിഎംഒയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ചു വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണു നടപടി. നഴ്സിങ്ങ് സ്ക്കൂളിലെ ൪൩ വിദ്യാര്‍ത്ഥിനികള്‍ ഇതേപ്പറ്റി ഡിഎംഒയ്ക്കു പരാതി നല്‍കിയിരുന്നു. പീഡനം രൂക്ഷമായതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയും രക്ഷാകര്‍തൃസമിതി ഓഫീസ് ഉപരോധിക്കുകയും ചെയ്തതോടെയാണു സംഭവം വാര്‍ത്തയായത്. പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ആഴ്ച നഴ്സിംഗ് സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പരാതിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച നഴ്സിംഗ് സ്കൂളില്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ വെച്ച് രക്ഷിതാക്കളുടെ പരാതിക്ക് മറുപടി നല്കാന് പ്രിന്‍സിപ്പല്‍ തയ്യാറായില്ല. ഇതോടെ പ്രശ്നം രക്ഷിതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. യോഗത്തിനിടെ ചില രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥിനികളുടെ പരാതിയെക്കുറിച്ച് പ്രതികരണം തേടിയെങ്കിലും പ്രിന്‍സിപ്പല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതോടെ പ്രിന്‍സിപ്പലും രക്ഷിതാക്കളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് അവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം ആകുന്നതുവരെ സ്കൂള്‍ അടച്ചിട്ടു. ഇന്നലെ കലക്ട്രേറ്റില്‍ എഡിഎം എച്ച്.ദിനേശണ്റ്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെതിരെ കിട്ടിയ പരാതിയില്‍ അന്വേഷണം നടത്തും. നാളെ മുതല്‍ ക്ളാസ് പുനരാരംഭിക്കാനും തീരുമാനിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഗോപിനാഥന് പ്രിന്‍സിപ്പല്‍ കോമളവല്ലി, പൈസ് പ്രിന്‍സിപ്പല്‍ പ്രസന്ന, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധിയായി ബി.പി.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തെക്കുറിച്ച് പിടിഎ ഭാരവാഹികളെ അറിയിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കി. പ്രിന്‍സിപ്പലിനെ മാറ്റാതെ ക്ളാസില്‍ കയറില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ തങ്ങളുടെ മതപരമായ ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായും ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനാവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായും അത്യാവശ്യഘട്ടങ്ങളില്‍ അവധി നിഷേധിക്കുന്നതായും കാണിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്സിംഗ് കോളേജില്‍ പോയി വിദ്യാര്‍ത്ഥിനികളില്‍ നിന്നും പ്രിന്‍സിപ്പലില്‍ നിന്നും മൊഴി എടുത്തിരുന്നു. ഉടന്‍ നടപടി ഉണ്ടാകുമെന്നും ഡിഎംഒ ഗോപിനാഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: